Advertisement

ബംഗ്ലാദേശിലെ ഭീകരവാദി നേതാവ് ജഷീമുദ്ദീൻ റഹ്മാനിയെ സ്വതന്ത്രനാക്കി, ഇന്ത്യ ആശങ്കയിൽ

August 27, 2024
Google News 2 minutes Read
Jashim Uddin Rahmani

ബംഗ്ലാദേശിലെ തീവ്രവാദി നേതാവ് ജഷിമുദ്ദീൻ റഹ്മാനിയെ ഇടക്കാല സർക്കാർ സ്വതന്ത്രനാക്കി. ഭീകര സംഘടനയായ അൽ ഖ്വയ്‌ദയുമായി ബന്ധമുള്ള അൻസറുള്ള ബംഗ്ലാ ടീം (എബിടി) എന്ന തീവ്രവാദി സംഘടനയുടെ നേതാവാണ് ഇയാൾ. ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശങ്കയുളവാക്കുന്ന തീരുമാനമാണ് ബംഗ്ലാദേശിലെ നോബേൽ പുരസ്കാര ജേതാവ് കൂടിയായ മുഹമ്മദ് യൂനുസ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

ഇതോടെ രാജ്യത്ത് ഉറങ്ങിക്കിടക്കുന്ന ഭീകരവാദ നിലപാടുള്ള സംഘടനകളും പ്രവർത്തകരും കൂടുതൽ സജീവമായി പ്രവർത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. അൻസറുള്ള ബംഗ്ലാ ടീം ഇന്ത്യൻ ഏജൻസികൾ ഏറെക്കാലമായി നിരീക്ഷിച്ച് വരുന്ന സംഘടനയാണ്. ഇതിൻ്റെ പ്രവർത്തകർ വക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് പലപ്പോഴായി അറസ്റ്റിലായിട്ടുണ്ട്. ഈ വർഷം മെയ് മാസത്തിൽ ഗുവാഹത്തി റെയിൽവെ സ്റ്റേഷനിൽ വച്ചാണ് സംഘടനയുടെ രണ്ട് പ്രവർത്തകരെ അസമിൽ പ്രവർത്തിക്കുന്ന ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്തത്.

അൻസറുള്ള ബംഗ്ലാ ടീം ഇന്ത്യയിൽ നിരോധിക്കപ്പെട്ട സംഘടനയാണ്. ബംഗ്ലാദേശിൽ ബ്ലോഗറായിരുന്ന റജീബ് ഹൈദറെ 2013 ഫെബ്രുവരി 15 ന് കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ജഷിമുദ്ദീൻ റഹ്മാനി. അഞ്ച് വർഷത്തേക്ക് തടവ് ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ഇയാൾ. ഗസിപുറിലെ കഷിംപുർ ഹൈ സെക്യൂരിറ്റി സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ജഷിമുദ്ദീൻ റഹ്മാനിക്ക് തിങ്കളാഴ്ചയാണ് ഇടക്കാല ഭരണകൂടം പരോൾ അനുവദിച്ചത്. കൊലക്കേസിൽ പ്രതിയായ ഇയാൾക്കെതിരെ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് വേറെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ താത്പര്യം കൂടി മുൻനിർത്തി 2015 ൽ ബംഗ്ലാദേശ് നിരോധിച്ച സംഘടനയാണ് അൻസറുള്ള ബംഗ്ലാ ടീം.എന്നാൽ ഇതിന് ശേഷം അൻസർ അൽ-ഇസ്ലാം എന്ന മറ്റൊരു പേര് സ്വീകരിച്ചതായി ഇവരുടെ പ്രവർത്തനം. 2017 ൽ ഈ സംഘടനയെയും ഷെയ്ഖ് ഹസീന സർക്കാർ നിരോധിച്ചിരുന്നു.

പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തോയ്‌ബയുമായി സഹകരിച്ചാണ് അൻസറുള്ള ബംഗ്ലാ ടീമിൻ്റെ പ്രവർത്തനം. ഇവർ ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിരവധി അക്രമ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.2022 ലെ രഹസ്യാന്വേഷണ റിപ്പോർട്ട് പ്രകാരം 100 ഓളം ഭീകരർ ത്രിപുര വഴി ഇന്ത്യയിൽ കടന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇരു രാജ്യങ്ങളിലെയും സർക്കാരുകൾ യോജിച്ച് പ്രവർത്തിച്ചാണ് ഇത് തടഞ്ഞത്. ഷെയ്ഖ് ഹസീന സർക്കാർ ഇന്ത്യയുടെ സുരക്ഷയ്ക്ക് വലിയ മുൻഗണനയാണ് നൽകിയിരുന്നത്. അവർ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ ഇന്ത്യയോട് താത്പര്യമില്ലാത്ത കക്ഷികളാണ് രാജ്യത്ത് ഭരണത്തിലേക്ക് എത്തുന്നത്. ഈ സാഹചര്യത്തിൽ ജഷിമുദ്ദീൻ റഹ്മാനിയുടെയടക്കം മോചനം ഇന്ത്യക്ക് തലവേദനയാണ്.

Story Highlights : Bangladesh frees terror group chief Jashim Uddin Rahmani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here