കരിപ്പൂരിൽ സ്വർണം പിടിക്കാനായി പൊലീസിന്റെ ‘ഇടിമുറി’; നിയന്ത്രിക്കുന്നത് സുജിത് ദാസ് നിയമിച്ച സ്ക്വാഡ്
കരിപ്പൂർ വിമാനത്താവളത്തിന് സമീപം പോലീസിന്റെ ഇടിമുറി. വിമാനത്താവളത്തിന് പുറത്തേക്ക് വരുന്ന യാത്രക്കാരെ നിയമവിരുദ്ധമായി പരിശോധിക്കാനും മർദ്ദിക്കാനും ആണ് ഇടിമുറി പ്രവർത്തിക്കുന്നത്. സുജിത്ത് ദാസ് മലപ്പുറം എസ്പി ആയിരുന്നപ്പോൾ പ്രത്യേക സ്ക്വാഡിൽ നിയമിച്ച ഉദ്യോഗസ്ഥരാണ് ഇടിമുറിയിൽ ഇപ്പോഴും യാത്രക്കാരെ ഇരുമ്പ് ദണ്ഡ് കൊണ്ട് മർദിക്കുന്നത്.
കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് പിടികൂടാൻ എന്ന രീതിയിലാണ് അനധികൃതമായി പൊലീസ് വിമാനത്താവളത്തിന്റെ പുറത്തേക്കുള്ള വഴിയിൽ എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് വരുന്ന യാത്രക്കാരിൽ സംശയം തോന്നുന്നവരെ സ്വർണക്കടത്ത് നടത്തി എന്ന പേരിൽ എയ്ഡ് പോസ്റ്റിൽ എത്തിക്കുകയും മർദ്ദിക്കുകയും ചെയ്യും. ഇരുമ്പ് ദണ്ഡുകൊണ്ട് തുടയുടെ മസിലിൽ അടിച്ചാണ് ചോദ്യം ചെയ്യൽ.
വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മകനെ അച്ഛൻറെ സാന്നിധ്യത്തിലാണ് ഇടിമുറിയിലെ പൊലീസുകാർ മർദ്ദിച്ചത്.സുജിത്ത് ദാസ് മലപ്പുറം എസ്പി ആയിരുന്നപ്പോൾ നിയമിച്ച കുപ്രസിദ്ധരായ പൊലീസുകാരാണ് ഇപ്പോഴും ഇടിമുറിയുടെ ചുമതലക്കാർ. ഇവർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിക്കാൻ ശുപാർശ ചെയ്തതും സുജിത്ത് ദാസ് തന്നെ. സിസിടിവി ക്യാമറകൾ പോലുമില്ലാത്ത പൊലീസ് എയ്ഡ് പോസ്റ്റിൽ കരിപ്പൂർ സ്റ്റേഷനിലെ പൊലീസുകാർക്ക് അനുമതിയില്ലാതെ പ്രവേശനവും ഇല്ല. നൂറിലധികം യാത്രക്കാരെയാണ് വിമാനത്താവളത്തിന് പുറത്തുള്ള ഇടിമുറിയിൽ പൊലീസുകാർ മർദ്ദിച്ചത്. മർദനത്തിൽ പരാതിയുമായി എത്തുന്നവരെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നേരിട്ട് കണ്ട് പരാതി ഇല്ലാതാക്കുകയാണ് പതിവ്.
സിപിഐഎം നേതാക്കളെ പോലും മുമ്പ് മർദ്ദിച്ച കേസിൽ ആരോപണം നേരിടുന്ന വരും പൊലീസ് ഗുണ്ടാ സംഘത്തിൽ ഉണ്ട്. ഇവരുടെ പ്രവർത്തനം കരിപ്പൂർ പൊലീസിനും വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. സുജിത്ത് ദാസിനെതിരായ അന്വേഷണം നടക്കുമ്പോൾ അദ്ദേഹം നിയോഗിച്ച ഗുണ്ടാ പൊലീസുകാർക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
Story Highlights : Police Aid Post room to catch gold in Karipur airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here