ഹേമ കമ്മിറ്റി റിപ്പോർട്ട്: നാലര വർഷം ഒരു നടപടിയുമെടുത്തില്ല; SIT അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ സർക്കാരിന് അതി രൂക്ഷവിമർശനം. സംസ്ഥാന സർക്കാർ സ്വീകരിച്ചത് അങ്ങേയറ്റം ഉദാസീന നിലപാടാണെന്നും റിപ്പോർട്ടിന്മേൽ സർക്കാർ നാലര വർഷം ഒരു നടപടിയുമെടുത്തില്ലെന്ന് ഹൈക്കോടതി. റിപ്പോർട്ടിൽ സർക്കാർ നടപടിയെടുക്കാൻ നിയമ വ്യവഹാരം വേണ്ടിവന്നുവെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.
എസ്‌ഐടി അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിലാകും നടക്കുക. അന്വേഷണ പുരോഗതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിലയിരുത്തും. എസ്‌ഐടി നടത്തേണ്ടത് പ്രാഥമിക അന്വേഷണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പ്രാഥമികാന്വേഷണത്തിന് ശേഷം എസ്‌ഐടി അനുയോജ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കോടതി നിർദേശം നൽകി. എസ്‌ഐടി രണ്ടാഴ്ചയ്ക്കകം സർക്കാരിന് ആക്ഷൻ ടേക്കൺ റിപ്പോർട്ട് നൽകണം. ആക്ഷൻ ടേക്കൺ റിപ്പോർട്ട് ഉൾപ്പടെ സർക്കാർ വിശദമായ സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി പറഞ്ഞു.
സർക്കാർ ശരിയായ നടപടിയെടുക്കുമെന്നായിരുന്നു പ്രതീക്ഷ, പക്ഷേ ചെയ്തില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. നിശബ്ദതയും നിഷ്‌ക്രിയതയുമല്ല സർക്കാരിന് മുന്നിലെ സാധ്യത. സ്ത്രീസമൂഹം നേരിടുന്ന പ്രശ്‌നങ്ങളിൽ കർശന നടപടിവേണമെന്ന് കോടതി നിർദേശിച്ചു. സ്ത്രീപക്ഷ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് ഭരണഘടനാ ബാധ്യതയുണ്ട്. സ്ത്രീത്വത്തിന്റെ അന്തസ് ഹനിക്കുന്ന നടപടികളെ നേരിടാൻ ഓരോ പൗരനും ബാധ്യതയുണ്ട്. അനീതികൾക്കെതിരെ സർക്കാർ മൂകമായിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളുള്ള നാടാണ് കേരളമെന്നും ഇത് സംസ്ഥാനത്തെ ഭൂരിപക്ഷം നേരിടുന്ന പ്രശ്‌നമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അസംഘടിത മേഖലയിലെ ലൈംഗിക ചൂഷണം അവസാനിപ്പിക്കാൻ നിയമ നിർമ്മാണ സാധ്യത പരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കേസിൽ മാധ്യമ വിചാരണ പാടില്ലെന്ന് സർക്കാർ ആവശ്യപ്പെട്ടപ്പോൾ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടതില്ലെന്നും സ്വയം നിയന്ത്രിക്കാൻ മാധ്യമങ്ങൾക്ക് അറിയാമെന്നും ഹൈക്കോടതി പറഞ്ഞു.
ഇരകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും മൊഴി നൽകിയവർക്ക് പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെങ്കിൽ നടപടികൾ അവസാനിപ്പിക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജിയിൽ ഹൈക്കോടതി താരസംഘടന അമ്മയെ കക്ഷി ചേർത്തു. പ്രത്യേക ബെഞ്ചിന്റെ അടുത്ത സിറ്റിംഗ് ഒക്ടോബർ മൂന്നിനായിരിക്കും.
Story Highlights : High Court’s interim order criticized government in Hema Committee report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here