ഏകീകൃത സിവിൽ കോഡ് ഉടൻ? മുസ്ലീം വിവാഹ നിയമം റദ്ദാക്കാനുള്ള ബില്ലിന് അസം നിയമസഭ അംഗീകാരം നൽകി
അസമിൽ മുസ്ലിം വിവാഹ നിയമം റദ്ദാക്കാനുള്ള ബിൽ അസം നിയമസഭ പാസ്സാക്കി. അസം റിപ്പീലിംഗ് ബിൽ, 2024, വഴി അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം, 1935, അസം റിപ്പീലിംഗ് ഓർഡിനൻസ് 2024 എന്നിവയാണ് റദ്ദാക്കപ്പെട്ടത്. ബാലവിവാഹങ്ങൾ അവസാനിപ്പിക്കുന്നതിനും മുസ്ലീം വിവാഹങ്ങളും വിവാഹമോചനങ്ങളും സർക്കാർ സംവിധാനങ്ങളുടെ പരിധിയിലായിരിക്കുന്നതിനും വേണ്ടിയാണ് സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് വിശദീകരണം. എന്നാൽ ഏകീകൃത സിവിൽ കോഡ് ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. മതപുരോഹിതന്മാർ മുസ്ലിം വിവാഹം രജിസ്റ്റർ ചെയ്യുന്ന ഖാസി സമ്പ്രദായം ഇല്ലാതാക്കുക കൂടിയാണ് പുതിയ നിയമത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഇതിന് പകരം സർക്കാർ സംവിധാനങ്ങളുടെ കീഴിൽ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: വനിതാ ഡോക്ടറുടെ കൊലപാതകം; കൊൽക്കത്തയിൽ അതീവ ജാഗ്രതാ നിർദ്ദേശം
ബ്രിട്ടീഷ് ഭരണകാലത്ത് ബാലവിവാഹങ്ങൾ പ്രത്യേക നിയമം വഴി രജിസ്റ്റർ ചെയ്യുന്നതിന് അനുവദിച്ചിരുന്നു. ഇപ്പോഴും അത് പിന്തുടർന്നുവന്നിരുന്നതായി ബിജെപി പറയുന്നു. എന്നാൽ, അസം കമ്പൽസറി രജിസ്ട്രേഷൻ ഓഫ് മുസ്ലിം മാര്യേജ് ആൻഡ് ഡിവോഴ്സ് ബിൽ 2024 വഴി ബാലവിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നത് തടയാനാകും. മാത്രമല്ല, എല്ലാ വിവാഹങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതായി വരും. നിലവിലുള്ള നിയമത്തിൽ നിർബന്ധിത രജിസ്ട്രേഷൻ്റെയും അനൗപചാരിക രജിസ്ട്രേഷൻ സംവിധാനങ്ങളുടെയും അഭാവം ഉൾപ്പെടെ നിരവധി പഴുതുകളുണ്ടെന്നും അതിനാൽ പലപ്പോഴും സ്ത്രീകളുടെ അവകാശങ്ങൾ നിയമം വഴി സംരക്ഷിക്കപ്പെടാതെ പോകുന്നുവെന്നും റവന്യൂ, ദുരന്തനിവാരണ മന്ത്രി ജോഗൻ മോഹൻ വിശദീകരിച്ചു. ബാലവിവാഹം, നിർബന്ധിത വിവാഹം, ബഹുഭാര്യത്വംഎന്നിവ തടയുകയും, സ്താരീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പുതിയ ബിൽ വഴി സാധ്യമാകുമെന്നും ജോഗൻ മോഹൻ പറഞ്ഞു.
മുസ്ലീം വിവാഹ നിയമം റദ്ദാക്കാനുള്ള നീക്കം മുസ്‌ലിങ്ങളോടുള്ള വിവേചനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഏകീകൃത സിവിൽ കോഡ് എത്രയും വേഗം നടപ്പാക്കണമെനന് നിരന്തരം വാദിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുള്ള ഹിമന്ത ശർമ്മ പരസ്യമായി മുസ്ലിം വിരുദ്ധത വെളിവാക്കുകയും ചെയ്തിട്ടുണ്ട്. അസമിൽ മുസ്ലിം സമുദായത്തിൽപ്പെട്ടവർ ഓരോ 10 വർഷത്തിലും 30 ശതമാനം വളരുന്നുണ്ടെന്നും 2041 ആകുമ്പോഴേക്കും ഭൂരിപക്ഷ ജനസംഖ്യയായി ഹിന്ദുക്കളെ മറികടക്കുമെന്നും ഹിമന്ത ശർമ്മ പ്രസ്താവന നടത്തിയിരുന്നു. കൂടാതെ മുസ്ലിം ഭൂരിപക്, മേഖലകളിൽ ഹിന്ദുക്കളെ ന്യൂനപക്ഷമായി കണക്കാക്കണമെന്നും ഹിമന്ത ശർമ്മ വാദിക്കുന്നുണ്ട്.
Story Highlights : The Assam Repealing Bill, 2024, abolishes The Assam Moslem Marriages and Divorces Registration Act, 1935, and the Assam Repealing Ordinance 2024.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here