Advertisement

ചലച്ചിത്ര പ്രേമികൾക്ക് ഇരട്ടി സന്തോഷം; ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും

August 15, 2024
Google News 2 minutes Read

ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. ദേശീയ പുരസ്കാരം വൈകീട്ട് മൂന്നുമണിക്ക് ഡൽഹിയിലും സംസ്ഥാന പുരസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്തും പ്രഖ്യാപിക്കും. ഇരു അവാർഡിലും മികച്ച നടനുള്ള അന്തിമ പട്ടികയിൽ മമ്മൂട്ടി ഇടംപിടിച്ചതായാണ് റിപ്പോർട്ടുകൾ.

സിനിമാസ്വാദകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും ഒരേ ദിവസം പ്രഖ്യാപിക്കുന്നുവെന്നതാണ് ചലച്ചിത്ര പ്രേമികൾക്ക് സന്തോഷം ഇരട്ടിയാക്കുന്നത്. മികച്ച സംവിധായകൻ, നടൻ, നടി തുടങ്ങിയ പുരസ്കാരങ്ങൾക്ക് അവസാന ഘട്ടത്തിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്. സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് സംസ്ഥാന പുരസ്കാര നിർണയം നടത്തുന്നത്. ആദ്യ ഘട്ടത്തിലെത്തിയ 160 സിനിമകളിൽ നിന്ന് 70 ശതമാനം സിനിമകളും പുറത്തായി.

അവസാനഘട്ടത്തിലെത്തിയ 40 സിനിമകളിൽ നിന്ന് അര ഡസൻ ചിത്രങ്ങളിൽ നിന്നായിരിക്കും പ്രധാന പുരസ്കാരങ്ങൾ. മികച്ച സിനിമയ്ക്കായി ഉള്ളൊഴുക്ക്, ആടുജീവിതം, കാതൽ ദ കോർ, 2018 എവെരി വൺ ഈസ്‌ എ ഹീറോ, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങളുടെ കടുത്ത മത്സരം. ഈ ചിത്രങ്ങളുടെ സംവിധായകരായ ക്രിസ്റ്റോ ടോമി,. ബ്ലെസ്സി, ജിയോ ബേബി, ജൂഡ് ആന്റണി ജോസഫ്, റോബി വർഗീസ് രാജ് എന്നിവർ മികച്ച സംവിധായകരുടെ അന്തിമ പട്ടികയിലുണ്ട്. 84 നവാഗത സംവിധായകരുടെ ചിത്രങ്ങളാണ് ഈ വർഷം മത്സരിക്കാനായി എത്തിയത്. ഒടിടിയിലോ തീയറ്ററിലോ റിലീസ് ആകാത്ത ചിത്രങ്ങളും ജൂറിക്കു മുന്നിലെത്തി. മികച്ച നടന്റെ അന്തിമപട്ടികയിൽ മമ്മൂട്ടിയും പൃഥ്വിരാജും ഇടംപിടിച്ചതായാണ് സൂചന. ഉള്ളൊഴുക്കിലെ ലീലാമ്മയെയും അഞ്ജുവിനെയും അവതരിപ്പിച്ച ഉർവശിയും പാർവതി തിരുവോത്തും അവസാന ഘട്ടത്തിലും ജൂറിയെ കുഴക്കുന്നു. 2022 ലെ പുരസ്കാരങ്ങളാണ് ദേശീയ അവാർഡിൽ പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ വർഷത്തെ ചിത്രങ്ങളാണ് സംസ്ഥാന അവാർഡിന് എത്തിയത്. ദേശീയ പുരസ്കാരത്തിന് മലയാളത്തിന് പ്രതീക്ഷകൾ വാനോളമാണ്. മികച്ച നടനാകാൻ ദേശീയതലത്തിലും മമ്മൂട്ടിയുടെ പേര് മുൻപന്തിയിലുണ്ട്. കഴിഞ്ഞവർഷം സംസ്ഥാന അവാർഡ് നേടിയ നൻപകൽ നേരത്ത് മയക്കത്തിലെയും റോഷാക്കിലെയും അഭിനയ മികവാണ് ദേശീയ പുരസ്കാരത്തിൽ മമ്മൂട്ടിയുടെ പേര് ഉയർന്നു കേൾക്കാൻ കാരണം. കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടിയും പട്ടികയിലുണ്ട്. കാന്താരയിലെ പ്രകടത്തിനാണ് ഋഷഭ് മത്സരിക്കുന്നത്. മികച്ച നടനെ കൂടാതെ മികച്ച ചിത്രവും നടിയുമുൾ പ്പെടെയുള്ള വിഭാഗത്തിൽ ദേശീയ പുരസ്കാരം ലഭിക്കുമെന്നാണ് മലയാള സിനിമാ ലോകത്തിന്റെ പ്രതീക്ഷ.

Story Highlights : National and state film awards will be announced tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here