ലാവോസിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ കുടുങ്ങിയ 47 ഇന്ത്യാക്കാരെ കൂടി രക്ഷിച്ചു
ലാവോസിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ കുടുങ്ങിയ 47 ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചു. ലാവോസിലെ ബോകിയോ പ്രവിശ്യയിൽ ഗോൾഡൻ ട്രയാംഗിൾ സ്പെഷൽ ഇക്കണോമിക് സോണിൽ നിന്നാണ് ഇന്ത്യൻ എംബസി അധികൃതർ ഇന്ത്യാക്കാരെ രക്ഷിച്ചത്.
രക്ഷിച്ച 47 പേരിൽ 18 പേർ രക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി എംബസിയിൽ എത്തിയവരാണ്. 29 പേരെ ലാവോസിലെ സർക്കാർ ജീവനക്കാർ രക്ഷിച്ച് ഇന്ത്യൻ എംബസിയിൽ എത്തിക്കുകയായിരുന്നു. 30 പേരെ തിരികെ ഇന്ത്യയിലേക്ക് എത്തിച്ചു. 17 പേരെ ഫടൻ നാട്ടിലെത്തിക്കാനുള്ള നീക്കം എംബസി അധികൃതർ തുടങ്ങി.
ഇതുവരെ വിയൻ്റീനിലെ ഇന്ത്യൻ എംബസി അധികൃതർ 635 ഇന്ത്യാക്കാരെ ലാവോസിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്. ലാവോസിൽ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിൽ നടക്കുന്ന റിക്രൂട്ട്മെൻ്റുകൾ സംബന്ധിച്ച് വിശദമായ പരിശോധന ഇന്ത്യൻ ഏജൻസികൾ നടത്തുന്നുണ്ട്. വിഷയം കഴിഞ്ഞ മാസം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ലാവോസിലെ അധികൃതരുമായി സംസാരിച്ചിരുന്നു.
അതിനിടെ എൻഐഎ സംഘം രാജ്യത്ത് പലയിടത്തായി റിക്രൂട്മെൻ്റ് ഏജൻസികളിൽ പരിശോധന നടത്തി. ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ലാവോസിലേക്ക് റിക്രൂട്മെൻ്റ് നടത്തുന്ന സംഘങ്ങളുടെ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു.
Story Highlights : 47 Indian nationals trapped in cyber scam centres in Laos rescued
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here