ദലിത് വനിതാ ഗ്രാമമുഖ്യയ്ക്ക് ഇരിക്കണമെങ്കിൽ കസേര വീട്ടിൽ നിന്ന് കൊണ്ടുവരണം; സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്താനും അനുവദിച്ചില്ല

മധ്യപ്രദേശിലെ സത്ന ജില്ലയിലെ അകൗന ഗ്രാമപഞ്ചായത്തിലെ ആദ്യ ദലിത് വനിതാ സർപാഞ്ച് (ഗ്രാമമുഖ്യ) ശ്രദ്ധ സിങ്. രാജ്യം 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച ഓഗസ്റ്റ് 15ന് ശ്രദ്ധ സിങ് നേരിട്ടത് കടുത്ത ജാതീയ വിവേചനമാണ്. സംസ്ഥാന സർക്കാരിൻ്റെ ഉത്തരവിൻ്റെ ഭാഗമായി ദേശീയ പതാക ഉയർത്തേണ്ടിയിരുന്നത് സർപാഞ്ച് ആയ ശ്രദ്ധ സിങ്ങായിരുന്നു. ഈ ഉത്തരവിനെക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറി വിജയ് പ്രതാപ് സിങ്ങിനെ ശ്രദ്ധ അറിയിച്ചിരുന്നു. എന്നാൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ ശ്രദ്ധ എത്തിച്ചേരുന്നതിന് മുമ്പ് ഡെപ്യൂട്ടി സർപാഞ്ച് ധർമേന്ദ്ര സിങ് ദേശീയ പതാകയുയർത്തി.
ഇത് ആകസ്മികമായി സംഭവിച്ചതല്ല മറിച്ച് ദലിത് വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീ ദേശീയ പതാക ഉയർത്താൻ പാടില്ല എന്ന് മുൻകൂട്ടി തീരുമാനിച്ച ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് തൻ്റെ അവകാശം നഷ്ടപ്പെടുത്തിയതെന്ന് ശ്രദ്ധ സിങ് ആരോപിക്കുന്നു. അപമാനിക്കുകമാത്രമായിരുന്നു ഈ പ്രവർത്തിയുടെ ലക്ഷ്യമെന്നും അവർ പറഞ്ഞു.
എന്നാൽ ജാതിതിരിച്ചുള്ള വിവേചനം ഇവിടെയും അവസാനിച്ചില്ല. ഓഗസ്റ്റ് 17 ന് നടന്ന ഗ്രാമസഭാ യോഗത്തിൽ ശ്രദ്ധ സിങിന് ഇരിക്കാൻ സീറ്റ് കൊടുത്തില്ല. ഇരിക്കണമെങ്കിൽ വീട്ടിൽ നിന്ന് കസേര കൊണ്ടുവരണമെന്ന് പഞ്ചായത്ത് ഉപാധ്യക്ഷനും പഞ്ചായത്ത് സെക്രട്ടറിയും നിലപാടെടുത്തുവെന്നാണ് ആരോപണം. അതല്ലെങ്കിൽ തറയിൽ ഇരിക്കാനോ നിൽക്കാനോ ശ്രദ്ധയോട് ഇവർ പറഞ്ഞതായും ആരോപണമുണ്ട്. 2022 ജൂലൈയിലാണ് പഞ്ചായത്ത് പ്രസിഡൻ്റ് പദവിയിൽ ശ്രദ്ധ സിങ് തെരഞ്ഞെടുക്കപ്പെട്ടത്. 1600 വോട്ടർമാരുള്ള ഗ്രാമത്തിൽ 50 ശതമാനത്തിലധികവും താക്കൂർ സമുദായംഗങ്ങളാണ്. അവശേഷിക്കുന്നവർ ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. തെരഞ്ഞെടുപ്പിൽ 58 വോട്ട് ഭൂരിപക്ഷത്തിലാണ് ശ്രദ്ധ ജയിച്ചത്. തൻ്റെ ജയത്തിൽ രോഷാകുലരായ സവർണ വിഭാഗക്കാർ പ്രദേശത്ത് സംഘർഷം ഉണ്ടാക്കിയെന്നും ശ്രദ്ധ ആരോപിക്കുന്നു.
ജാതി അവഗണനയിൽ താൻ കടുത്ത മനോവിഷമം അനുഭവിക്കുകയാണെന്ന് അവർ പറഞ്ഞു. എന്നാൽ തോറ്റു പിന്മാറാൻ താൻ ഒരുക്കമല്ല. അധിക്ഷേപങ്ങൾക്കും അനീതിക്കുമെതിരെ ഇനിയും താൻ ശബ്ദമുയർത്തുമെന്നും പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ പരിശ്രമിക്കുമെന്നും അവർ പറഞ്ഞു.
സംഭവത്തിൽ ജില്ലാ കളക്ടർക്കും മധ്യപ്രദേശിലെ സർപഞ്ച് അസോസിയേഷനും പഞ്ചായത്തീരാജ് കൗൺസിലിനും അവർ പരാതി നൽകിയിട്ടുണ്ട്. സെപ്തംബർ അഞ്ചിന് നടക്കുന്ന യോഗത്തിൽ വിഷയം ചർച്ചയ്ക്ക് വരുമെന്നും അവർ പറയുന്നു. ജാതി വിവേചനം കാട്ടിയ ഉദ്യോഗസ്ഥനെ പുറത്താക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെടുമെന്നാണ് ശ്രദ്ധ പറയുന്നത്.
സംസ്ഥാന സർക്കാരും പഞ്ചായത്തും ഗ്രാമ വികസന മന്ത്രിയും വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സംഭവത്തിൽ പ്രതികരിച്ച ആസാദ് ഓഫ് ഭീം ആർമി അഭിഭാഷകൻ വിജയകുമാർ ശ്രദ്ധയ്ക്ക് നീതി ലഭ്യമാക്കാൻ ഇടപെടുമെന്ന് വ്യക്തമാക്കി. എല്ലാ ജില്ലകളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും നിവേദനങ്ങൾ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ അപലപിച്ച് കോൺഗ്രസ് നേതൃത്വവും രംഗത്ത് വന്നു. ബിജെപി സർക്കാരിൻ്റെ ദളിത്-ആദിവാസി-സ്ത്രീ വിരുദ്ധ നിലാപാടാണ് ശ്രദ്ധ സിങിനെ ദേശീയ പതാക ഉയർത്തുന്നതിലും ഗ്രാമസഭ യോഗത്തിൽ ഇരിക്കാൻ കസേര ലഭിക്കാത്തതിനും കാരണമെന്ന് കോൺഗ്രസ് ഔദ്യോഗിക എക്സ് ഹാൻഡിലിൽ ട്വീറ്റ് ചെയ്തു.
Story Highlights : Dalit Sarpanch Denied a Chair in Gram Sabha, Told to Bring One from Home or Stand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here