ഇരുപത്തിയഞ്ചുകാരന്റെ സിനിമാമോഹം, കാലചക്രം മുതൽ ഡൊമിനിക് വരെ എത്തിയ മമ്മൂക്ക
മലയാളത്തിന്റെ പ്രിയ താരത്തിന് ഇന്ന് 73 വയസ്. എപ്പോഴത്തെയുംപോലെ ഇത്തവണയും പ്രേക്ഷകരെ ഞെട്ടിക്കാൻ എത്തുകയാണ് മമ്മൂട്ടി കമ്പനി. വിജയങ്ങൾ മാത്രം സ്വന്തമാക്കികൊണ്ടിരിക്കുന്ന മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തിനായി നിറഞ്ഞ ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുക പതിവാണ്. അത് വേറൊന്നും കൊണ്ടല്ല കമ്പനിയുടെ ടൈറ്റിൽ പോസ്റ്ററിലുള്ള വ്യത്യസ്‍തത ഒന്നുകൊണ്ടു മാത്രം. ഏവരിലും ആകാംഷ നിറയ്ക്കുന്ന രീതിയിലാണ് പലപ്പോഴും കമ്പനിയുടെ പോസ്റ്ററുകൾ ഇറങ്ങാറുള്ളത്. ഇത്തവണയും ആ പതിവ് തെറ്റിയിട്ടില്ല. കാലിൽ ഹവായ് ചെരിപ്പ്, കയ്യിൽ ലേഡീസ് പഴ്സ്,കൂടെ ഒരു പൂച്ചയും. ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
സിനിമ സ്വപ്നം കണ്ടുനടന്ന ഒരു ചെറുപ്പക്കാരൻ സിനിമയിലെത്തിയ കഥ എത്ര തവണ കേട്ടാലും വീണ്ടും നമ്മളിൽ കൗതുകമുണർത്താറുണ്ട്. മലയാളത്തിന്റെ മഹാനടൻ എന്ന് നമ്മൾ സ്നേഹത്തോടെ വിളിക്കുമ്പോഴും, താനൊരു മികച്ച നടൻ ആയിട്ടില്ല, ഇപ്പോഴും തന്നിലെ നടനെ തേച്ചുമിനുക്കിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണെന്ന് അയാൾ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഓരോ കഥാപാത്രങ്ങളിലും എടുത്തുപറയാൻ പാകത്തിന് പുതിയ എന്തെങ്കിലുമൊരു കാര്യം അയാളുടെ അഭിനയത്തിലുണ്ടാവും.
1973 ൽ പുറത്തിറങ്ങിയ കാലചക്രമെന്ന സിനിമയിൽ മമ്മൂട്ടി എന്ന നടൻ പ്രത്യക്ഷപ്പെടുന്നത് ഒരു കടത്തുക്കാരനായിട്ടാണ്. കെ എസ് സേതു മാധവന്റെ അനുഭവങ്ങള്‍ പാളിച്ചകൾ എന്ന സിനിമയിൽ ആള്‍ക്കൂട്ടത്തിനിടയിലൂടെ മീശ മുളയ്ക്കാത്ത പയ്യൻ ഓടിക്കയറിയത് വെള്ളിത്തിരയുടെ മാസ്മരികതയിലേക്ക് മാത്രമല്ല മറിച്ച് മലയാളികളുടെ ഹൃദയത്തിലേക്ക് കൂടിയാണ്. അവിടെ നിന്നാണ് മുഹമ്മദ് കുട്ടിയെന്ന മെഗാ സ്റ്റാർ മമ്മൂട്ടിയുടെ യാത്ര തുടങ്ങുന്നത്. പിന്നീടയാൾ മലയാളികൾക്ക് ‘ഇക്ക’യായി.
Read Also: ഹാപ്പി ബർത്ത്ഡേ ഇച്ചാക്ക; മമ്മൂട്ടിക്ക് പിറന്നാൾ ഉമ്മകളുമായി മോഹൻലാൽ
അന്നത്തെ കടത്തുക്കാരനിൽ നിന്ന് കാലചക്രം ഇന്നത്തെ കൊടുമൺ പോറ്റിവരെ എത്തിനിൽക്കുമ്പോൾ അതിശയിക്കുന്നത് മലയാള സിനിമ മാത്രമല്ല സിനിമാലോകം ഒന്നാകെയാണ്. സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകർച്ചകൾ. കുടുംബനാഥനായും രാഷ്ട്രീയക്കാരനായും പൊലീസുകാരനായും കള്ളക്കടത്തുകാരനായും ഭൂതമായും ചരിത്രപുരുഷനായും എത്രയെത്ര വേഷങ്ങൾ പകർന്നാടി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സിനിമാ വാരികയില്‍ വന്ന പരസ്യത്തിൽ ‘പി.ഐ.മുഹമ്മദ് കുട്ടി…വയസ്സ് 25…അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. പുതുമുഖങ്ങളെ തേടുന്നവര്‍ ബന്ധപ്പെടുക’’ ഇങ്ങനെ തന്റെ അഭിനയമോഹം വെള്ളിത്തിരയിലെത്തിക്കാൻ ആ പഴയ മഹാരാജാസുക്കാരൻ നടന്നുതീർത്ത വഴികൾ ഏറെയാണ്. സിനിമയിൽ അഭിനയിക്കണമെന്ന തീവ്രമായ ആഗ്രഹം ഒന്നുകൊണ്ട് മാത്രം നടനായി മാറിയ ഒരാൾ.
1980 ല്‍ റിലീസ് ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങളാണ്’ മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം. ടൈറ്റിലില്‍ ആദ്യം പേരു തെളിഞ്ഞതും ഈ സിനിമയിലാണ്. 1987 ലെ ന്യൂഡല്‍ഹിയോടെ മെഗാ സ്റ്റാര്‍ പട്ടവും മമ്മൂട്ടിയെ തേടിയെത്തി.
മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ, മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ച് തവണ, ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരം 12 തവണ എന്നിവ നേടിയ അദ്ദേഹം ഇന്ത്യൻ സിനിമയിലെ ഏറ്റവും അലങ്കരിച്ച നടന്മാരിൽ ഒരാൾ .1998-ൽ പത്മശ്രീ നൽകി ഭാരത സർക്കാർ അദ്ദേഹത്തെ ആദരിച്ചു. 2010-ൽ കേരള സർവകലാശാലയും, ഡിസംബറിൽ കാലിക്കറ്റ് സർവകലാശാലയും ഡോക്ടറേറ്റ് നൽകി അദ്ദേഹത്തെ ആദരിച്ചു.
കണ്ണിൽ അത്ഭുതം കോറിയിടുന്ന വേഷപ്പകർച്ചകളായിരുന്നു മമ്മൂട്ടിയെന്ന എഴുപത്തിമൂന്നുകാരൻ വെള്ളിത്തിരയ്ക്ക് സമ്മാനിച്ചത്. ചന്തുവായി, പഴശ്ശിരാജയായി, വൈക്കം മുഹമ്മദ് ബഷീറായി, അംബേദ്കറായി ഈ വേഷങ്ങളിലെല്ലാം മമ്മൂട്ടി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞാടിക്കൊണ്ടേയിരുന്നു.
ഫോബ്‌സിന്റെ പട്ടികയില്‍ ആദ്യ അമ്പതിലെത്തിയ ഏക മലയാളി താരം. ‘സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല, നമുക്കാണ് സിനിമ ആവശ്യമായിട്ടുളളത്’ എന്ന് തുറന്നുപറഞ്ഞ മമ്മൂട്ടി പലപ്പോഴും വെല്ലുവിളിയേകുന്ന കഥാപാത്രങ്ങൾക്കായി സ്വയം പരുവപ്പെടുത്താറുണ്ട്. കോംപ്രമൈസ് ഇല്ലാത്ത വർക്ക്ഔട്ടുകളും ആഹാരരീതിയുമെല്ലാം താരത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു.
മുപ്പതിലേറെ നവാഗത സംവിധായകര്‍ക്ക് അവസരം നല്‍കിയ മമ്മൂട്ടിയാണ് ലോഹിതദാസിനെയും ലാല്‍ജോസിനെയും ബ്ലെസിയെയും വൈശാഖിനെയുമെല്ലാം സിനിമയിലേക്ക് കൈപിടിച്ചു നടത്തിയത്. സ്റ്റഫുളളവര്‍ക്ക് കൈ കൊടുത്ത് ഒപ്പം കൊണ്ടു നടക്കാന്‍ ഒട്ടും മടിയില്ലാത്ത പ്രകൃതമാണ് മമ്മൂട്ടിയുടേത്. പുതുമുഖ സംവിധായകന്മാരോട് അടുത്ത പടത്തില്‍ നമുക്ക് റോളൊന്നുമില്ലേ എന്ന് ചോദിക്കുന്ന ഇക്കയെ കുറിച്ചും നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്.
ഇനിയും ഒരുപാട് വർഷങ്ങൾ, വേറിട്ട വഴികളിലൂടെ ആരും പ്രതീക്ഷിക്കാത്ത കഥാപാത്രങ്ങളിലുടെ വന്ന് മലയാളികളെ ഞെട്ടിത്തരിപ്പിക്കുന്ന മമ്മൂട്ടി ചിത്രത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു…
Story Highlights : Actor Mammootty cinema journey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here