‘അനിവാര്യമായ വിശദീകരണം’; സ്ഥാപക അംഗത്തിനെതിരായ സൈബര്‍ അതിക്രമത്തെ അപലപിക്കുന്ന WCCയുടെ പോസ്റ്റ് പങ്കുവച്ച് മഞ്ജു വാര്യര്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് നടചി മഞ്ജു വാര്യര്‍. റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശത്തിന്റെ പേരില്‍ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗത്തിനെതിരെ ഹീനമായ സൈബര്‍ ആക്രമണമുണ്ടായെന്നും അതിനെ അപലപിക്കുന്നതായും പറഞ്ഞുകൊണ്ട് ഡബ്ല്യുസിസി ഫേസ്ബുക്കിലിട്ട പോസ്റ്റാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. അനിവാര്യമായ വിശദീകരണം എന്ന ക്യാപ്ഷനോടെയാണ് മഞ്ജു പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. (Manju Warrier shares wcc fb post on hema committee report)
2018ലാണ് മഞ്ജു വാര്യര്‍ ഡബ്ല്യുസിസിയുടെ നിലപാടുകളില്‍ വിയോജിപ്പറിയിച്ച് രാജിവച്ച് പുറത്തുപോയത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് അറിയില്ലെന്ന് ഒരു ഡബ്ല്യുസിസി സ്ഥാപക അംഗം പറഞ്ഞെന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മഞ്ജുവിനടക്കം സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുതിര്‍ന്ന നടികളെ കല്ലെറിയാന്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഉപയോഗിക്കരുതെന്നും അത് ഹീനമാണെന്നും ചൂണ്ടിക്കാട്ടി ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിട്ടത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഞങ്ങളോടൊപ്പം ഈ ആഹ്ലാദത്തില്‍ കൂടെ നിന്ന നിങ്ങളെ അറിയിക്കണമെന്ന് കരുതുന്നു.
250 ഓളം പേജുകള്‍ ഉള്ള ഈ പഠനം സിനിമാ രംഗത്ത് ഗൗരവമായി ഇടപെടുന്ന എല്ലാവരും തുറന്ന മനസ്സോടെ വായിക്കുകയും തങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുകയും, ഈ തൊഴിലിടത്തെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കുവാന്‍ മുന്‍കൈ എടുക്കുമെന്നുമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്.
എന്നാല്‍ മാധ്യമങ്ങളുടെ ഹൈലറ്റുകളില്‍ ‘WCC മുന്‍ സ്ഥാപക അംഗത്തിന്റെത് ‘ എന്ന് പറയുന്ന മൊഴികള്‍ക്ക് പുറകെ പോയി സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിര്‍ന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തില്‍ ഒട്ടേറെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ കാണുകയുണ്ടായി. അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ ‘ഇപ്പോഴത്തേയും’ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബര്‍ അറ്റാക്കുകള്‍ക്കെതിരെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാന്‍ അവകാശമുണ്ടെന്ന് ണഇഇ കരുതുന്നു. മറിച്ചു പറയുന്നത് പുരുഷാധിപത്യത്തിന്റെ പൊതു രീതിയാണ്.
ഒരു സിവില്‍ സമൂഹം, സ്ത്രീകള്‍ അവരുടെ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെക്കുറിച്ച് തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍, അതേ സമൂഹത്തിലെ അപരിഷ്കൃത ഘടകങ്ങള്‍, പ്രസ്തുത വിവരങ്ങള്‍ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടു കൊണ്ടിരിക്കാന് ആവില്ല. ഈ വ്യവസായത്തില്‍ സ്ത്രീകളോട് പൊതുവേ നിലനില്‍ക്കുന്ന പിന്തിരിപ്പന് മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്.
കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകള്‍ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു.നിരവധി പ്രതിബന്ധങ്ങള്‍ക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകള്‍ തിളങ്ങി നില്ക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ മനസ്സിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആര്‍ജ്ജവമാണ് വേണ്ടത്.
Story Highlights : Manju Warrier shares wcc fb post on hema committee report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here