‘നട്ടും ബോള്‍ട്ടും തുരുമ്പെടുത്തു’ ; കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജി പ്രതിമ തകരാന്‍ കാരണം
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ എട്ടു മാസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവജിയുടെ പ്രതിമ തകരാനുള്ള കാരണം വ്യക്തമാക്കി മന്ത്രി രവീന്ദ്ര ചവാന്‍. പ്രതിമ നിര്‍മിക്കാന്‍ ഉപയോഗിച്ച സ്റ്റീല്‍ തുരുമ്പെടുത്തിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിമ തുരുമ്പ് പിടിക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് നേവി ഉദ്യോഗസ്ഥര്‍ക്ക് കത്തെഴുതുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റിലാണ് പ്രതിമ തകര്‍ന്നതെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ പ്രതികരിച്ചു.
കഴിഞ്ഞ സെപ്തംബര്‍ 8നാണ് പ്രതിമയുടെ നിര്‍മാണം ആരംഭിച്ചത്. ഇന്ത്യന്‍ നേവിയ്ക്കായിരുന്നു നിര്‍മാണ ചുമതല. നാവിക സേനാ ദിനമായ ഡിസംബര്‍ നാലിന് രാജ്‌കോട്ട് ഫോട്ടിലായിരുന്നു പ്രതിമ അനാച്ഛാദനം ചെയ്തത്. ചടങ്ങിന്റെ അധ്യക്ഷത വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു.
അതേസമയം, പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ കേസെടുത്തു. കരാറുകാരന്‍ ജയ്ദീപ് ആപ്‌തെയ്ക്കും സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീലിനും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ നാവികസേനയും അന്വേഷണം തുടങ്ങി. പ്രതിമ തകര്‍ന്നത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. അഴിമതിയുടെ കാര്യത്തില്‍ മറാഠാ രാജാവ് ശിവാജിയെപ്പോലും ബിജെപി സര്‍ക്കാര്‍ വെറുതെ വിടുന്നില്ലെന്ന് പ്രതിപക്ഷം പരിഹസിച്ചു.
Nuts And Bolts Were Rusted: Why Chhatrapati Shivaji Statue Collapsed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here