തീവ്രവാദി പരാമർശം; കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെതിരെ കേസ്
രാഹുൽ ഗാന്ധിക്കെതിരായ തീവ്രവാദി പരാമർശത്തിൽ കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തു. കർണാടക പിസിസി ഭാരവാഹികളുടെ പരാതി പ്രകാരമെടുത്ത കേസിൽ കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ബംഗളൂരുവിലാണ് കേന്ദ്രമന്ത്രിക്കെതിരെയുള്ള കേസ് രജിസ്റ്റർ ചെയ്തത്.
രാഹുല്‍ ഗാന്ധി നമ്പര്‍ 1 ഭീകരവാദി എന്ന പരാമര്‍ശമാണ് കേന്ദ്ര മന്ത്രി രവ്‌നീത് സിങ് ബിട്ടു നടത്തിയത്. അമേരിക്കയില്‍ രാഹുല്‍ നടത്തിയ പരാമർശങ്ങളെ വിമർശിച്ചുകൊണ്ടായിരുന്നു ബിട്ടുവിന്റെ വാക്കുകള്‍. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്ന നേതാവാണ് ബിട്ടു.
രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനല്ല. മുഴുവൻ സമയവും രാഹുല്‍ വിദേശത്താണ്. വിദേശത്തുപോയി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. രാഹുലിന് സ്വന്തം രാജ്യത്തോട് സ്നേഹമില്ല. വിഘടനവാദികളും തോക്കുകളും ബോംബുകളും നിർമ്മിക്കുന്നവരുമെല്ലാം രാഹുല്‍ പറഞ്ഞ കാര്യങ്ങളെ അഭിനന്ദിക്കുകയാണ്, എന്നായിരുന്നു ബിട്ടുവിന്റെ വിമർശനം.
വിമാനങ്ങളും ട്രെയിനുകളും തകർക്കാൻ ശ്രമിക്കുന്ന രാജ്യത്തിന്റെ ശത്രുക്കളെല്ലാം രാഹുലിനാണ് പിന്തുണ നല്‍കുന്നത്. ഒന്നാം നമ്പർ ഭീകരവാദിയേയും രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവിനേയും പിടികൂടാൻ ഒരു അവാർഡ് പ്രഖ്യാപിക്കുകയാണെങ്കില്‍ അത് രാഹുലിന് വേണ്ടിയായിരിക്കണമെന്നും ബിട്ടു കൂട്ടിച്ചേർത്തു.
സിഖ് സമൂഹത്തെക്കുറിച്ച് രാഹുല്‍ അമേരിക്കയില്‍ നടത്തിയ പരാമർശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സിഖ് സമൂഹത്തിന് തലപ്പാവ് ധരിക്കാനും ഗുരുദ്വാരയില്‍ പോകാനും കഡ ധരിക്കാനുമായുള്ള സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമാണ് ഇന്ത്യയില്‍ നടക്കുന്നതെന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. എല്ലാ മതവിഭാഗങ്ങള്‍ക്കും വേണ്ടിയാണ് പോരാട്ടം നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, ബിട്ടുവിന് പുറമെ ബിജെപി നേതാവ് തര്‍വിന്ദര്‍ സിങ്, ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എ സഞ്ജയ് ഗെയ്ക്വാദ്, ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിങ് എന്നിവരും രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയിരുന്നു. തര്‍വീന്ദര്‍ സിങ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്നാണ് പറഞ്ഞത്. നന്നായി പെരുമാറിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ദിരാ ഗാന്ധിയുടെ ഗതിയുണ്ടാകുമെന്നായിരുന്നു തര്‍വീന്ദര്‍ സിങിന്റെ പ്രസ്താവന. രാഹുലിന്റെ നാവ് അരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു സഞ്ജയ് ഗെയ്ക്വാദിന്റെ പ്രഖ്യാപനം.
Story Highlights : FIR registered against Ravneet Singh Bittu over ‘terrorist’ remark against Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here