നെഹ്റു ട്രോഫി ജലോത്സവ തീയതി ഇന്നറിയാം

ഒടുവിൽ വള്ളംകളി പ്രേമികളുടെ പരിശ്രമം വിജയത്തിലേക്ക് . നെഹ്‌റു ട്രോഫി വള്ളംകളിയുടെ തീയതി സർക്കാർ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇന്ന് ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വള്ളംകളി സംരക്ഷണ സമിതി നിർദ്ദേശിച്ച സെപ്റ്റംബർ 28-ാം തീയതി പരിഗണിച്ചേക്കും. 28 അല്ലെങ്കിൽ മറ്റൊരു തീയതി പ്രഖ്യാപിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ജലോത്സവം പിന്നീട് സാമ്പത്തിക പ്രതിസന്ധി മൂലം സർക്കാർ റദ്ദാക്കുമെന്നായതോടെയാണ് പ്രതിഷേധം ഇരമ്പിയത്. ജനപ്രതിനിധികൾ പോലും ചെറുവിരലനക്കാതിരുന്നപ്പോഴാണ് സോഷ്യൽ മീഡിയ വഴി രൂപംകൊണ്ട പ്രതിഷേധത്തിനു വള്ളംകളി സർക്കാർ തലത്തിൽ വരെ സമ്മർദ്ദം ചെലുത്താൻ സാധിച്ചത്. സമിതിയെ പ്രതിനിധീകരിച്ച് ഇരുപത്തഞ്ചോളം വള്ളംകളിപ്രേമികളാണ് ഇന്നലെ കളക്ടർക്ക് നിവേദനം നൽകിയത്.
കളിക്കാർ, ക്ലബ്ബുകാർ, വള്ളം സമിതിക്കാർ തുടങ്ങിയവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ കളക്ടർ മുഖാന്തരം സർക്കാരിനെ അറിയിച്ചിരുന്നു. ഇനി ജലമേള സംഘടിപ്പിക്കുന്നതിന് തുഴച്ചിലുകാർക്ക് ചുരുങ്ങിയത് രണ്ടാഴ്ചത്തെ പരിശീലനം വേണം. ഒരിക്കൽ സജ്ജീകരിച്ച പന്തലും പവലിയനും ഒക്കെ വീണ്ടും വീണ്ടും തയ്യാറാക്കാൻ ചെലവ് ഇരട്ടിയാകും. 60 മുതൽ 80 ലക്ഷം രൂപ വരെ മുടക്കിയ വള്ളംകളി ഇപ്പോഴേ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. വള്ളംകളി തീയതി പ്രഖ്യാപിക്കുന്നതോടെ വള്ളംകളി ക്യാമ്പുകൾ വീണ്ടും തുറക്കും. പിരിഞ്ഞുപോയ തുഴച്ചിലുകാരെയടക്കം തിരികെ എത്തിച്ചായിരിക്കും നിർത്തിവെച്ച വള്ളംകളി പരിശീലനം വീണ്ടും ആരംഭിക്കുക.
Read Also: സുജിത്ത് ദാസിന് കേന്ദ്ര നടപടി, പിടികൂടിയ സ്വർണത്തിന്റെ അളവിൽ പൊരുത്തക്കേട്; കസ്റ്റംസ് അന്വേഷണം
അതേസമയം, തീയതി പ്രഖ്യാപിക്കും വരെ സമരപരിപാടികൾ തുടരാൻ വള്ളംകളി സംരക്ഷണ സമിതി നേരത്തെ തീരുമാനിച്ചിരുന്നു. പ്രഖ്യാപനം ഉടൻ ഉണ്ടായില്ലെങ്കിൽ അഞ്ചാം തീയതി പുന്നമടയിൽ വമ്പിച്ച പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു. ഈ അവസരത്തിലാണ് നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് വൈകുന്നേരം ആലപ്പുഴയിൽ ചേരുന്നത്. കൃഷിമന്ത്രിയും ജില്ലാകലക്ടറും യോഗത്തിൽ പങ്കെടുക്കും. ഓണത്തിന് ശേഷം ഈ മാസം അവസനമായിരിക്കും നെഹ്റു ട്രോഫി മത്സരം നടക്കുക.
Story Highlights : Nehru Trophy Jlotsava date is announcing today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here