Advertisement

കർഷക സമരത്തെക്കുറിച്ച് വിവാദ പരാമർശം; കങ്കണയെ തള്ളി ബിജെപി

August 27, 2024
Google News 3 minutes Read

സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ കർഷകരുടെ പ്രതിഷേധം രാജ്യത്തെ ബംഗ്ലാദേശിനെപ്പോലെ പ്രതിസന്ധിയിലേക്ക് നയിക്കുമായിരുന്നു എന്ന കങ്കണ റണാവത്തിൻ്റെ പരാമർശത്തെ തള്ളി ബിജെപി നേതൃത്വം. ഇത്തരം വിഷയങ്ങളിൽ സംസാരിക്കാൻ കങ്കണയെ അധികാരപ്പെടുത്തിയിട്ടില്ലെന്ന ബിജെപി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

കർഷകസമരവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ല. കങ്കണയുടെ പ്രസ്താവനയോട് ബി.ജെ.പിക്ക് വിയോജിപ്പാണുള്ളത്. ബിജെപിയുടെ നയപരമായ വിഷയങ്ങളിൽ പാർട്ടിയെ പ്രതിനിധീകരിച്ച് പ്രസ്താവനകൾ നടത്താൻ കങ്കണ റണാവത്തിന് അനുമതിയോ അധികാരമോ ഇല്ല. ഭാവിയിൽ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും കങ്കണയെ വിലക്കിയതായും ബി.ജെ.പിയുടെ വിശദീകരണകുറിപ്പിൽ പറയുന്നു.

കർഷക സമരത്തെക്കുറിച്ചുള്ള കങ്കണ റണാവത്തിൻ്റെ പ്രസ്താവനകൾ ബി.ജെ.പിയെയും സർക്കാരിനെയും നിരന്തരം പ്രതിരോധത്തിലാക്കുന്ന ഘട്ടത്തിലാണ് പാർട്ടി ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. വിദേശ ശക്തികൾ കർഷകസമരത്തെ പിന്തുണച്ചു, കർഷക സമരത്തിനിടെ ബലാത്സംഗങ്ങൾ നടക്കുകയും മൃതദേഹങ്ങൾ കെട്ടിത്തൂക്കിയത് കാണാമായിരുന്നു തുടങ്ങിയ രീതിയിലുള്ള പരാമർശങ്ങളാണ് മാണ്ഡിയിലെ ബിജെപി എം.പിയായ കങ്കണ നടത്തിയത്. ഇതിനെതിരെ പഞ്ചാബിൽ നിന്നുള്ള ബിജെപി നേതാവ് ഹർജിത് ഗ്രേവാൾ ഉൾപ്പടെയുള്ളവർ രംഗത്തുവന്നിരുന്നു. കർഷകരെക്കുറിച്ച് സംസാരിക്കാൻ കങ്കണയെ ചുമതലപ്പെടുത്തിയിട്ടില്ല. അവരുടെ അഭിപ്രായങ്ങൾ വ്യക്തിപരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി സർക്കാരും കർഷകരോട് അനുഭാവമുള്ളവരാണ്. പ്രതിപക്ഷം സർക്കാരിനെതിരാണ്. അതേ പോലെ കങ്കണയുടെ പ്രസ്താവനകളും പാർട്ടിക്ക് ദോഷകരമാണ്. അവർ ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് അവസാനിപ്പിക്കണം എന്ന് ഗ്രേവാൾ പറഞ്ഞു.

Story Highlights : The Bharatiya Janata Party expresses its disagreement with the statement made by Kangana Ranut on farmers’ protest.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here