അമ്മയിൽ കൂട്ടരാജി; മോഹൻലാൽ ഉൾപ്പെടെ കമ്മിറ്റിയിലെ എല്ലാവരും രാജിവെച്ചു

താരസംഘടനായ അമ്മയിൽ കൂട്ടരാജി. മോഹൻലാൽ ഉൾപ്പെടെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ 17 അംഗങ്ങളും രാജിവച്ചു. ഇനി അഡോഹ് കമ്മിറ്റി രണ്ട് മാസത്തിന് ശേഷം പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് വിവരം. ഹേമ കമ്മിറ്റി റിപ്പോട്ടിന് പിന്നാലെ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു.
ഓൺലൈനായി ചേർന്ന യോഗത്തിലാണ് സംഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റി രാജിവെക്കാൻ തീരുമാനിച്ചത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ധാർമിക ഉത്തരവാദിത്തം കണക്കിലെടുത്ത് രാജിവെക്കുന്നു എന്നാണ് വിശദീകരണം. 17 എക്സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചു. അഡ്ഹോക് കമ്മിറ്റി ഉടൻ നിലവിൽ വരും. നിലവിലുള്ള സമിതി താത്കാലിക സമിതിയായി തുടരും. പുതിയ സമിതി രണ്ടുമാസത്തിനുള്ളിൽ നിലവിൽ വരും.
‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും’. രാജിവെച്ചുകൊണ്ടുള്ള മോഹൻലാലിന്റെ വാർത്താകുറിപ്പിൽ പറയുന്നതിങ്ങനെ
Story Highlights : AMMA committee members including Mohanlal resigned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here