തിരുവനന്തപുരം നഗരത്തിലെ ജലവിതരണം നാളെ പുലർച്ചെ പുനഃസ്ഥാപിക്കും
തിരുവനന്തപുരം- കന്യാകുമാരി റയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലെ വിവിധ വാർഡുകളിൽ നിർത്തിവച്ചിരുന്ന ജലവിതരണം നാളെ പുലർച്ചയോടെ പുനഃസ്ഥാപിക്കും. തലസ്ഥാനത്തെ കുടിവെള്ള പ്രശ്നത്തില്‍ അടിയന്തര നടപടിയുണ്ടാകുമെന്നും നാളെ രാവിലെയോടെ എല്ലാ വാര്‍ഡുകളിലും വെള്ളമെത്തുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. റെയില്‍പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി പ്രധാന പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുകയാണ്.
48 മണിക്കൂറിനുള്ളിൽ തീർക്കാൻ നിശ്ചയിച്ചിരുന്ന പൈപ്പ്ലൈൻ അലൈൻമെന്റ് മാറ്റുന്ന ജോലികൾ അവിചാരിത കാരണങ്ങളാൽ നീണ്ടുപോയതിനാലാണ് ജലവിതരണം പുനഃസ്ഥാപിക്കാൻ വൈകുന്നത്. 44 വാർഡുകളിൽ കുടിവെള്ള വിതരണം തടസപ്പെട്ടിട്ടുണ്ട്. പരാതികള്‍ അറിയിക്കാൻ വാട്ടര്‍ അതോറിറ്റി കണ്‍ട്രോള്‍ റൂം തുറക്കും. വെള്ളയമ്പലം, തൈക്കാട് തുടങ്ങിയ സ്ഥലങ്ങളിലും കഴക്കൂട്ടത്തും സൗജന്യമായി ടാങ്കറിൽ വെള്ളമെത്തിക്കും. ടാങ്കര്‍ ലോറികളിൽ നിലവില്‍ പലയിടത്തും വെള്ളമെത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പകരം സംവിധാനമായി തിരുവനന്തപുരം കോർപറേഷന്റെ സ്മാർട് ട്രിവാൻഡ്രം ആപ് വഴി ടാങ്കറുകളിൽ കുടിവെള്ളം ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ കോർപറേഷന്റെ 14 ടാങ്കറുകളിൽ ആവശ്യമുള്ള സ്ഥലങ്ങളിൽ ജലമെത്തിച്ചു വരുന്നു. കൂടാതെ വാട്ടർ അതോറിറ്റിയുടെ 10 ടാങ്കറുകൾ കഴക്കൂട്ടം മേഖലയിലേക്ക് വെള്ളമെത്തിക്കാനായി ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളയമ്പലം, അരുവിക്കര, മുദാക്കൽ, പിടിപി നഗർ, മൊട്ടമൂട് എന്നിവിടങ്ങളിലെ വാട്ടർ അതോറിറ്റി വെൻഡിങ് പോയിന്റുകളിൽനിന്ന് ടാങ്കറുകൾക്ക് വെള്ളം നൽകുന്നു.
പിടിപി നഗറിൽനിന്നുള്ള 700 എംഎം ഡിഐ പൈപ്പ് ലൈൻ, നേമം ഭാഗത്തേക്കുള്ള 500 എംഎം ജലവിതരണ ലൈൻ എന്നിവയുടെ അലൈൻമെന്റ് മാറ്റുന്ന ജോലികളാണ് നടത്തുന്നത്. നിലവിൽ റയിൽവേ ലൈനിന്റെ അടിയിലുള്ള 700 എംഎം പൈപ്പ് മാറ്റുന്ന പണികളും പുരോഗമിക്കുകയാണ്. പിടിപി നഗറിൽനിന്നുള്ള ജലവിതരണം നിർത്തിവച്ചു മാത്രമേ ജോലികൾ ചെയ്യാൻ കഴിയൂ എന്നതിനാലാണ് പിടിപി നഗർ ടാങ്കുകളിൽനിന്നു ജലവിതരണം നടത്തുന്ന വട്ടിയൂർക്കാവ്, ശാസ്തമംഗലം ഭാഗങ്ങളിലേക്കും കുടിവെള്ള വിതരണം മുടങ്ങിയത്.
ഈ മേഖലകളിൽ ഇന്നു രാവിലെ ജലവിതരണം പുനഃസ്ഥാപിച്ചെങ്കിലും പുതിയ വാൽവ് സ്ഥാപിക്കുന്നതിനിടെ ചില സാങ്കേതികപ്രശ്നങ്ങളുണ്ടായതിനെത്തുടർന്ന് വീണ്ടും പമ്പിങ് നിർത്തിവയ്ക്കേണ്ടി വന്നു. വാൽവ് സ്ഥാപിക്കുന്നതിലുണ്ടായ പ്രശ്നങ്ങൾകൂടി പരിഹരിച്ച് ഈ സ്ഥലങ്ങളിലും ഇന്നു രാത്രിയോടെ കുടിവെള്ളമെത്തും.
Story Highlights : v sivankutty on water crisis in thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here