Advertisement

‘സിദ്ദിഖ് നല്ല സുഹൃത്തും സഹപ്രവര്‍ത്തകനും, മോശമായി പെരുമാറിയിട്ടില്ല’; നടി ആശാ ശരത്

August 27, 2024
Google News 2 minutes Read
Actress Asha Sarath

ദൃശ്യം സിനിമയുടെ ചിത്രീകരണ സമയത്ത് സിദ്ദിഖ് തന്നോട് മോശമായി പെരുമാറി എന്ന ആരോപണം തള്ളി നടി ആശാ ശരത്. സിദ്ദിഖ് തന്റെ നല്ല സഹപ്രവർത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണെന്ന് താരം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സിനിമാരംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തന്റെ പേരും പരാമർശിക്കുന്നത് ശ്രദ്ധയിൽപെട്ടതിന് പിന്നാലെയാണ് ഈ കുറിപ്പ് എഴുതുന്നതെന്നും ആശാ ശരത് വ്യക്തമാക്കി.

അദ്ദേഹത്തിൽ നിന്നും മോശമായതോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവർത്തിയോ എനിക്ക് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല. ദയവു ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തരുത് എന്ന് അഭ്യര്ഥിക്കുന്നുവെന്നും കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരെ നമുക്ക് തുറന്നു കാട്ടാൻ കഴിയണമെന്നും പോസ്റ്റിൽ സൂചിപ്പിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

പ്രിയപ്പെട്ടവരെ

ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമർശിച്ചു കണ്ടത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത് .അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ശ്രീ സിദ്ദിഖ് , ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയിൽ എന്നോട് മോശമായി പെരുമാറി എന്നൊരു പ്രചാരണം ചിലർ എന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. കലാരംഗത്തു എന്റെ ഒരു നല്ല സഹപ്രവർത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് ശ്രീ സിദ്ദിഖ്. അദ്ദേഹത്തിൽ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവർത്തിയോ എനിക്ക് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല. ദയവു ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തരുത് എന്ന് അത് ചെയ്യുന്നവരോട് ഞാൻ അഭ്യർത്ഥിക്കുന്നു. മലയാള സിനിമ രംഗം ഒരു വലിയ കലാകുടുംബമായി മറ്റു ദേശക്കാർക്കു ഒരു മാതൃകയായി വളരണം എന്നാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും. അനഭിലക്ഷണീയമായ്‌ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിലോ വളർന്നു വരുന്നുണ്ടെങ്കിലോ അത് മുളയിലേ നുള്ളേണ്ടതുണ്ട് .അതോടൊപ്പം തന്നെ ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രെമിക്കുന്നവരെയും നമുക്ക് തുറന്നു കാട്ടാൻ കഴിയണം.

ഇത്തരത്തിൽ നിയമവിരുദ്ധമായി കുപ്രചാരണം നടത്തുന്ന സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും. കലയോട് ആഭിമുഖ്യവും കഴിവും ഉള്ള ഏതൊരാൾക്കും സമാധാനവും സന്തോഷവും ഉള്ള ഒരു അന്തരീക്ഷത്തിൽ തന്റെ ജോലി ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടാകണം. അതിനു സർക്കാരും ഈ നാട്ടിലെ കലാസ്നേഹികളും ഒത്തോരുമിച്ചു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു

സ്നേഹപൂർവ്വം ആശാ ശരത്.

അതേസമയം, ചലച്ചിത്രമേഖലയില്‍ ലൈംഗികാരോപണങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കൊപ്പം നിയമപരമായ പരാതിയുമായി കൂടുതല്‍ താരങ്ങള്‍. ഇന്നലെ സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളിനടി നല്‍കിയ പരാതിയില്‍ കൊച്ചി നോര്‍ത്ത് പോലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇന്ന് നടന്‍ മുകേഷിനെതിരെ ജൂനിയര്‍ നടി പരാതി നല്‍കിയിട്ടുണ്ട്. ഇമെയിലിലൂടെയാണ് പരാതി കൈമാറിയത്. ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ദുരനുഭവങ്ങളുടെ വിവരങ്ങള്‍ പരാതിയിലുണ്ട്.

ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയും ഇവര്‍ ഇമെയില്‍വഴി പരാതി നല്‍കി. പരാതി നല്‍കിയ സാഹചര്യത്തില്‍ മുകേഷ് പദവികള്‍ ഒഴിയണമെന്ന ആവശ്യം ശക്തമാണ്.

Story Highlights :‘Siddiq a good friend and colleague, never misbehaved’; Actress Asha Sarath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here