റഷ്യന്‍ സൈനിക സംഘത്തിനുനേരെയുള്ള യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു
റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി സ്ഥിരീരിച്ച് ഇന്ത്യന്‍ എംബസി. തൃശൂര്‍ , തൃക്കൂര്‍ സ്വദേശി സന്ദീപ് മരിച്ചതായും മൃതദേഹം തിരിച്ചറിഞ്ഞതായുമാണ് എംബസി ബന്ധുക്കളെ അറിയിച്ചത്. സന്ദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായും ഇന്ത്യന്‍ എംബസി ബന്ധുക്കളെ അറിയിച്ചു. (Thrissur man died in Russia- Ukraine war)
സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യന്‍ പട്ടാള പട്രോളിങ് സംഘം കൊല്ലപ്പെട്ടതായും ആശുപത്രിയില്‍ മൃതദേഹങ്ങള്‍ റഷ്യന്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ തിരിച്ചറിഞ്ഞതായും തൃക്കൂരിലെ വീട്ടില്‍ നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു. ചാലക്കുടിയിലെ ഏജന്‍സി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു എഴുപേരും റഷ്യയിലേക്ക് പോയത്.
മോസ്‌കോയില്‍ റസ്റ്റോറന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റിനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് അറിയിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ പാസ്പോര്‍ട്ടും ഫോണും കളഞ്ഞുപോയെന്ന് സന്ദീപ് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ സന്ദീപ് റഷ്യന്‍ പൗരത്വം സ്വീകരിച്ചതായും സൈന്യത്തില്‍ ചേര്‍ന്നതായും വിവരമുണ്ട്. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തില്‍ ചേരുന്ന സമ്പ്രദായം റഷ്യയിലുണ്ട്.
Story Highlights : Thrissur man died in Russia- Ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here