ജിഎസ്‌ടിയെ വിമർശിച്ച അന്നപൂർണ റെസ്റ്റോറൻ്റ് മുതലാളി കേന്ദ്രമന്ത്രിക്ക് മുന്നിൽ ക്ഷമാപണം നടത്തി; വീഡിയോ വൈറൽ, വിമർശനം ശക്തം
തമിഴ്നാട്ടിലെ പ്രശസ്ത റെസ്റ്റോറൻ്റ് ശൃംഖല അന്നപൂർണ ഹോട്ടലിൻ്റെ എംഡി ശ്രീനിവാസൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് ക്ഷമ ചോദിക്കുന്ന വീഡിയോ വൈറലാകുന്നു. താൻ ഒരു പാർട്ടിയുടെയും അംഗമല്ലെന്നും തന്നെ ദയവായി ഒഴിവാക്കണമെന്നുമാണ് തമിഴ്നാട്ടിലെ ഹോട്ടൽ ഓണേർസ് ഫെഡറേഷൻ പ്രസിഡൻ്റ് കൂടിയായ അദ്ദേഹം വീഡിയോയിൽ ആവശ്യപ്പെടുന്നത്. തമിഴ്നാട് ബിജെപി സോഷ്യൽ മീഡിയ സെൽ സംസ്ഥാന കൺവീനർ എംഎസ് ബാലാജിയാണ് വീഡിയോ പങ്കുവെച്ചത്. ജിഎസ്‌ടി സങ്കീർണതകളെ വിമർശിച്ചതിനാണ് ശ്രീനിവാസനെ കൊണ്ട് മാപ്പ് പറയിപ്പിച്ചതെന്നാണ് സമൂഹ മാധ്യമങ്ങളിലെ വിമർശനം.
ജിഎസ്‌ടിക്കെതിരെ കേന്ദ്ര ധനമന്ത്രി പങ്കെടുത്ത യോഗത്തിൽ വച്ച് ശ്രീനിവാസൻ വിമർശിക്കുന്നതിൻ്റെ വീഡിയോ ദൃശ്യം പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളടക്കം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. വ്യത്യസ്ത ഭക്ഷണ സാധനങ്ങൾക്ക് വ്യത്യസ്ത നികുതി നിരക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളാണ് യോഗത്തിൽ ശ്രീനിവാസൻ ഉന്നയിച്ചത്. ഇതിന് പിന്നാലെ വന്ന കേന്ദ്രമന്ത്രിയും ശ്രീനിവാസനും തമ്മിലുള്ള സ്വകാര്യ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നത്.
കേന്ദ്രമന്ത്രിയുടേത് ധിക്കാരമാണെന്നടക്കം വിമർശനം രണ്ടാമത്തെ വീഡിയോക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. തമിഴ്നാടിൻ്റെ ആത്മാഭിമാനത്തെയാണ് കേന്ദ്ര മന്ത്രിയും കേന്ദ്ര സർക്കാരും കുത്തി നോവിച്ചിരിക്കുന്നതെന്ന് ഡിഎംകെ എംപി കനിമൊഴി വിമർശിച്ചു.
സമാനമായ സംഭവങ്ങൾ നികുതിയുമായി ബന്ധപ്പെട്ട് നേരത്തെയും ഉയർന്നിട്ടുണ്ട്. പ്രധാനമന്ത്രി പങ്കെടുത്ത ബിജെപി യോഗത്തിലാണ് സമാന സംഭവം നടന്നത്. 2018 ഡിസംബറിൽ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും ബിജപി പ്രവർത്തകരുമായി പ്രധാനമന്ത്രി നത്തിയ യോഗത്തിൽ നിർമൽ കുമാർ ജയിനാണ് രാജ്യത്തെ ഇടത്തരക്കാർ കേന്ദ്രസർക്കാർ നികുതിപിരിവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് കരുതുന്നതായി പറഞ്ഞത്. ഈ ചോദ്യത്തിന് ഉത്തരം നൽകാതെ പ്രധാനമന്ത്രി പരിപാടി അവസാനിപ്പിച്ച് മടങ്ങി.
Story Highlights : Tamil Nadu entrepreneur apologises to Nirmala Sitharaman after his viral video criticising GST complexities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here