Advertisement

‘എടാ മോനെ, കൊല്ലം പൊളിയല്ലേ…’ ഏരിസ് കൊല്ലം സെ‌യ്ലേഴ്സിന്റെ തീം സോങ്ങും, ജേഴ്‌സിയും പുറത്തിറക്കി

August 26, 2024
Google News 2 minutes Read

കേരള ക്രിക്കറ്റ് ലീഗിൻ്റെ ആദ്യ എഡിഷൻ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഏരിസ് കൊല്ലം സെ‌യ്ലേഴ്സ് ടീമിന്റെ ജേഴ്‌സിയും തീം സോങ്ങും പുറത്തിറക്കി. തീം സോങ് പാടിയിരിക്കുന്നത് ശ്രീശാന്ത് എന്നതും ശ്രദ്ധേയമാണ്. ഹോളിവുഡ് സംവിധായകനും നിർമ്മാതാവും ഏരീസ് ഗ്രൂപ്പ് ചെയർമാനുമായ സോഹൻ റോയ് ആണ് ടീമുടമ. കൊല്ലം ജില്ലയുടെ തനിമയും പാരമ്പര്യവും വരച്ചുകാട്ടുന്ന രീതിയിലാണ് തീം സോങ്. ‘എടാ മോനെ, കൊല്ലം പൊളിയല്ലേ…’ എന്ന ടീമിൻ്റെ ടാഗ് ലൈൻ ഉൾപ്പെടുത്തിയ വരികൾ കൂടുതൽ ശ്രദ്ധേയമായി.

കേരളത്തിലെ യുവാക്കൾക്കിടയിൽ ക്രിക്കറ്റിൻ്റെ പ്രാധാന്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അവരുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ ടീമിന് സാധിക്കുമെന്ന് ടീം സി.ഇ.ഒ പ്രഭിരാജ് പറഞ്ഞു. ഇതിലൂടെ ഐ.പി.എൽ എന്ന സ്വപ്‌നത്തിലേക്കും എത്തിച്ചേരാനാകും. കുട്ടിക്കാലം മുതൽ ക്രിക്കറ്റിനോടുള്ള അതിയായ ഇഷ്ടമാണ് കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം ടീമിനെ സ്വന്തമാക്കാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ കെ.സി.എല്ലിൽ നിന്നു ലഭിക്കുന്ന മുഴുവൻ ലാഭവും അനാഥരായ അവിടുത്തെ കുട്ടികളുടെ പഠനം, കരിയർ ഡിസൈൻ, തുടങ്ങി ജോലി ലഭിക്കുന്നതുവരെയുള്ള മുഴുവൻ ചിലവുകളും, മാതാപിതാക്കളിൽ ഒരാൾ നഷ്ടമായ പത്തു കുട്ടികളുടെ പഠന ചിലവും ഏറ്റെടുക്കുന്നതിലേക്ക് വകയിരുത്തുമെന്ന് സോഹൻ റോയ് പറഞ്ഞു. കെസിഎല്ലിൻ്റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. കേരള ത്തിൽ വളർന്നു വരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് മികച്ച അവസരമാണ് കൊല്ലം ടീമിലൂടെ സാക്ഷാത്കരിക്കുന്നതെന്നും, എല്ലാവിധ സഹായങ്ങളും ഏരീസ് ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ എല്ലാ സ്കൂളുകളിലും കോളജുകളിലും ഇതിനോടകം ക്രിക്കറ്റ് ക്ലബ്ബുകളും കൊല്ലം സെയിലേഴ്‌സിൻ്റെ ഫാൻസ് ക്ലബ്ബുകളും ആരംഭിച്ചു കഴിഞ്ഞു. കൊല്ലം ജില്ലയിലെ ക്രിക്കറ്റ് രംഗത്തിന് പുത്തനുണർവുണ്ടാക്കാൻ ഏരീസ് കൊല്ലം സെയിലേഴഴ്സിലൂടെ സാധിക്കുമെന്നും ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അസോസിയേഷൻ അറിയിച്ചു.

ഏരീസ് ഗ്രൂപ്പ് സിംബാബ്‌വയിൽ നടന്ന ‘സിം ആഫ്രോ ടി-ടെൻ’ ക്രിക്കറ്റ് ടൂർണമെന്റ്റിൽ പങ്കെടുത്ത പ്രമുഖ ടീമായ ‘ഹരാരെ ഹരി കെൻസിന്റെ’ ഉടമകളായിരുന്നു. അന്താരാഷ്ട്ര താരങ്ങളായ എസ് ശ്രീശാന്ത്, ഇർഫാൻ പഠാൻ, റോബിൻ ഉത്തപ്പ, ഇയാൻ മോർഗൻ, ജെ.പി ഡുമ്‌നി, മുഹമ്മദ് നബി തുടങ്ങിയവർ ഈ ടീമിൻ്റെ ഭാഗമാണ്. ടീം സി.ഇ.ഒയും കൊല്ലം പുനലൂർ സ്വദേശിയുമായ പ്രഭിരാജാണ് ഏരീസ് പട്ടോടി ക്രിക്കറ്റ് ടീമിന്റെ നേതൃത്വവും വഹിക്കുന്നത്. ഏരീസ് ഗ്രൂപ്പ് എംഡിയും, ടീം സിഇഒയുമായ ഡോ. എൻ. പ്രഭിരാജ്, ടീം ക്യാപ്റ്റൻ സച്ചിൻ ബേബി, മുഖ്യ പരിശീലകൻ വി എ ജഗദീഷ്, കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ആഷി ടോമിയാണ് ടീം ഫിസിയോ. ട്രെയിനർ കിരൺ, വീഡിയോ അനലിസ്റ്റ് ആരോൺ, ബൗളിംഗ് കോച്ച് മോനിഷ്, ബാറ്റിംഗ് കോച്ച് നിജിലേഷ്.

കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ടീം ബ്രാൻഡ് അംബാസിഡറായ മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്, ടീം സിഇഒ ഡോ. എൻ. പ്രഭിരാജ്, ക്യാപ്റ്റൻ ഐപിഎൽ താരം സച്ചിൻ ബേബി, ടീമിൻ്റെ മുഖ്യ ഉപദേഷ്ടാവ് മുൻ രൺജി താരം വി.എ. ജഗദീഷ്, ജില്ലാ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തീം സോങ്ങും, ജേഴ്‌സിയും പ്രകാശന ചടങ്ങ് നടത്തിയത്.

Story Highlights : Aries Kollam Sailors theme song and jersey released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here