സാധനം വൈകിയതിൽ സ്ത്രീയുടെ പരാതിയിൽ തുടങ്ങിയ തർക്കം; ഡെലിവറി ഏജൻ്റായ ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി
ഓൺലൈൻ ഡെലിവറി പാർട്ണറായ ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി. ചെന്നൈ കൊളത്തൂർ സ്വദേശി ബികോം വിദ്യാർത്ഥിയായ ജെ പവിത്രനാണ് മരിച്ചത്. വീട്ടുസാധനങ്ങൾ ഉപഭോക്താവിന് എത്തിച്ചുകൊടുക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് സ്ത്രീയുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റവും തുടർ നടപടികളുമാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
കൊരട്ടൂരിലെ താമസക്കാരിയായ സ്ത്രീയാണ് സെപ്തംബർ 11 ന് ഓൺലൈൻ വഴി വീട്ടുസാധനങ്ങൾ ഓർഡർ ചെയ്തത്. എന്നാൽ വീട് കണ്ടെത്താൻ പവിത്രൻ ഏറെ പ്രയാസപ്പെട്ടു. ഇതോടെ സമയം വൈകി. എങ്കിലും സാധനങ്ങൾ ആവശ്യക്കാരന് വീട്ടിൽ തന്നെ എത്തിച്ചുനൽകി. പക്ഷെ രോഷാകുലയായ സ്ത്രീ പവിത്രനോട് അപമര്യാദയായി പെരുമാറിയെന്നും ഓൺലൈൻ ഡെലിവറി കമ്പനിക്ക് പരാതി നൽകിയെന്നുമാണ് പൊലീസ് പറയുന്നത്. സ്ത്രീയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
തൻ്റെ വീട്ടിലേക്ക് സാധനങ്ങളുമായി ഇനി പവിത്രനെ പറഞ്ഞയക്കരുതെന്നാണ് സ്ത്രീ കമ്പനിക്ക് നൽകിയ ഔദ്യോഗിക പരാതിയിൽ ആവശ്യപ്പെട്ടത്. ഇതിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇത് നടന്ന് രണ്ട് ദിവസത്തിന് ശേഷം പരാതിക്കാരിയുടെ വീടിന് മുന്നിലെത്തിയ പവിത്രൻ വീടിന് നേർക്ക് കല്ലെറിഞ്ഞു. ജനൽചില്ല് പൊട്ടി. സംഭവത്തിൽ സ്ത്രീ പൊലീസിന് പരാതി നൽകി. പവിത്രനെ വിളിച്ചുവരുത്തിയ പൊലീസ് യുവാവിന് ശക്തമായ താക്കീത് നൽകിയ ശേഷം കേസെടുക്കാതെ തിരിച്ചുവിട്ടു. എല്ലാ പ്രശ്നവും അവിടെ തീരുമെന്നാണ് പവിത്രൻ്റെ കുടുംബവും കരുതിയത്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ കടുത്ത മനപ്രയാസത്തിലായിരുന്നു യുവാവ്. അഞ്ചാം ദിവസം കിടപ്പുമുറി പവിത്രൻ തുറക്കാതെ വന്നതോടെ വീട്ടുകാർ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ജോലി ചെയ്ത കമ്പനിയിൽ നിന്ന് യുവാവിനെതിരെ എടുത്ത നടപടിയടക്കം പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Story Highlights : Delivery executive dies by suicide after argument with customer over delayed groceries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here