മാഞ്ഞത് മലയാളത്തിന്റെ അമ്മ നിലാവ്
അഭ്രപാളിയിലെ അമ്മ മുഖം.ഇരുപതാം വയസിൽ വെള്ളിത്തിരയിലെത്തിയ പൊന്നമ്മ അമ്മ വേഷങ്ങൾ ചെയ്തുതുടങ്ങി. സത്യനും നസീറിനുമെല്ലാം പൊന്നമ്മ അമ്മയായി. പിന്നീട് അങ്ങോട്ട് അമ്മവേഷങ്ങളിലൂടെയാണ് അവർ ശ്രദ്ധിക്കപ്പെട്ടത്. മെഗാസ്റ്റാറുകളുടെ എല്ലാം അമ്മവേഷത്തിൽ എത്തിയ പൊന്നമ്മ മലയാളികൾക്ക് ഏറെ പ്രയങ്കരിയാണ്.
മലയാള സിനിമയിൽ ഇപ്പോൾ അത്ര സജ്ജീവമല്ലെങ്കിൽപോലും കവിയൂർ പൊന്നമ്മ അഭിനയിച്ചു തകർത്ത ഒരുപിടി അമ്മ കഥാപാത്രങ്ങൾക്ക് ഒരിക്കലും മരണമുണ്ടാകില്ല. മലയാള സിനിമ പ്രേക്ഷകരുടെ കണ്ണ് നനയിപ്പിച്ച ഒരുപാട് രംഗങ്ങൾ ബാക്കിയാക്കിയാണ് പൊന്നമ്മയുടെ മടക്കം.
പത്തനംതിട്ടയിലെ കവിയൂരിൽ ടിപി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6 നാണ് പൊന്നമ്മ ജനിച്ചത്. അന്തരിച്ച നടി കവിയൂർ രേണുക അടക്കം ഇളയ ആറു സഹോദരങ്ങൾ കൂടിയുണ്ട്. പൊന്നമ്മയ്ക്ക് ഒരു വയസ്സുള്ളപ്പോൾ കവിയൂരിൽനിന്ന് കോട്ടയത്തെ പൊൻകുന്നത്തേക്കു താമസം മാറി. അച്ഛനിൽനിന്നു പകർന്നുകിട്ടിയ സംഗീതതാൽപര്യത്താൽ കുട്ടിക്കാലം തൊട്ടു സംഗീതം പഠിച്ചിരുന്നു. എംഎസ് സുബ്ബലക്ഷ്മിയെപ്പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു ആഗ്രഹം.
തോപ്പിൽ ഭാസിയുടെ ‘മൂലധന’ത്തിലാണ് കവിയൂർ പൊന്നമ്മ ആദ്യമായി പാടിയത്. പിന്നീട് അതേ നാടകത്തിൽ നായികയെ കിട്ടാതെ വന്നപ്പോൾ ഭാസിയുടെ നിർബന്ധത്താൽ നായികയാകേണ്ടിവന്നു. പിന്നെ കെപിഎസിയിലെ പ്രധാന നടിയായി മാറിയ പൊന്നമ്മ പ്രതിഭാ ആർടിസ്ക്ളബ് , കാളിദാസ കലാകേന്ദ്രം തുടങ്ങിയ നാടകസമിതികളിലും പ്രവർത്തിച്ചു. പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടർ, അൾത്താര, ജനനി ജന്മഭൂമി തുടങ്ങിയ നാടകങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. നാടകത്തിലൂടെയാണ് പൊന്നമ്മ സിനിമയിൽ എത്തുന്നത്. നിർമാല്യമായിരുന്നു പൊന്നമ്മയുടെ ശ്രദ്ദേയമായ സിനിമ.നിരൂപക ശ്രദ്ധ ഏറെ പിടിച്ചുപറ്റിയ വേഷമായിരുന്നു ഇതിൽ കവിയൂർ പൊന്നമ്മ അവതരിപ്പിച്ചത്.
Story Highlights : Actress kaviyoor ponnamma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here