ഭയപ്പെടേണ്ടതില്ലെന്ന് യൂനുസ് സർക്കാർ; എന്നിട്ടും ബംഗ്ലാദേശിലെ ഹിന്ദുക്കൾ മരണഭയത്തിൽ
വിദ്യാർത്ഥി പ്രക്ഷോഭം ഭരണ അട്ടിമറിയിലേക്ക് വരെ കാര്യങ്ങളെത്തിച്ച ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങളുടെ ജീവിതം ഭയാശങ്കയിലെന്ന് റിപ്പോർട്ട്. ഇന്ത്യയിലേക്ക് താമസം മാറ്റാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് ഇന്ത്യ – ബംഗ്ലാദേശ് അതിർത്തി ജില്ലകളിൽ കഴിയുന്നത്. നിരവധി ബംഗ്ലാദേശ് പൗരന്മാരെ ഉദ്ധരിച്ച് സ്കോൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ഭയപ്പെടേണ്ടതില്ലെന്ന് രാജ്യത്ത് അധികാരത്തിലേറിയ യൂനുസ് സർക്കാരും സംരക്ഷണമൊരുക്കുമെന്ന് പ്രതിപക്ഷ പാർട്ടികളും ജമാഅത്തെ ഇസ്ലാമിയും ഉറപ്പുനൽകുമ്പോഴും ഇന്ത്യ അഭയം നൽകുമോയെന്ന ചോദ്യമാണ് ബംഗാളി ഹിന്ദുക്കൾ ചോദിക്കുന്നത്.
ഓഗസ്റ്റ് അഞ്ചിനാണ് രാജ്യത്ത് ഹസീന സർക്കാരിനെ പ്രക്ഷോഭകാരികൾ അട്ടിമറിച്ചത്. പ്രധാനമന്ത്രി ഹസീനയും സഹോദരിയും രാജ്യം വിട്ടോടിതിന് പിന്നാലെ രാജ്യമാകെ പ്രക്ഷോഭം ആരംഭിച്ചു. പ്രതിപക്ഷ പാർട്ടി പ്രവർത്തകരും ജമാഅത്തെ ഇസ്ലാമിയുമാണ് ബംഗ്ലാദേശിലെ ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ അക്രമം അഴിച്ചുവിട്ടത്. കുരിഗ്രാം ജില്ലയിൽ താമസിക്കുന്ന സഹോദരിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായതായി സർക്കാർ ഉദ്യോഗസ്ഥനായ ഹിന്ദു മത വിശ്വാസിയെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ബംഗ്ലാദേശിൽ ജീവിക്കാൻ പേടിയുണ്ടെന്നും ഇന്ത്യയിലേക്ക് താമസം മാറണോയെന്നാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് പ്രവർത്തകരെയും ഹിന്ദുക്കളെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് ബംഗ്ലാദേശ് ദിനപ്പത്രമായ പ്രോതം അലോ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യ അതിർത്തി തുറന്ന് ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥികളെ സ്വീകരിക്കണമെന്ന ആവശ്യവും മതന്യൂനപക്ഷങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
ഛതോഗ്രം ജില്ലയിലും സമാനമായ നിലയിൽ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗോവിന്ദ്പൂർ ജില്ലയിലാണ് തപോസ് കന്തി ദത്തയെന്ന ബംഗാളി ഹിന്ദു കുടുംബത്തിൻ്റെ കുടുംബ വീട് 500 ഓളം ആളുകൾ സംഘടിച്ചെത്തി ആക്രമിച്ചത്. ജമാഅത്തെ ഇസ്ലാമി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും വീടിലെ സകല സാധനങ്ങളും തച്ചുതകർത്തുവെന്നും അദ്ദേഹം പറയുന്നു. ആ വീട്ടിലേക്ക് തിരികെ പോകാനും തപോസ് കാന്തി ദത്തയും കുടുംബവും തയ്യാറല്ല.
അക്രമ സംഭവങ്ങൾക്ക് പിന്നാലെ ബംഗ്ലാദേശിലെ ഹിന്ദു ബു്ധ ക്രിസ്ത്യൻ ഒയ്കോ പരിഷത്ത് പുറപ്പെടുവിച്ച പ്രസ്താവനയിൽ നൂറോളം അക്രമ സംഭവങ്ങളും കൊള്ളയും ആയുധം ഉപയോഗിച്ച് ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിച്ചതും സംബന്ധിച്ച് പരാമർശിച്ചിരുന്നു. ഹിന്ദുക്കളുടെ വീടുകൾ,കടകൾ എന്നിവയ്ക്ക് നേരെയും ആക്രമണം നടന്നുവെന്നാണ് പരിഷത്ത് ഭാരവാഹി ദിപാങ്കർ ഘോഷ് പറഞ്ഞത്. എന്നാൽ ഇത് സംബന്ധിച്ച് നേരിട്ട് തങ്ങൾക്ക് സ്ഥിരീകരിക്കാൻ സാധിച്ചില്ലെന്നും സ്ക്രോൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ പരിഷത്തിൻ്റെ പ്രസ്താവന സംബന്ധിച്ച് പരിശോധിക്കുന്നുവെന്നും തങ്ങൾക്ക് വലിയ അതിക്രമങ്ങളും കൊലപാതകങ്ങളും നടന്നതായി വിവരമില്ലെന്നും അന്താരാഷ്ട്ര ദിനപ്പത്രത്തിൻ്റെ ധാക്ക ബ്യൂറോ ചീഫ് പറഞ്ഞതായും ഇതേ റിപ്പോർട്ടിൽ പറയുന്നു.
ദിനാജ്‌പൂർ, ജെസ്സോർ, ഛതോഗ്രാം ജില്ലകളിലാണ് കൂടുതൽ അക്രമം നടന്നതെന്നാണ് പരിഷത്ത് പ്രസ്താവിച്ചത്. 11 ക്ഷേത്രങ്ങൾ തകർക്കപ്പെട്ടുവെന്നും അഞ്ചെണ്ണം തകർത്തത് ദിനാജ്‌പൂറിലാണെന്നും പ്രസ്താവനയിൽ വിമർശിച്ചു. 1971 ൽ ബംഗ്ലാദേശിൻ്റെ സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത ബിരേൻ അധികാരിയും ഹിന്ദുക്കൾക്കെതിരെ രാജ്യത്ത് ആക്രമണം നടന്നതായി പറയുന്നുണ്ട്. അവാമി ലീഗിനെയാണ് രാജ്യത്ത് ഹിന്ദുക്കൾ ബഹുഭൂരിപക്ഷവും പിന്തുണക്കുന്നതെന്നും അതിനാലാണ് ആക്രമണം നടന്നതെന്നും അദ്ദേഹം പറയുന്നു.
അവാമി ലീഗിൽ സജീവമായി പ്രവർത്തിച്ച ഹിന്ദുക്കൾക്കെതിരെ ആക്രമണം നടന്നുവെന്നും എല്ലാ ഹിന്ദുക്കൾക്കും നേരെയും ആഖ്രമണം ഉണ്ടായിട്ടില്ലെന്നും ബംഗ്ലാദേശ് ജീതിയ ഹിന്ദു മഹാജോതെ ജനറൽ സെക്രട്ടറി ചന്ദ്ര പ്രമാണിക് വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടിായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ജമാഅത്ത്-ഇ-ഇസ്ലാമിയും ഹിന്ദു സംഘടനാ നേതാക്കൾക്ക് സുരക്ഷിതത്വം വാക്കുതന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഎൻപി-ജമാഅത്ത് പ്രവർത്തകർ ക്ഷേത്രങ്ങൾക്ക് കാവൽ നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളെ ആക്രമിച്ച് സർക്കാരിനെതിരായ പ്രക്ഷോഭത്തിലെ വിജയത്തിൻ്റെ നിറംകെടുത്താൻ പ്രതിപക്ഷ സംഘടനകൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഹസീന സർക്കാരിൻ്റെ പതനത്തിന് മുൻപ് തന്നെ രാജ്യത്തെ ഹിന്ദു വിഭാഗം രാഷ്ട്രീയമായി ഭിന്നിച്ചിരുന്നുവെന്നാണ് പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത മറ്റൊരാളെ ഉദ്ധരിച്ച് സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നത്. ഹിന്ദു യുവാക്കൾ ഹസീന രാജിവെക്കണമെന്ന നിലപാടുകാരായിരുന്നുവെന്നും എന്നാൽ മുതിർന്നവർക്ക് സുരക്ഷയും സമാധാനവുമായിരുന്നു പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എങ്കിലും രാജ്യത്ത് ഹിന്ദുക്കൾ പൊതുവിൽ ഭീതിയിലാണ്. എല്ലാവരും പരസ്പരം ഫോണിൽ വിളിച്ച് ബന്ധുക്കളോടും സുഹൃത്തുക്കളോടും സാമൂഹ്യ സ്ഥിതിയെ കുറിച്ച് ചോദിക്കുന്നുണ്ട്. പലരും വീടുകളിൽ തന്നെ അടച്ചുപൂട്ടി കഴിയുകയാണ്. അത്യാവശ്യത്തിന് മാത്രമേ ഇവർ പുറത്തിറങ്ങുന്നുള്ളൂ. നഗരങ്ങളിൽ സ്ഥിതി ഭേദമാണെന്നും ഗ്രാമങ്ങളിൽ ഹിന്ദു കുടുംബങ്ങൾ വലിയ ഭീതിയിലാണ് കഴിയുന്നതെന്നും ഈ വ്യക്തിയെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
Story Highlights : Hindus in Bangladesh on edge after Hasina fall
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here