പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 74ആം ജന്മദിനം. ജവഹർലാൽ നെഹ്രുവിനുശേഷം മൂന്നുവട്ടം തുടർച്ചയായി പ്രധാനമന്ത്രിയായെന്ന നേട്ടം നരേന്ദ്രമോദിക്ക് സ്വന്തം. ഒരു നേതാവെന്ന നിലയിൽ നരേന്ദ്ര മോദി രാജ്യത്തിന്റെ മാറ്റത്തിന്റെ ഉത്തേജകശക്തികളിൽ ഒരാളാണ്. 2014-ൽ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മുതൽ സാമ്പത്തിക ചലനാത്മകതയ്ക്കും ദേശീയ സുരക്ഷയ്ക്കും ശുചിത്വത്തിനും മികച്ച പരിഗണന നൽകുന്ന പുതിയ ഇന്ത്യയെപ്പറ്റിയുള്ള വീക്ഷണമാണ് മോദി പങ്കുവച്ചിട്ടുള്ളത്.
അടിസ്ഥാന സൗകര്യവികസനത്തിനും ഡിജിറ്റൽ സാക്ഷരതയ്ക്കും രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഊന്നൽ നൽകുകവഴി ഇന്ത്യയുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധമാണ് മോദി പകരുന്നത്. 1950 സെപ്തംബർ 17ന് ഗുജറാത്തിലെ വഡ്‌നഗറിലായിരുന്നു മോദിയുടെ ജനനം. ചെറുപ്പം മുതൽ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ അംഗമായിരുന്ന മോദി 1987ൽ ബിജെപി ഗുജറാത്ത് ഘടകത്തിന്റെ ഓർഗനൈസിങ് സെക്രട്ടറിയായതോടെയാണ് ജനശ്രദ്ധയിലെത്തിയത്. കഠിനാധ്വാനം കൊണ്ടും ആത്മാർപ്പണം കൊണ്ടും പാർട്ടിയിൽ പടിപടിയായി ഉയർന്ന മോദി 2001 മുതൽ 2014 മേയ് 16 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായി.
2014ൽ പ്രധാനമന്ത്രിയായശേഷം നടപ്പാക്കിയ നോട്ട് നിരോധനം കടുത്ത വിമർശനം ഏറ്റുവാങ്ങിയെങ്കിൽ ശുചിത്വ പ്രചാരണമായ സ്വച്ഛ് ഭാരത് അഭിയാൻ വലിയരീതിയിൽ ശ്രദ്ധിക്കപ്പെട്ടു. 2019ൽ രണ്ടാംവട്ടവും കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ നരേന്ദ്രമോദി സർക്കാർ ജമ്മുകശ്മീരിന് പ്രത്യേകാധികാരം നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കിയതും പൗരത്വഭേദഗതി നിയമവും പ്രതിഷേധങ്ങൾക്കിടയാക്കി. മോദിയുടെ ഗ്യാരണ്ടിയിൽ ബിജെപി മത്സരിച്ച 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിൽ ബിജെപിയെ എത്തിക്കുന്നതിൽ പരാജയപ്പെട്ടത് മോദിയുടെ തിളക്കം കുറച്ചിട്ടുണ്ടെങ്കിലും വികസനപ്രവർത്തനങ്ങളിലൂടെ അതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് മോദി.
മൂന്നാം മോദി സർക്കാർ നൂറുദിവസം പിന്നിട്ടപ്പോൾ അടിസ്ഥാനസൗകര്യ വികസനത്തിനായി മൂന്നുലക്ഷം കോടിരൂപ പദ്ധതികൾക്ക് അംഗീകാരം നൽകിയതും ലോകനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളിലൂടെ ഇന്ത്യയുടെ അഭിമാനമുയർത്തിയതും ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതിച്ഛായ വളർന്നതും മോദിയുടെ ജന്മദിനത്തിന് കൂടുതൽ തിളക്കം പകർന്നിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല.
Story Highlights : PM Narendra Modi turns 74
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here