Advertisement

മാടമ്പിത്തരത്തിനും പുരുഷാധിപത്യത്തിനും ഏറ്റ കനത്ത പ്രഹരം; സിദ്ദിഖിന്റെയും രഞ്ജിത്തിന്റെയും രാജിയില്‍ പ്രതികരിച്ച് സംവിധായകന്‍ ആഷിഖ് അബു

August 25, 2024
Google News 2 minutes Read
aashiq abu about siddique and ranjith resignation

മാടമ്പിത്തരത്തിനും പുരുഷാധിപത്യത്തിനും ഏറ്റ വന്‍ പ്രഹരമാണ് സിദ്ദിഖിന്റെയും രഞ്ജിത്തിന്റെയും രാജിയെന്ന് സംവിധായകന്‍ ആഷിഖ് അബു. അനിവാര്യമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരെ സ്ത്രീകള്‍ ഗൗരവതരമായ പരാതികള്‍ ഉന്നയിക്കുന്ന കാലമാണ്. അവരുടെ അനുഭവങ്ങള്‍ തുറന്നു പറയുകയും അക്രമങ്ങളെ പറ്റി സംസാരിക്കുകയും ചെയ്യുന്ന ഈ കാലത്ത് അനിവാര്യമായ കാര്യമാണ് രാജി – അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

സിദ്ദിഖിനെതിരെ പോക്‌സോ കേസ് ചുമത്തണമെന്നുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തെകുറിച്ചും അദ്ദേഹം പ്രതികരിച്ചു. കാലഘട്ടം ആവശ്യപ്പെടുന്ന സങ്കീര്‍ണതകള്‍ ഈ വിഷയത്തില്‍ ഉണ്ടാകുമെന്ന് ആഷിഖ് അബു പറഞ്ഞു. മാടമ്പിത്തരത്തിനും അക്രമങ്ങള്‍ക്കും ഇന്നത്തെ കാലഘട്ടത്തില്‍ സ്ഥാനമില്ലെന്നും, കാലഘട്ടവും സമൂഹവും കൊടുക്കുന്ന ശിക്ഷയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കൂടുതല്‍ ശക്തമായി മുന്നോട്ട് പോകുമെന്നും പുതിയ നവീകരണ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.

Read Also: ‘പരാതി നല്‍കിയാല്‍ ഉപജീവനം പ്രതിസന്ധിയിലാകുമോ എന്ന പേടി പലര്‍ക്കുമുണ്ട്’; അമ്മ എക്‌സിക്യൂട്ടീവ് അംഗം അന്‍സിബ

സംഘടന എന്ന നിലയ്ക്ക് എഎംഎംഎയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാടമ്പി സ്വഭാവം മാറുകയും നവീകരണത്തിലൂടെ ജനാധിപത്യപരമായിട്ടുള്ള സംവിധാനം സംഘടനയില്‍ വരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. നേതൃത്വത്തിലുള്ള ആളുകളുടെ അജ്ഞതയും സ്ഥാപിത താല്‍പ്പര്യങ്ങളുമാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണം. അധികാരം കുമിഞ്ഞു കൂടുകയും അത് ചിലയാളുകളില്‍ മാത്രം കേന്ദ്രീകരിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നമാണിതെന്നും ആഷിഖ് അബു പറഞ്ഞു.

അതേസമയം, സംഘടനയില്‍ എല്ലാവരും വിവരമില്ലാത്ത ആളുകളല്ലെന്നും വിവരമുള്ള ആളുകളുമുണ്ടെന്നും നടന്‍ ജഗദീഷിന്റെ ഉദാഹരണം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ അവബോധമുള്ള ആളുകള്‍ക്ക് നേതൃത്വത്തിലേക്ക് വരാന്‍ സാധിക്കാത്തത് സംഘടനയുടെ ഫ്യൂഡല്‍ ഘടന കൊണ്ടാണ്. ജനാധിപത്യം വന്നുകഴിഞ്ഞാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. സിനിമാ സംബന്ധിയായ എല്ലാ സംഘടനകളിലും ഈ പ്രശ്‌നങ്ങള്‍ ഉണ്ട്. സ്വതന്ത്രമായി അഭിപ്രായം പറയാന്‍ പറ്റാത്ത ഒരുപാട് ആളുകള്‍ ഇതിലൊക്കെയുണ്ട്. ജനാധിപത്യം ഇതിനൊക്കെ പരിഹാരമാകും – ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.

ഡബ്ല്യുസിസിയുടെ പ്രസക്തിയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഒരു വലിയ കുറ്റകൃത്യത്തില്‍ നിന്ന് അരക്ഷിതരായി, പേടിച്ച് വിറച്ച സ്ത്രീകള്‍ കേരള സമൂഹത്തോട് കാര്യങ്ങള്‍ പറയാന്‍ രൂപീകരിച്ച സംഘടനയാണ് ഡബ്ലുസിസി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അവര്‍ തങ്ങളുടെ ഉദ്യമത്തില്‍ വിജയിച്ചു. അതിനുവേണ്ടി പ്രവര്‍ത്തിച്ച, അസഭ്യം കേട്ട സ്ത്രീകളെ സല്യൂട്ട് ചെയ്യുന്നു. അവരുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഇതുമാത്രമാണെന്ന് വിശ്വസിക്കുന്നില്ല. ഒരുപാട് കാര്യങ്ങള്‍ ഇനിയും അവര്‍ക്ക് ഇവിടെ ചെയ്യാനുണ്ട് – ആഷിഖ് അബു പറഞ്ഞു.

സര്‍ക്കാരിന്റെ സമീപനങ്ങളില്‍ മാറ്റം സംഭവിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നും സാങ്കേതികത്വം മറികടക്കാനുള്ള വഴികളുണ്ട്, ആ വഴികള്‍ സര്‍ക്കാര്‍ തേടുമെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : aashiq abu about siddique and ranjith resignation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here