പേജർ പൊട്ടിത്തെറി: റേഡിയോ സിഗ്നൽ വഴി ബാറ്ററി ചൂടാക്കി പൊട്ടിച്ചതോ അല്ല സ്ഫോടക വസ്തുവോ? ഉത്തരം തേടി ഹിസ്ബുല്ല
ലെബനനിലെ പേജർ സ്ഫോടനങ്ങളിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് മധ്യേഷ്യ. 12 പേർ കൊല്ലപ്പെടുകയും 2700 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഹിസ്ബുല്ലയും ഇറാനും ഇസ്രായേലിനെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ആരോപണം തെളിയിക്കുന്ന തെളിവുകളില്ല. ഇസ്രയേൽ സൈന്യം പ്രതികരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല. തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല പറയുമ്പോൾ മധ്യേഷ്യ ആശങ്കയിലാണ്.
ഹിസ്ബുല്ല പുതുതായി വാങ്ങിയ പേജറുകളിൽ കൃത്രിമം നടത്തിയാണ് ആക്രമണം നടത്തിയതെന്ന് പലരും കരുതുന്നു. ഇസ്രയേലിൻ്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ഹിസ്ബുല്ല പുതുതായി വാങ്ങിയ 5000 ത്തോളം പേജറുകളിൽ സ്ഫോടക വസ്തു നിറച്ചുവെന്നാണ് ലെബനീസ് സുരക്ഷാ ഏജൻസി ഉന്നതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതും ആരോപണം മാത്രമാണ്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. പേജർ റേഡിയോ സംവിധാനം ഹാക്ക് ചെയ്താവാം ആക്രമണം നടത്തിയതെന്ന വാദവും ശക്തമാണ്. ഈ ഹാക്കിങിലൂടെ പേജർ ബാറ്ററികൾ അമിതമായി ചൂടാക്കാനുള്ള വഴിയൊരുക്കി പൊട്ടിത്തെറിയിലേക്ക് നയിച്ചതാവാമെന്നാണ് വാദം.
എന്നാൽ പേജറിനകത്ത് നേരത്തെ തന്നെ കൃത്രിമത്വം നടന്നിരിക്കാമെന്ന് ബ്രിട്ടീഷ് ഏജൻസികളുടേതെന്ന നിലയിൽ പ്രതികരണം വന്നിട്ടുണ്ട്. പുതുതായി വാങ്ങിയ 5000 പേജറുകളിൽ പൊട്ടിയ 3000 ത്തോളം പേജറുകൾ കഴിഞ്ഞാൽ 2000ത്തിലധികം പേജറുകളിൽ ഹിസ്ബുല്ല പരിശോധന നടത്തി. ഒന്ന് മുതൽ മൂന്ന് ഗ്രാം വരെ പിഇടിഎൻ എന്ന പ്രഹരശേഷി കൂടിയ സ്ഫോടക വസ്തുക്കളും ചെറിയ ഇരുമ്പ് ഗോളങ്ങളും ഇവയിൽ കണ്ടെത്തിയെന്നും റിപ്പോർട്ടുണ്ട്.
അമേരിക്കയ്ക്കും യൂറോപ്യൻ യൂണിയനും അവരുടെ പാശ്ചാത്യ സഖ്യ രാഷ്ട്രങ്ങൾക്കും കണ്ണിലെ കരടുകളിൽ ഒന്നാണ് ലെബനൻ. യു.എസ്, യു.കെ, ജപ്പാൻ പോലുള്ള രാജ്യങ്ങൾ ഹിസ്ബുല്ലയെ തീവ്രവാദ സംഘമായതാണ് കരുതുന്നത്. ഈ രാജ്യങ്ങളിലെ കമ്പനികൾ നേരിട്ട് ലെബനനുമായി വ്യാപാര ബന്ധത്തിലേർപ്പെടാൻ സാധിക്കില്ല. അതിനാൽ തന്നെ ഹിസ്ബുല്ല ഈ രാജ്യങ്ങളിൽ നിന്ന് ഒരു മൂന്നാം കക്ഷിയുടെ സഹായത്തോടെയാണ് ഉൽപ്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ലെബനനിലേക്കുള്ള ചരക്കുകൾ മൂന്നാം കക്ഷിയുടെ കസ്റ്റഡിയിൽ തുറമുഖത്ത് മാസങ്ങളോളം കിടക്കാറുണ്ട്. അത്തരത്തിൽ പേജർ ലോഡുകളിൽ തുറമുഖത്ത് വച്ച് കൃത്രിമത്വം നടന്നോയെന്ന സംശയവും ബലപ്പെട്ടു.
അപ്പോഴും സംശയത്തിൻ്റെ ദൃഷ്ടിയിൽ നിന്ന് പേജർ നിർമ്മിച്ച കമ്പനികൾ മുക്തരാക്കപ്പെട്ടിട്ടില്ല. തായ്‌വാനിലെ പേജർ നിർമ്മാണ കമ്പനി ഗോൾഡ് അപ്പോളോയുടെ ട്രേഡ് മാർക്ക് പതിച്ച പേജറുകളാണ് പൊട്ടിത്തെറിച്ചത്. എന്നാൽ തങ്ങളുടെ ട്രേഡ് മാർക്ക് മാത്രമേയുള്ളൂവെന്നും ഇവ നിർമ്മിച്ചത് ഹങ്കേറിയൻ കമ്പനിയായ ബിഎസിയാണെന്ന് ഇവർ പറയുന്നു. ഇരു കമ്പനികളും തമ്മിൽ നേരത്തെ ഒപ്പുവച്ച കരാറിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ ബിഎസിയുടെ ഭാഗത്ത് നിന്ന് ഇതുവരെ പരസ്യ പ്രതികരണം വന്നിട്ടില്ല. ഹങ്കറി തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് ബിഎസി കൺസൾട്ടിങ് പ്രവർത്തിക്കുന്നത്. എന്നാൽ ഈ കമ്പനിയുടെ പേരെഴുതിയ കെട്ടിടം സ്ഥിതി ചെയ്യുന്നത് ഒരു ജനവാസ മേഖലയിലാണ്. അവരുടെ ഫാക്ടറിയൊന്നും ഇവിടെയില്ല.
ഹിസ്ബുല്ല നേതാവ് ഹസൻ നസ്രള്ള ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മൊബൈലുകൾ ഉപയോഗിക്കേണ്ടെന്നും പേജറുകളിലേക്ക് മടങ്ങാനും ആഹ്വാനം ചെയ്തത്. ഏഴ് മാസത്തിനിപ്പുറം ലോക ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ആക്രമണത്തിൻ്റെ ഞെട്ടലിലേക്കാണ് ഹസൻ നസ്രള്ളയും സംഘവും എത്തിനിൽക്കുന്നത്.
Story Highlights : Hisbullah on Pager Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here