വഖഫ് നിയമ ഭേദഗതി ബില്ല്: പാർലമെൻ്ററി സമിതിയിൽ അതിരൂക്ഷ വാഗ്വാദം, കൊമ്പുകോർത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങൾ
വഖഫ് നിയമ ഭേദഗതി ബിൽ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതിക്ക് മുമ്പാകെ ആശങ്കയറിയിച്ച് മുസ്ലിം സംഘടനകൾ. എട്ട് മണിക്കൂറോളം നീണ്ട ചർച്ചയിൽ രൂക്ഷമായ വാദപ്രതിവാദമാണ് നടന്നത്. വഖഫ് ആസ്തികൾ സംബന്ധിച്ച തർക്കങ്ങളിൽ അന്തിമ ആർബിട്രേറ്ററായി ജില്ലാ കളക്ടറെ നിയോഗിക്കുന്നതിനെതിരായിരുന്നു പ്രധാനമായും വിമർശനം ഉയർന്നത്.
രാവിലെ 11 മണിക്കാണ് യോഗം ആരംഭിച്ചത്. എന്നാൽ ഉച്ചയ്ക്ക് ശേഷം നടന്ന ചർച്ചയിലാണ് വാദം ശക്തമായത്. ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിനെ പ്രതിനിധീകരിച്ച ഫുസൈൽ അഹമ്മദ് അയ്യൂബി ബില്ലിനെതിരെ അതിശക്തമായി വാദിച്ചു. എന്നാൽ അയ്യൂബിയുടെ വാദങ്ങൾ നേരത്തെ ഇന്ത്യൻ മുസ്ലിം സിവിൽ റൈറ്റ്സിൻ്റെ ഭാഗമായി അദ്ദേഹം സംസാരിച്ചപ്പോൾ കേട്ടതാണെന്ന് യോഗത്തിൽ പാർലമെൻ്ററി സമിതി അധ്യക്ഷൻ ജഗദാംബിക പാൽ നിലപാടെടുത്തു.
പ്രതിപക്ഷത്തെ നിരവധി അംഗങ്ങൾ ബില്ലിലെ പല നിർദ്ദേശങ്ങളെയും എതിർത്തു. വഖഫ് ബോർഡിന് ഇസ്മാമിക സ്വത്വമാണെന്നും ജില്ലാ കളക്ടറെ മേൽനോട്ട ചുമതല ഏൽപ്പിക്കാനാവില്ലെന്നും സമാജ്‌വാദി പാർടി എംപി മുഹിബുള്ള നിലപാടറിയിച്ചു. കേന്ദ്ര സർക്കാർ അനാവശ്യ ഇടപെടൽ നടത്തുന്നുവെന്ന് യോഗത്തിൽ പങ്കെടുത്ത എഎപി എംപി സഞ്ജയ് സിങ് വിമർശിച്ചു. ഇതിനിടെ സമിതിയിലെ ബിജെപി അംഗം ദില്ലിയിലെ എഎപി സർക്കാരിനെതിരെ രംഗത്ത് വന്നു. ഇതോടെ ഇരുവരും തമ്മിൽ ശക്തമായ വാഗ്വാദം ഉണ്ടായി. പ്രതിപക്ഷ നേതാക്കൾ ഇടപെട്ടാണ് യോഗം സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവന്നത്.
ഓൾ ഇന്ത്യ സുന്നി ജമിയത്തുൽ ഉലമ മുംബൈ, ഇന്ത്യൻ മുസ്ലിം സിവിൽ റൈറ്റ്സ് ഡൽഹി, ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ്, രാജസ്ഥാൻ ബോർഡ് ഓഫ് മുസ്ലിം വഖഫ്, എന്നിവരുടെ വാദങ്ങൾ യോഗം കേട്ടു. സെപ്തംബർ അഞ്ചിനും ആറിനും വീണ്ടും ചർച്ച നടക്കും. കേന്ദ്ര നഗരകാര്യ മന്ത്രാലയം, റോഡ് ഗതാഗത മന്ത്രാലയം, റെയിൽവെ മന്ത്രാലയം എന്നിവയുടെ നിലപാട് ഈ ദിവസങ്ങളിൽ പാർലമെൻ്ററി സമിതി കേൾക്കും. ഓഗസ്റ്റ് എട്ടിന് ലോക്സഭയിൽ ചർച്ചക്ക് വെച്ച ശേഷമാണ് ബിൽ പാർലമെൻ്ററി സമിതിക്ക് വിട്ടത്.
Story Highlights : Joint panel meeting on Waqf Bill witnesses heated debate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here