ഇലയില്‍ ചപ്പാത്തി വിളമ്പി ഏഥര്‍ കമ്പനി; ലോകമെമ്പാടുമുള്ള മലയാളികള്‍ ഇളകി
ഓണം എത്തിയതോടെ എല്ലാ ഓഫിസുകളിലും ഓണാഘോഷങ്ങള്‍ നടക്കുന്നതിനിടെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥറിന്റെ ഓഫിസിലും ആഘോഷങ്ങള്‍ നടന്നു. എല്ലായിടത്തേയും പോലെ സെറ്റുമുണ്ടും മുണ്ടും ഷര്‍ട്ടുമൊക്കെ അണിഞ്ഞ ജീവനക്കാരുണ്ട്. ഇലയിട്ട് പപ്പടം, പഴം, അച്ചാര്‍, ഉപ്പേരി, മുതലായവയൊക്കെ ഊണിന് നിരത്തിയിട്ടുണ്ട്. പക്ഷേ ഒരൊറ്റയൊന്ന് കുറഞ്ഞുപോയി. ഇലയില്‍ ചോറുമാത്രമില്ല. എല്ലാവര്‍ക്കും വിളമ്പിയത് ചപ്പാത്തി… ഉണ്ണാന്‍ വിളിച്ച് ഇലയിട്ടിട്ട് ചോറില്ലെങ്കില്‍ മലയാളി വിടുമോ? സോഷ്യല്‍ മീഡിയ ഇളകി… ചോറ് കുത്തിപ്പിടിച്ച് വാങ്ങുമെന്ന വാശിയോടെ. (Ather company served chapati in onam sadhya Malayalis all over the world reacts)
ഏഥര്‍ സഹസ്ഥാപകന്‍ തരുണ്‍ മേത്ത ഏഥറിലെ ഓണാഘോഷ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചപ്പോഴാണ് സദ്യയില്‍ ചോറില്ലെന്ന് മലയാളികള്‍ മനസിലാക്കിയത്. പിന്നീട് കമന്റുകളുമായി മലയാളികള്‍ അവിടെത്തന്നെ അങ്ങ് കൂടി. കറികളുടെ നടുക്ക് ചപ്പാത്തി വച്ചിരിക്കുന്ന ആ ഇല കണ്ട് കരഞ്ഞുപോയെന്നാണ് ട്വിറ്ററില്‍ നിരവധി പേര്‍ കമന്റിട്ടിരിക്കുന്നത്. മോരൊഴിച്ച് കഴിക്കാനെങ്കിലും അല്‍പം ചോര്‍ വിളമ്പിയില്ലെങ്കില്‍ ഒറ്റയൊന്നിനേയും വെറുതെ വിടില്ലെന്ന് ക്ഷുഭിതരായ മലയാളികള്‍ പറയുന്നു.
ഓണത്തിന് എത്രകൂട്ടം കറികളുണ്ടാകുമെന്നും നടുവിലിങ്ങനെ തുമ്പപ്പൂ ചോര്‍ വിളമ്പണമെന്നും മീമുകളിലൂടെയും സ്റ്റിക്കറുകളിലൂടെയും ഏഥറിനെ പഠിപ്പിക്കുന്നുമുണ്ട് മലയാളികള്‍. എന്തൊക്കെ പറഞ്ഞാലും കേരളത്തിന്റെ സംസ്‌കാരത്തെ ബഹുമാനിക്കാനും അതിന്റെ ഉത്സവത്തെ ആഘോഷിക്കാനും മനസുണ്ടായതിന് ഒരുകൂട്ടം പേര്‍ ഏഥറിന് നന്ദിയും അറിയിക്കുന്നുണ്ട്.
Story Highlights : Ather company served chapati in onam sadhya Malayalis all over the world reacts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here