ഷെഫീക്കിനെ ഉപേക്ഷിക്കാനാകില്ല; സർക്കാർ ജോലി വേണ്ടെന്ന് രാഗിണി, പകരം അഭ്യർത്ഥന
ഇടുക്കി കുമളിയിൽ പിതാവിൻ്റെയും രണ്ടാനമ്മയുടെയും ക്രൂരതയ്ക്ക് ഇരയായി ആരോഗ്യപ്രശ്നങ്ങളുമായി ജീവിക്കുന്ന ഷെഫീഖിനെ മലയാളി മറന്നിട്ടുണ്ടാവില്ല. ഷെഫീഖിനെ പരിചരിക്കാൻ സർക്കാർ തെരഞ്ഞെടുത്ത രാഗിണി പതിനൊന്ന് വർഷമായി പോറ്റമ്മയായി ഷെഫീഖിനൊപ്പമുണ്ട്. ഇപ്പോഴിതാ രാഗിണിക്ക് സർക്കാർ വാഗ്ദാനം ചെയ്ത ജോലിയുടെ കാര്യത്തിൽ വർഷങ്ങൾക്ക് ശേഷം തീരുമാനമായിരിക്കുകയാണ്. സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സംയോജിത ശിശു വികസന പദ്ധതി അറ്റൻ്ററായി രാഗിണിയെ സർക്കാർ നിയമിക്കുകയായിരുന്നു. എന്നാൽ ഷെഫീക്കിനെ ഉപേക്ഷിച്ച് ജോലിയിൽ പ്രവേശിക്കാനില്ലെന്നാണ് രാഗിണിയുടെ തീരുമാനം.
അവിവാഹിതയായ രാഗിണി ഷെഫീഖിന് ഒപ്പം കഴിഞ്ഞ പതിനൊന്ന് വർഷമായി കാവലായി ഉണ്ട്. ഒരു മാസത്തേക്ക് കെയർ ടേക്കറായി വന്ന രാഗിണിക്ക് ആദ്യത്തെ മാസം മാത്രാമാണ് സർക്കാർ ആനുകൂല്യം ലഭിച്ചത്. വൈകിയാണെങ്കിലും സർക്കാരിൽ നിന്ന് ലഭിച്ച നിയമനത്തിൽ സന്തോഷമുണ്ട്. ഷെഫീഖിനെ ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്ത് ജോലിക്ക് പോകാനാകില്ലെന്ന് രാഗിണി ട്വന്റിഫോറിനോട് പറഞ്ഞു. ഷെഫീഖിനൊപ്പം നിൽക്കുന്ന തരത്തിൽ നിയമന സാധ്യതയുണ്ടെങ്കിൽ മാത്രമെ ജോലിയിൽ പ്രവേശിക്കു എന്ന നിലപാടിലാണ് രാഗിണി.
2013 ആഗസ്റ്റ് 15 നാണ് രാഗിണി ആദ്യമായി ഷെഫീഖിനെ കാണുന്നത്.ആശുപത്രി കിടക്കയിൽ മുറിവുകളുമായി ചലനമറ്റ കിടന്ന ആ നാലു വയസുകാരനെ വാവച്ചി എന്ന് വിളിച്ച് രാഗിണി പോറ്റമ്മയായി. പിതാവിൻ്റെയും രണ്ടാനമ്മയുടെയും ക്രൂരമായ മർദനത്തിനരയായി ആശുപത്രിയിൽ കഴിഞ്ഞ ഷെഫീഖിനെ ഏറ്റെടുക്കാൻ ആരും ഉണ്ടായിരുന്നില്ല. ഷെഫീഖിന് കെയർ ടേക്കറെ നൽകാൻ നൽകാൻ അന്നത്തെ സർക്കാർ തീരുമാനിച്ചു. അങ്ങനെയാണ് ഇടുക്കി ഏലപ്പാറയിലെ അങ്കണവാടിയിൽ ഹെൽപ്പർ ആയിരുന്ന രാഗിണി ഷെഫീഖിന് അമ്മയായി മാറിയത്.
Story Highlights : Parents tortured Shafeeq, while Ragini gives hope
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here