കുടിയേറ്റ നയവും തൊഴിൽ നയവും തിരുത്തി കാനഡ; ഇന്ത്യൻ വിദ്യാർത്ഥികളും തൊഴിലാളികളും നാടുകടത്തൽ ഭീതിയിൽ

കുടിയേറ്റ നയം മാറ്റം മൂലം നാടുകടത്തൽ ഭീഷണി നേരിടുന്ന വിദേശ വിദ്യാർത്ഥികൾ കാനഡയിൽ പ്രതിഷേധത്തിൽ. 70000 പേരാണ് നാടുകടത്തൽ ഭീഷണി നേിടുന്നത്. സർക്കാർ നയം മാറ്റം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്ലക്കാർഡുകളുമേന്തി പ്രതിഷേധത്തിലാണ്. സ്ഥിര താമസ അപേക്ഷകരിൽ 25 ശതമാനത്തോളം കുറവ് വരുത്താനാണ് സർക്കാർ തീരുമാനം. ഇതുമൂലം ഇന്ത്യൻ വിദ്യാർത്ഥികളിൽ വലിയൊരു വിഭാഗത്തിന് നാട്ടിലേക്ക് മടങ്ങേണ്ടി വരും. പിന്നാലെ ഒൻടാറിയോ, മനിതോബ, പ്രിൻസ് എഡ്വേർഡ് ഐലൻ്റ്, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി.
വടക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കും താമസം മാറാമെന്ന ലക്ഷ്യത്തോടെ കാനഡയിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികളിൽ വലിയ വിഭാഗം ഇന്ത്യാക്കാരാണ്. രാജ്യത്തെ ഗിഗ് സമ്പദ്‌വ്യവസ്ഥയ്ക്ക് മാനവ വിഭവം ആവശ്യമായതിനാൽ കുടിയേറ്റം വൻ തോതിൽ പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരുന്നു കനേഡിയൻ സർക്കാരിൻ്റേത്. 28 ലക്ഷം ഇന്ത്യാക്കാർ നിലവിൽ കാനഡയിലുണ്ടെന്നാണ് കണക്ക്.
Read Also: ബംഗ്ലാദേശിൽ മാധ്യമപ്രവർത്തകയെ മരിച്ച നിലയിൽ കണ്ടെത്തി; ആരോപണവുമായി ഷെയ്ഖ് ഹസീനയുടെ മകൻ
2000 കാലത്ത് 6.7 ലക്ഷം ഇന്ത്യാക്കാരാണ് കാനഡയിൽ ഉണ്ടായിരുന്നത്. 2020 ആയപ്പോഴേക്കും ഇത് കുതിച്ചുയർന്നു. എന്നാൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണപ്പെരുപ്പം കാനഡയിൽ ഹൗസിങ്, ഹെൽത്ത്കെയർ അടക്കം പല രംഗത്തും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തദ്ദേശീയർ ഇതിനെതിരെ പ്രതിഷേധവും തുടങ്ങി. പിന്നാലെയാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പൊടുന്നനെ കുടിയേറ്റ നയം മാറ്റിയത്. രണ്ട് ദിവസം മുൻപ് കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന താത്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും പ്രധാനമന്ത്രി ഉത്തരവിട്ടു.
തൊഴിൽ ദാതാക്കൾക്ക് കുറഞ്ഞ ശമ്പള വിഭാഗത്തിൽ 10 ശതമാനം വിദേശ തൊഴിലാളികളെ മാത്രമേ ഇനി ഉൾപ്പെടുത്താനാവൂ. 2023 ൽ മാത്രം ഈ പദ്ധതി വഴി 26495 ഇന്ത്യാക്കാർക്ക് കാനഡയിൽ ജോലി ലഭിച്ചിരുന്നു. മെക്സിക്കോയ്ക്ക് ശേഷം ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യാക്കാരാണ് കാനഡയിൽ ജോലി ചെയ്യുന്നത്. അതിനിടെ കാനഡയിലെ ജനസംഖ്യ 2024 ൻ്റെ ആദ്യ പാദത്തിൽ 4.1 കോടിയായി ഉയർന്നിട്ടുണ്ട്.
Story Highlights : Thousands from India are among the 70,000 students facing deportation from Canada.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here