ആശ്വാസമായി നിപ പരിശോധന ഫലം; 10 പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവ്
സംസ്ഥാനത്ത് 10 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരിച്ച യുവാവിന്റെ മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് പുതുതായി 11 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്.
നിപ സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആകെ 266 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 176 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 133 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. രോഗലക്ഷണങ്ങളുമായി 2 പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഇവര്‍ അടക്കം 6 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 21 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്.
സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് നല്‍കിവരുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ന് 11 പേര്‍ ഉള്‍പ്പെടെ 226 പേര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കിയിട്ടുണ്ട്. ഫീല്‍ഡ് സര്‍വേയുടെ ഭാഗമായി മമ്പാട്, തിരുവാലി, വണ്ടൂര്‍ പഞ്ചായത്തുകളിലായി ആകെ 1044 വീടുകളില്‍ ഇന്ന് സര്‍വെ നടത്തി. ആകെ 7953 വീട്ടുകളിലാണ് ഇതിനകം സര്‍വേ പൂര്‍ത്തിയാക്കിയതെന്നും 19 പനി കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആകെ 175 പനി കേസുകള്‍ സര്‍വേയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Story Highlights : Nipah victim contact list test negative in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here