സിനിമ സെറ്റിൽ കഥപറയുന്ന പൊന്നമ്മ ചേച്ചി
ഒരു കലാകാരി എന്നതിന് പുറമെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ആളായിരുന്നു കവിയൂർ പൊന്നമ്മയെന്ന് നടൻ ഹരിശ്രീ അശോകൻ ഓർക്കുന്നു. അമ്മ അമ്മായിയമ്മ എന്ന ചിത്രത്തിൽ പൊന്നമ്മ ചേച്ചിയുടെ മകനായി അഭിനയിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. സെറ്റിലെത്തിക്കഴിഞ്ഞാൽ പിന്നെ ചേച്ചി ഒരുപാട് കഥകൾ പറഞ്ഞുതരും അതിൽ പലതും അഭിനയിച്ച സിനിമകളുടെ വിശേഷങ്ങളാവും കൂടുതൽ പറയുക.ചേച്ചി എന്ത് പറഞ്ഞാലും അത് ഒരമ്മ പറഞ്ഞുതരുന്നത് പോലെ നല്ല വാത്സല്യത്തോടെയാണ് ഞങ്ങളിൽ പലരും കേട്ടിരിക്കാറുള്ളത്. അത്ര മധുരമുള്ള ശബ്ദമായിരുന്നു പൊന്നമ്മ ചേച്ചിയുടേത്, ഹരിശ്രീ അശോകൻ ഓർക്കുന്നു.
മലയാള സിനിമയിൽ ആറുപതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന നടിയായിരുന്നു കവിയൂർ പൊന്നമ്മ. അമ്മ വേഷത്തിൽ പകരംവക്കാനില്ലാത്ത നടിയാണ് താനെന്ന് പലതവണ തെളിയിച്ച പൊന്നമ്മ എഴുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 14-ാമത്തെ വയസ്സിൽ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തേക്ക് കടന്നുവന്നത്. കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി.
Read Also: ‘ഇരുപതാം വയസിൽ പൊന്നമ്മ എന്റെ അമ്മയായി, സിനിമയുള്ളിടത്തോളം പൊന്നമ്മ ജീവിച്ചിരിക്കും’: നടൻ മധു
1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. 1965ൽ തൊമ്മന്റെ മക്കളിൽ സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചു. 1965 ലെ തന്നെ ഓടയിൽനിന്നിൽ സത്യന്റെ നായികാകഥാപാത്രമായി.മലയാള സിനിമാരംഗത്തെ മിക്ക പ്രമുഖ നടൻമാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായുള്ള വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. വാർധക്യസഹജമായ രോഗത്തെത്തുടർന്ന് കൊച്ചി ലിസി ആശുപത്രിയിലായിരുന്നു കവിയൂർ പൊന്നമ്മയുടെ മരണം. 79 വയസായിരുന്നു.
Story Highlights : Actress kaviyoor ponnamma tribute
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here