Advertisement

അമേരിക്ക കണ്ടുപിടിച്ചത് കൊളംബസ് അല്ല, പകരം ‘വസുലന്‍’; വിചിത്ര പരാമർശവുമായി മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി

September 11, 2024
Google News 2 minutes Read
mp minister

ചരിത്രം തിരുത്തി കുറിക്കുന്ന പ്രസ്താവനയുമായി മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പാർമർ. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക കണ്ടെത്തിയത് ക്രിസ്റ്റഫർ കൊളംബസ് അല്ല ഇന്ത്യൻ നാവികനായ വസുലന്‍ ആണെന്ന് മന്ത്രി ഇന്ദർ സിംഗ് പാർമർ പറഞ്ഞു. ബർകത്തുള്ള യൂണിവേഴ്‌സിറ്റിയിലെ കോൺവൊക്കേഷൻ ചടങ്ങിൽ പങ്കെടുക്കവെയായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പരാമർശം.

ഇന്ത്യയെ ഏറേക്കാലം കൊളോണിയല്‍ ഭരണത്തിന് കീഴിലാക്കിയ ബ്രിട്ടീഷുകാര്‍ രാജ്യത്തെ വിദ്യാഭ്യാസ നയങ്ങള്‍ നശിപ്പിച്ചെന്ന് പറഞ്ഞ മന്ത്രി അവര്‍ ചരിത്രം വളച്ചൊടിച്ചെന്നും പ്രസംഗത്തിലൂടെ ആരോപിച്ചു.ഇന്ത്യന്‍ നാവികനായ വസുലന്‍ എട്ടാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ എത്തുകയും സാന്‍ ഡീഗോയില്‍ നിരവധി ക്ഷേത്രങ്ങള്‍ പണികഴിപ്പിക്കുകയും ചെയ്തിരുന്നു. ആ വസ്തുതകളെല്ലാം അവിടുത്തെ ലൈബ്രറിയിലും മ്യൂസിയത്തിലും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അമേരിക്ക കണ്ടെത്തിയത് കൊളംബസ് അല്ല നമ്മുടെ പൂര്‍വ്വികര്‍ ആണെന്ന കാര്യത്തില്‍ നമുക്ക് അഭിമാനിക്കാമെന്നും മന്ത്രി പറഞ്ഞു.

Read Also: ‘ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത് ശീലമായി മാറി’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ

ചൈനയിലെ ബെയ്ജിംഗ് നഗരം രൂപകൽപന ചെയ്യാൻ ഇന്ത്യൻ വാസ്തുശില്പിയായ ബാൽ ബാഹു സഹായിച്ചിട്ടുണ്ടെന്നും ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന് പ്രവചിച്ചത് ഋഗ്വേദമാണെന്നും തുടങ്ങിയ വിചിത്രപരാമർശങ്ങളാണ് മന്ത്രി വേദിയിൽ ഉന്നയിച്ചത്. മധ്യപ്രദേശ് ഗവർണർ മംഗുഭായ് സി പട്ടേലിന്റെയും മുഖ്യമന്ത്രി മോഹൻ യാദവിന്റേയും സാമീപ്യത്തിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പരാമർശം.

ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടെത്തിയത് പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോ ഡ ഗാമയല്ലെന്നും ഗുജറാത്തിലെ വ്യാപാരി ചന്ദന്‍ ആണെന്നും പാർമർ പറഞ്ഞു. ചരിത്രകാരന്മാർ ഇന്ത്യയിലേക്കുള്ള കടൽ പാത കണ്ടെത്തിയത് വാസ്കോഡ ഗാമയാണെന്ന് വിദ്യാർത്ഥികളെ തെറ്റായി പഠിപ്പിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വാസ്‌കോ ഡ ഗാമ ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടെത്തിയിരുന്നില്ല, അദ്ദേഹത്തിന്റെ കപ്പലിനേക്കാള്‍ മൂന്നോ നാലോ മടങ്ങ് വലുപ്പമുള്ള കപ്പലുണ്ടായിരുന്ന ചന്ദന്‍ എന്ന ഇന്ത്യന്‍ കടല്‍ വ്യാപാരിയെ പിന്തുടരുക മാത്രമാണ് ഗാമ ചെയ്തത്. അമേരിക്ക ക്രിസ്റ്റഫര്‍ കൊളംബസ് ആണ് കണ്ടുപിടിച്ചതെന്ന കാര്യം നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടേ യാതൊരു ആവശ്യവുമില്ലായിരുന്നു.

കൂടാതെ ഒളിമ്പിക്‌സ് ചരിത്രത്തിലും തിരുത്തലുകള്‍ ഉണ്ടെന്ന് പാര്‍മര്‍ ആരോപിച്ചു. ഗുജറാത്തിലെ റാൺ ഓഫ് കച്ചിൽ നടന്ന പുരാവസ്തു ഗവേഷണങ്ങളിൽ 5500 വർഷം പഴക്കമുള്ള രണ്ട് വലിയ സ്റ്റേഡിയങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആധുനിക ഒളിമ്പിക്‌സ് ആരംഭിക്കുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ പൂർവ്വികർക്ക് സ്‌പോർട്‌സിനെ കുറിച്ച് വിശദമായി അറിയാമായിരുന്നെന്നും വലിയ സ്റ്റേഡിയങ്ങൾ നിർമ്മിച്ചുവെന്നുമാണ് ഇതിനർത്ഥം, പാർമർ പറഞ്ഞു.

Story Highlights : America was not discovered by Columbus, Madhya Pradesh Higher Education Minister with a strange comment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here