‘എന്റെ കുടുംബം വയനാടിനൊപ്പം’; കുഞ്ഞു നൈസയെ ചേർത്ത് പിടിച്ച് നടൻ വിനോദ് കോവൂർ, വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കും

വയനാട് ദുരന്തത്തിൽ അച്ഛനും സഹോദരങ്ങളും നഷ്ടപ്പെട്ട കുഞ്ഞുനൈസയെ ചേർത്തുപിടിച്ച് നടൻ വിനോദ് കോവൂർ. നൈസയുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് താരം ട്വന്റി ഫോർ സംഘടിപ്പിച്ച ‘എന്റെ കുടുംബം വയനാടിന് ഒപ്പം’ എന്ന പരിപാടിയിൽ പറഞ്ഞു. ഏത് വരെ പഠിക്കുന്നു അത് വരെയുള്ള കുട്ടിയുടെ എല്ലാ പഠന ചെലവുകളും താൻ നിർവ്വഹിക്കുമെന്ന് വിനോദ് കോവൂർ ട്വന്റി ഫോർ ജില്ലാ സമ്മേളന വേദിയിൽ പറഞ്ഞു. ഇക്കാര്യത്തിൽ കുടുംബം ഒരു തീരുമാനം എടുത്ത് അറിയിക്കുകയാണെങ്കിൽ ഇന്ന് മുതൽ നൈസ തനിക്ക് പ്രിയപ്പെട്ടവളാകുമെന്ന് വിനോദ് വേദിയിൽ പറഞ്ഞു.
” നൈസ എനിക്ക് നേരത്തെ തന്നെ പ്രിയപ്പെട്ടവാളായി. മോളെ ആദ്യമേ കണ്ടതിന് ശേഷം ഒത്തിരി പേരാണ് എന്നെ വിളിച്ച് നൈസ മോളുടെ കാര്യം അന്വേഷിച്ചത്, എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള മകളാണ് നൈസ. അതുപോലെ തന്നെ തിരിച്ചും അങ്ങിനെയാണ്. എന്നെ ‘മൂസാക്കായിയെ’ എന്നാണ് മോള് വിളിക്കുന്നത്. ഇത്ര ചെറിയ കുഞ്ഞിന്റെ മനസിലും ആ കാരക്ടർ കിടക്കുന്നു എന്നതിൽ വളരെയധികം സന്തോഷമുണ്ട് വിനോദ് പറഞ്ഞു.
വെള്ളാർമല സ്കൂൾ റോഡിലെ വീട്ടിലുണ്ടായിരുന്ന ഏഴ് പേരിൽ ഇന്ന് അവശേഷിക്കുന്നത് മൂന്ന് വയസുകാരിയായ നൈസയും അമ്മ ജമീലയും മാത്രമാണ്. ഉപ്പയും സഹോദരങ്ങളുമടക്കം ഉറ്റവരെയെല്ലാം ദുരന്തം കവർന്നു. ചെളിയിൽ കുടുങ്ങിയ നൈസയെ ബന്ധുവായ സ്ത്രീയാണ് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്.
വയനാട് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനം കവർന്ന നൈസ ദേശീയ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞ് രാജ്യത്തിന്റെ ഓമനയായി മാറിയിരുന്നു.മോദിയെ കെട്ടിപ്പിടിച്ചു ചിരിച്ചു നിൽക്കുന്ന നൈസയുടെ മുഖം വയനാട്ടിലെ ജനതയുടെ അതിജീവനത്തിന്റെ പ്രതീകമായി.
നഷ്ട്ടപെടലുകളുടെ വേദനകൾ അറിയാത്ത പ്രായത്തിൽ അവൾ വീണ്ടും കളിചിരികളിലേക്ക് മടങ്ങുകയാണ്.
24 പ്രക്ഷകരുടെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 24 കണക്ടുമായി സഹകരിച്ചാണ് ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ വയനാട് ചൂരൽമല, മുണ്ടക്കൈ നിവാസികൾക്ക് കൈത്താങ്ങാകാൻ എന്റെ കുടുംബം വയനാടിനൊപ്പം എന്ന പരിപാടി സംഘടിപ്പിക്കുന്നത്. വയനാട് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റേറിയത്തിൽ നടക്കുന്ന പരിപാടിയിൽ ദുരന്തബാധിതർ, രക്ഷാപ്രവർത്തകർ, പൊതു പ്രവർത്തകർ, ഉദ്യോഗസ്ഥർ, ഫ്ലവേഴ്സ് കുടുംബാംഗങ്ങൾ, കലാകാരൻമാർ, ട്വന്റിഫോർ അവതാരകർ എന്നിവർ ഒരു വേദിയിൽ ഒത്തുചേരുകയാണ്.
Story Highlights : actor Vinod Kovoor said that he would bear the education expencess of nysa wayanad landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here