തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള രാഷ്ട്രീയ ആയുധമാക്കരുത്; ജാതി സെൻസസിന് പിന്തുണയെന്ന് സൂചന നൽകി ആർഎസ്എസ്

ജാതി സെൻസസിനെ പിന്തുണയ്ക്കുന്നുവെന്ന പരോക്ഷ സൂചന നൽകി ആർഎസ്എസ് വക്താവ് സുനിൽ ആംബേകർ. ജാതി സെന്‍സസ് സെന്‍സിറ്റീവ് ആയ വിഷയമാണ്. സാമൂഹികമായി പിന്നോട്ടു നിൽക്കുന്ന വിഭാഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് ജാതിസെൻസസ് ഉപകാരപ്പെടും. എന്നാൽ ഇത് തെരഞ്ഞെടുപ്പിനോ രാഷ്ട്രീയ ആവശ്യങ്ങൾക്കോ ഉപയോഗിക്കരുതെന്നും സുനിൽ അംബേകർ പറഞ്ഞു. പാലക്കാട്ട് നടക്കുന്ന ആര്‍എസ്എസിന്റെ ത്രിദിന അഖില ഭാരതീയ സമന്വയ ബൈഠക്കിന്റെ അവസാന ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആംബേകർ.
ജനക്ഷേമ പ്രവർത്തനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിന് ജാതിസെൻസസ് വേണമെന്നാണ് ആർഎസ്എസ് കരുതുന്നത്. പ്രത്യേകിച്ചും പിന്നാക്കം നിൽക്കുന്ന ജാതി സമുദായ അംഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന് സർക്കാരിന് ഡാറ്റ ആവശ്യമാണ്. മുമ്പുള്ള സർക്കാരുകളും ഇത്തരം ഡാറ്റകൾ ശേഖരിച്ചിട്ടുണ്ട്. അതിനാൽ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ ഉദ്ധരിക്കുന്നതിന് മാത്രം ജാതി സെൻസസ് വീണ്ടും നടത്തുന്നതിൽ പ്രശ്നമില്ല. എന്നാൽ ഇത് തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ ഉപകരണമാക്കരുത്. ഒരു ഹിന്ദു സമൂഹമെന്ന നിലയിൽ ജാതിയും ജാതി ബന്ധങ്ങളും വളരെ സെൻസിറ്റീവായ വിഷയമാണ്. രാജ്യത്തിൻ്റെ ഐക്യത്തിനെയും അഖണ്ഡതയെയും ബാധിക്കാതെ വളരെ ശ്രദ്ധയോടെ വേണം ഇവയെ കൈകാര്യം ചെയ്യേണ്ടത്. തെരഞ്ഞെടുപ്പിൻ്റെയോ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെയോ ഭാഗമായിട്ടല്ല ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ടെതെന്നും ആംബേകർ പറഞ്ഞു.
പ്രതിപക്ഷവും എൻഡിഎ ഘടകകക്ഷികളായ ജെഡിയു, ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) എന്നിവരും ജാതി സെന്‍സസ് എന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. ബിഹാറിലെ ജെഡിയു നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ജാതി സര്‍വേ നടത്തിയിരുന്നു. ബിജെപി പരസ്യമായി ജാതി സെൻസസിനെ എതിർത്തിട്ടില്ല. എന്നാൽ അനുകൂല നിലപാടും സ്വീകരിച്ചിട്ടില്ല.
Story Highlights : RSS Monday indicated its support for the caste census, while adding that it should not be used for political or electoral purposes.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here