‘ശർമിളയും സുഭദ്രയും തമ്മിൽ സാമ്പത്തിക ഇടപാട്; ദമ്പതികൾ സ്ഥിരം മദ്യപാനികൾ’; മാത്യൂസിന്റെ കുടുംബം
കൊല്ലപ്പെട്ട സുഭദ്രയെ അറിയാമെന്ന് പ്രതിയെന്ന് സംശയിക്കുന്ന മാത്യുവിന്റെ കുടുംബം. കല്യാണത്തിന് ശർമിളയ്ക്കൊപ്പം സുഭദ്ര ഉണ്ടായിരുന്നതായി മാത്യൂസിന്റെ പിതാവ് ക്ലീറ്റസ് പറയുന്നു. ആന്റി എന്നാണ് പരിചയപ്പെടുത്തിയിരുന്നത്. ശർമിളയും സുഭദ്രയും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി ക്ലീറ്റസ് പറഞ്ഞു.
കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാൽ തർക്കം ഉണ്ടായിട്ടുണ്ട്. പണം തിരികെ ലഭിക്കാൻ സുഭദ്ര വീട്ടിലെത്തി ബഹളം വച്ചിട്ടുണ്ടെന്ന് ക്ലീറ്റസ് പറയുന്നു. ഒരാഴ്ചയോളം കുടുംബവീട്ടിൽ സുഭദ്ര താമസിച്ചിട്ടുണ്ട് എന്നും മാത്യൂസിന്റെ കുടുംബം വെളിപ്പെടുത്തി. മാത്യൂസും ശർമിളയും സ്ഥിരം മദ്യപാനികൾ എന്ന് കുടുംബം പറയുന്നു. മാത്യൂസിനെക്കാൾ വലിയ മദ്യപാനിയായിരുന്നു ശർമിള. മാത്യൂസിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. കല്യാണത്തിനു ശേഷമാണ് ശർമിള ഫ്രോഡ് ആണ് എന്ന് മനസ്സിലായതെന്ന് കുടുംബം പറയുന്നു.
ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നു എന്നും തുടർന്ന് വീട്ടിൽ നിന്ന് ഇറക്കി വിട്ടതായും കുടുംബം പറഞ്ഞു. മാത്യുവിന്റെ കൈ ശർമിള വെട്ടി പരിക്കേല്പിച്ചിട്ടുണ്ട്. നിതിൻ മാത്യുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചെന്ന പരാതിയിൽ ശർമിളക്കെതിരെ മണ്ണഞ്ചേരി പോലീസിൽ കേസുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരെയും നിയമത്തിന് മുൻപിൽ കൊണ്ട് വരണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
സുഭദ്രയുടെ പോസ്റ്റ്മോർട്ടം ഇന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ നടക്കും. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. അതുകൊണ്ടുതന്നെ പോസ്റ്റുമോർട്ടം സങ്കീർണ്ണമാകും. പ്രതികളെന്നു സംശയിക്കുന്ന നിതിൻ മാത്യുവിനും ശർമിളക്കും വേണ്ടി ഉടുപ്പിയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സുഭദ്രയുടെ സ്വർണാഭരണങ്ങൾ ഇവർ കവർന്നെങ്കിലും കൊലയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല.
Story Highlights : Subhadra murder case Mathews and Sharmila alcoholics says Mathews family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here