Advertisement

നിർദ്ദിഷ്‌ട ബ്രോഡ്‌കാസ്റ്റ് ബില്ലിൽ കേന്ദ്രത്തിന്റെ സുപ്രധാന നീക്കം; കരട് പിൻവലിച്ചു, മടക്കി നൽകാൻ തത്പര കക്ഷികളോട് നിർദ്ദേശിച്ചു

August 13, 2024
Google News 3 minutes Read
ashwini vaishnav about vande bharat

ബ്രോഡ്‌കാസ്റ്റ് ബില്ലിൻ്റെ കരട് പിൻവലിച്ച് കേന്ദ്ര സര്‍ക്കാർ. കരട് കൈവശമുള്ള എല്ലാ തത്പര കക്ഷികളോടും ഇത് കേന്ദ്ര സ‍ർക്കാരിന് തിരിച്ചയക്കാൻ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം ആവശ്യപ്പെട്ടു. കരടിന് മേലുള്ള അഭിപ്രായം നൽകേണ്ടതില്ലെന്നും കേന്ദ്ര മന്ത്രാലയം ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രോഡ്‌കാസ്റ്റർമാർ, അസോസിയേഷനുകൾ, സ്ട്രീമിങ് സർവീസ് കമ്പനികൾ, പ്രധാന ടെക് കമ്പനികൾ എന്നിവ‍ർക്കാണ് നേരത്തെ ബില്ലിൻ്റെ കരട് അയച്ചത്.

അതേസമയം കരട് പുതുക്കി പ്രസിദ്ധീകരിക്കുമോയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഇപ്പോൾ പിൻവലിച്ച കരട് പൊതുജനത്തിന് ലഭ്യമാകുന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുമില്ല. 1995-ലെ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിന്‌ പകരമായാണ് ബ്രോഡ്കാസ്റ്റിങ്‌ സർവീസസ് (റെഗുലേഷൻ) ബില്ല് അവതരിപ്പിക്കാൻ കേന്ദ്രം നീക്കം നടത്തിയത്. യൂട്യൂബ്‌, ഫെയ്‌സ്‌ബുക്ക്, എക്‌സ്‌, ഇൻസ്‌റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും വാർത്ത, സമകാലിക സംഭവങ്ങൾ തുടങ്ങിയവ അവതരിപ്പിക്കുന്നവർ, ഓൺലൈൻ പോർട്ടലുകൾ, വൈബ്‌സൈറ്റുകൾ എന്നിവയെ ലക്ഷ്യമിട്ടാണ്‌ കേന്ദ്രത്തിൻ്റെ നീക്കം. കണ്ടന്റ്‌ നിർമാതാക്കളെ ‘ഡിജിറ്റൽ ന്യൂസ്‌ ബ്രോഡ്‌കാസ്‌റ്റേഴ്‌സ്‌ ’ എന്നാണ് കരട് ബില്ലില്‍ നിർവചിക്കുന്നത്‌.

Read Also: സ്വകാര്യ ഭാഗങ്ങളിൽ മാരകമായ മുറിവ്; ക്രൂരമായി മർദിച്ചു; ബം​ഗാളിൽ യുവ ഡോക്ടർ നേരിട്ടത് കൊടും പീഡനം

നിർമിക്കുന്ന വീഡിയോകളും വാർത്തകളും കേന്ദ്രം നിയമിക്കുന്ന സമിതിയുടെ അനുമതിയില്ലാതെ പ്രക്ഷേപണം ചെയ്യാനാകില്ല. ഇതിനായി ത്രിതല സംവിധാനം രൂപീകരിക്കും. പിന്തുടരുന്നവരുടെ എണ്ണം നിശ്ചിത പരിധിയിൽ കവിഞ്ഞാൽ കണ്ടന്റ്‌ നിർമാതാക്കൾ ഒരു മാസത്തിനുള്ളിൽ രജിസ്‌റ്റർ ചെയ്യണം. പ്രോഗ്രാം കോഡും പരസ്യ കോഡും പാലിക്കണം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര മാധ്യമങ്ങൾ സർക്കാരിനെതിരെ ശക്തമായി പ്രതികരിച്ചതിനെത്തുടർന്നാണ്‌ നീക്കമെന്നാണ് റിപോർട്ട്.

നിർദ്ദിഷ്ട ബ്രോഡ്കാസ്റ്റ് ബില്ലിലൂടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ കണ്ടൻ്റ് ക്രിയേറ്റർമാർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു നീക്കം. ഇവയെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിൽ കൊണ്ടുവരാനും രജിസ്ട്രേഷൻ ഏർപ്പെടുത്താനും നിരന്തര നിരീക്ഷണത്തിന് വിധേയമാക്കാനുമാണ് ശ്രമമെന്നും ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി ക്രമം അനുസരിച്ച് ശിക്ഷാ നടപടികളും സ്വീകരിക്കുമെന്നും കരടുമായി ബന്ധപ്പെട്ട് വാർത്തകളുണ്ടായിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ബില്ല് നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന ആശങ്കയും ഇതിന് പിന്നാലെ സജീവമായിരുന്നു. ഇതിൽ നിന്നാണ് സർക്കാർ ഇപ്പോൾ പിന്മാറിയത്.

Story Highlights : The ministry of information and broadcasting on Monday has withdrawn the latest draft of the Broadcasting Services (Regulation) Bill, 2024.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here