Advertisement

‘ഗാർഹിക പീഡനം മുതല്‍ ബലാത്സംഗ കുറ്റം വരെ മുകേഷിന്‍റെ പേരിലുണ്ട്, എം എല് എയുടെ രാജി ആവശ്യപ്പെട്ട് 100 സ്ത്രീപക്ഷ പ്രവർത്തകർ

August 28, 2024
Google News 1 minute Read

നടൻ മുകേഷ് എംഎല്‍എ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ പക്ഷ പ്രവര്‍ത്തകര്‍. സിനിമ നയരൂപീകരണ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നും സ്ത്രീ പക്ഷ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയത്.

സാറാ ജോസഫ്,കെ അജിത,ഏലിയാമ്മ വിജയൻ,കെ ആർ മീര,മേഴ്സി അലക്സാണ്ടർ,ഡോ രേഖ രാജ്,വി പി സുഹ്‌റ,ഡോ. സോണിയ ജോർജ്ജ്,വിജി പെൺകൂട്ട്,ഡോ. സി. എസ്‌. ചന്ദ്രിക,ഡോ. കെ. ജി. താര,ബിനിത തമ്പി,ഡോ. എ കെ ജയശ്രി,കെ. എ. ബീന തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള 100 പേരാണ് സംയുക്ത പ്രസ്താവനയിലൂടെ സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

സംയുക്ത പ്രസ്താവനയുടെ പൂര്‍ണ രൂപം

കേരളത്തിലെ 100 സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട സംയുക്ത പ്രസ്താവന

സിനിമാനടനും, കൊല്ലം എം എൽ എയുമായ മുകേഷ് വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും നിരവധി ആരോപണങ്ങൾ നേരിടുന്നയാളാണ്. ഇപ്പോൾ തന്നെ മൂന്ന് സ്ത്രീകൾ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട് . ഗാർഹിക പീഡനം , ബലാത്സംഗം,തൊഴിൽ മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങൾ മുകേഷിൻ്റെ പേരിലുണ്ട്. നിയമനിർമ്മാണ സഭയിലെ അംഗം എന്ന നിലയിൽ ഉത്തരവാദിത്വമുള്ള ഒരു പദവിയാണ് എംഎല്‍എ സ്ഥാനം. സിനിമാ മേഖലയിൽ നിന്ന് തന്നെ ആരോപണങ്ങൾ നേരിടുന്നയാളെ സർക്കാർ വീണ്ടും സിനിമ നയം രൂപീകരിക്കുന്ന കമ്മറ്റിയിൽ ഉൾപ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണ്.
ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ മുകേഷ് എംഎല്‍എ സ്ഥാനം സ്വയം രാജിവയ്ക്കേണ്ടതാണ്. അദ്ദേഹം അതിന് തയ്യാറാകാത്ത സാഹചര്യത്തിൽ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാൻ ആവശ്യപ്പെടുകയോ ആ സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യാൻ സർക്കാർ തയ്യാറാകണം. സിനിമ നയരൂപീകരണ കമ്മറ്റിയിൽ നിന്നും സിനിമ കോൺക്ലേവിൻ്റെ ചുമതലകളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്യണം.അല്ലാത്തപക്ഷം എംഎല്‍എ മുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന്‌ ഓർമ്മപ്പെടുത്തുന്നു.

Story Highlights : 100 women activists against mukesh mla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here