ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി; ഇടവേള ബാബുവിനും സുധീഷിനുമെതിരെ പൊലീസ് കേസെടുത്തു
നടന്മാരായ ഇടവേള ബാബുവിനും സുധീഷിനുമെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിയായ ജൂനിയർ ആർട്ടിസ്റ്റ് നൽകിയ പരാതിയിലാണ് ഇടവേള ബാബുവിനും സുധീഷിനുമെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. 364 (A) വകുപ്പ് പ്രകാരം ലൈംഗികാതിക്രമത്തിനാണ് കേസെടുത്തത്.
അതിനിടെ മറ്റൊരു ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും പൊലീസ് കേസെടുത്തു. മരട് പൊലീസാണ് ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്. ഐപിസി സെക്ഷൻ 354 വകുപ്പ് പ്രകാരമാണ് കേസ്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. പരസ്യ ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞ് ശ്രീകുമാർ മേനോന്‍ കൊച്ചിയിലെ ഹോട്ടലിൽ വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി.
ഇതിനിടെ കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തു. അവസരം വാഗ്ദാനം ചെയ്ത് രഞ്ജിത്ത് തനിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയെന്ന യുവാവിന്റെ പരാതിയിലാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
ഐപിസി 377 ആണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കോഴിക്കോട് മാങ്കാവ് സ്വദേശിയാണ് പരാതി നല്‍കിയത്. ബംഗളൂരുവിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി തന്നെ ഉപദ്രവിച്ചെന്നാണ് യുവാവിന്റെ പരാതി. 2012ലാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് ഒരു സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനാണ് പരാതിക്കാരന്‍. മുന്‍പ് അദ്ദേഹം മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബംഗളൂരുവിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി. രഞ്ജിത്തിനെതിരെ നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് ഡിജിപിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.
Story Highlights : Police case registered against Edavela babu and Sudheesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here