ഇന്ന് വാസ്കോ ഡ ഗാമ കൊച്ചിയിൽ മരിച്ചതിന്റെ 500-ാം വാർഷികം, ചരമവാർഷികം ആചരിക്കണം എന്ന ആവശ്യത്തിന് ശശി തരൂരിന്റെ മറുപടി ഇങ്ങനെ

പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമയുടെ 500-ാം ചരമവാർഷികത്തോടനുബന്ധിച്ച് കേരളം ഒരു പരിപാടിപോലും സംഘടിപ്പിക്കുന്നില്ലെന്ന എക്‌സിൽ വന്ന ചോദ്യത്തിന് മറുപടിയുമായി ശശി തരൂർ.
ഇതൊരു വെല്ലുവിളി നിറഞ്ഞ ചോദ്യമാണ്. എന്തിനെയാണ് നമ്മൾ അനുസ്മരിക്കേണ്ടത് ചൂഷണവും അതിക്രമവുമാണോ? അതോ കൊളോണിയലിസത്തിലേക്ക് ഇന്ത്യയെ നയിച്ച യൂറോപ്പിന്റെ കണ്ടെത്തലുകളെയോ,അതുമല്ലെങ്കിൽ തോക്കിന്റെ മുനയിലെ കച്ചവടമോ എന്നായിരുന്നു തരൂരിന്റെ മറുപടി.
എക്‌സിൽ വന്ന പോസ്റ്റ് ഇങ്ങനെ
ഫോർട്ട്കൊച്ചിയിലെ സെൻ്റ് ഫ്രാൻസിസ് പള്ളിയിൽ, ചരിത്രം മരിച്ചു, കുഴിച്ചിട്ടവരെ മറന്നുപോയിരിക്കുന്നു. “പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമയെ കൊച്ചിയിലാണ് സംസ്കരിച്ചതെന്ന് ” എഴുതിയ ഒരു നീല ബോർഡ് മാത്രം ഇപ്പോൾ പള്ളിയിൽ ഉണ്ട്.
1498-ൽ ഇന്ത്യയിലേക്കുള്ള കടൽപാത കണ്ടെത്തുകയും അതുവഴി ആഗോള വ്യാപാരത്തിലും സാംസ്കാരിക വിനിമയത്തിലും വിപ്ലവം സൃഷ്ടിച്ച ആ മനുഷ്യൻ, ഇന്ത്യയിലേക്കുള്ള തൻ്റെ മൂന്നാമത്തെ യാത്രയ്ക്കിടെ മരണപ്പെട്ടിട്ട് ഇന്ന് 500 വർഷം തികയുന്നു. 1539-ൽ അദ്ദേഹത്തിൻ്റെ ഭൗതികാവശിഷ്ടങ്ങൾ കൊച്ചിയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുവന്ന ലിസ്ബണിലെ ജെറോണിമോസ് മൊണാസ്ട്രിയിൽ അദ്ദേഹത്തിന്റെ 500-ാം ചരമ വാർഷികത്തിൻ്റെ അനുസ്മരണ ചടങ്ങുകൾ സജീവമായി നടക്കുന്നുണ്ട് എന്നാൽ ഗാമ മരിച്ച സ്ഥലത്തോ ഒരു അനുസ്മരണ പരിപാടിപോലും നടക്കുന്നില്ല, എന്തിനേറെ പറയുന്നു ഒരു മെഴുകുതിരി പോലും കത്തിക്കുന്നില്ല.
It’s a challenging question: what would we be commemorating? Exploitation and rapacity? Europe’s “discovery” of India that led to colonialism and worse? Trade at the point of a gun? Or merely a fact of history that can’t be wished away? https://t.co/ihL5qCC4pH
— Shashi Tharoor (@ShashiTharoor) December 24, 2024
എന്നായിരുന്നു സാമൂഹ്യ മാധ്യമത്തിൽ കുറിച്ച പോസ്റ്റ്. ശശി തരൂരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു എക്‌സിൽ വന്ന പോസ്റ്റ്.
അതേസമയം, പോർച്ചുഗീസുകാരുടെ വലിയ ക്രൂരതകൾക്ക് സാക്ഷിയായവരാണ് കൊച്ചിയിലും മലബാറിലും ഉള്ള ജനവിഭാഗങ്ങളിലേറെയും. അതുകൊണ്ടായിരിക്കാം അദ്ദേഹത്തെ അനുസ്മരിക്കേണ്ട സാഹചര്യം ഇവിടെ ഇല്ലാത്തത്, ഫാ.പയസ് മലേകണ്ടത്തിൽ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.
1998-ൽ ഇന്ത്യയിൽ ഗാമയുടെ ആഗമനത്തിൻ്റെ 500-ാം വർഷം ആഘോഷിക്കാൻ ശ്രമിച്ചപ്പോൾ ശക്തമായ എതിർപ്പുണ്ടായി. ചരിത്രകാരന്മാരും എഴുത്തുകാരും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരുമടങ്ങുന്ന ഒരുകൂട്ടം ആളുകളുടെ നേതൃത്വത്തിൽ ഒരു കർമസമിതി രൂപീകരിച്ചുകൊണ്ടായിരുന്നു അന്നത്തെ പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത്തരം പരിപാടികൾ നടത്തരുതെന്നാവശ്യപ്പെട്ടുകൊണ്ട് വലിയ രീതിയിലുള്ള പ്രകടനങ്ങളും ഒരു വർഷത്തോളം നീണ്ടുനിന്ന പ്രതിഷേധ പരിപാടിയും അന്ന് അരങ്ങേറിയിരുന്നു.
അതുപോലെ തന്നെയായിരുന്നു ക്രിസ്റ്റഫർ കൊളംബസ് അമേരിക്ക കണ്ടുപിടിച്ച ദിവസവും ആഘോഷമാക്കാൻ ശ്രമിച്ചെങ്കിലും അതിനും നിഷേധ ശബ്ദം ഉയർന്നിരുന്നതിനാൽ പ്രാവർത്തികമാക്കാൻ സാധിച്ചിരുന്നില്ല. ആഘോഷിക്കേണ്ടത് ആധിപത്യമാണോ അതോ കീഴടക്കലാണോ എന്നതായിരുന്നു ഉയർന്നുവന്നിരുന്നു ചോദ്യം ഫാ.പയസ് കൂട്ടിച്ചേർത്തു.
ഗാമ അവസാനമായി കേരളത്തിൽ വന്നുവെന്ന് പറയുന്ന സമയത്ത് തന്നെ വാർദ്ധക്യ സഹജമായ രോഗങ്ങളുടെ പിടിയിലായിരുന്നുവെന്നും അദ്ദേഹം മലേറിയ ബാധിച്ചാണ് മരിച്ചതെന്നും ചില യാഥാർഥ്യങ്ങൾ ഉണ്ട്. മാത്രമല്ല ഗാമയുടെ മരണസമയത്തും കൊച്ചി പോർച്ചുഗീസ് സ്ഥാപനങ്ങളുടെ തലസ്ഥാനമായിരുന്നു. പിന്നീടാണ് അവ ഗോവയിലേക്ക് മാറ്റപ്പെടുന്നത് ഫാ.പയസ് പറഞ്ഞു.
എന്നാൽ ഇതിനെല്ലാം ഉപരി പള്ളിയുടെ പരിസരത്തുള്ള മിക്ക ഫോർട്ട് കൊച്ചി നിവാസികൾക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് വാസ്കോ ഡ ഗാമ ആരാണെന്നോ അദ്ദേഹത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചോ പലർക്കും അറിയില്ല.
1524-ൽ വാസ്കോ ഡ ഗാമ മരിക്കുന്നതുവരെ, കൊച്ചി സന്ദർശനവേളയിൽ അദ്ദേഹം താമസിച്ചിരുന്ന വീട് ‘വാസ്കോ ഹൗസ്’ ഇപ്പോൾ ഒരു ഹോംസ്റ്റേയാണ് (മമ്മൂട്ടി നായകനായ അമൽ നീരദ് ചിത്രം ബിഗ്-ബി ചിത്രീകരിച്ചതും ഇവിടെത്തന്നെ ). മുത്തച്ഛൻ്റെ കാലത്താണ് ഈ കെട്ടിടം തൻ്റെ കുടുംബത്തിന് ലഭിച്ചതെന്നാണ് ഹോംസ്റ്റേ നടത്തുന്ന സന്തോഷ് ടോം ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നത്. അദ്ദേഹത്തിന്റെ ഒരു സ്മാരകത്തെക്കുറിച്ചും ആരും സംസാരിക്കുന്നത് ഞാൻ കേട്ടില്ല, ഗാമ ഇവിടെയാണ് താമസിച്ചതെന്നും വീടിനോട് ചേർന്നുള്ള പള്ളിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചതെന്നും ഞങ്ങൾക്ക് മാത്രമേ അറിയൂ സന്തോഷ് ടോം പറഞ്ഞവസാനിപ്പിച്ചു.
Story Highlights : Shashi Tharoor’s response to the demand to observe Vasco da Gama’s 500th death anniversary in Kochi today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here