സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ ഉലഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി; കുറ്റം തെളിഞ്ഞാല്‍ ടൂര്‍ണമെന്റുകളില്‍ നിന്ന് പുറത്തായേക്കും
ലോകത്തെ പ്രധാനപ്പെട്ട സോക്കര്‍ ക്ലബ്ബുകളിലൊന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി. എന്നാല്‍ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നേരിടുകയാണ് ഇപ്പോള്‍ ക്ലബ്ബ് അധികൃതര്‍. യൂറോപ്പിലെ പ്രമുഖ ടൂര്‍ണമെന്റായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ സാമ്പത്തിക ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് 115 കുറ്റങ്ങളാണ് സിറ്റിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കേസില്‍ വാദം കേള്‍ക്കല്‍ തുടങ്ങിയിട്ടുണ്ട്. വാദപ്രതിവാദങ്ങള്‍ ചുരുങ്ങിയത് രണ്ടര മാസം നീണ്ടുനില്‍ക്കുമെന്നാണ് വിവരം. ലണ്ടനിലെ അന്താരാഷ്ട്ര തര്‍ക്ക പരിഹാര കേന്ദ്രത്തില്‍ മാധ്യമങ്ങളെയും മറ്റും വിലക്കി തീര്‍ത്തും സ്വകാര്യമായാണ് വാദം കേള്‍ക്കല്‍.
എന്താണ് സിറ്റിക്കെതിരെയുള്ള കുറ്റങ്ങള്‍
2008-ല്‍ ക്ലബ്ബിനെ അബുദാബി രാജകുടുംബം വാങ്ങിയതിന് ശേഷം 2009 മുതല്‍ 2018 വരെയുള്ള കാലയളവില്‍, ഒമ്പത് വര്‍ഷത്തിനിടെ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച് ക്ലബ് അധികൃതര്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയെന്നാണ് പ്രീമിയര്‍ ലീഗ് അധികൃതര്‍ ഉയര്‍ത്തിയ പരാതി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ടൂര്‍ണമെന്റ് അധികൃതര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. ലീഗിന്റെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ അനുസരിച്ച് ഓരോ ക്ലബ്ബുകളും അവര്‍ സമ്പാദിക്കുന്നത് അത്യാവശ്യമായി ചെലവഴിക്കുകയും വാണിജ്യ ഇടപാടുകള്‍ നിയമാനുസൃതമായ മാര്‍ക്കറ്റ് മൂല്യത്തിലാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. എന്നാല്‍ ഇവയടക്കം നിരവധി കാര്യങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി വീഴ്ച്ച വരുത്തിയിട്ടുണ്ടെന്നാണ് പ്രീമിയര്‍ ലീഗ് അധികാരികള്‍ ആരോപിച്ചിരിക്കുന്നത്.
Read Also: അടിക്ക് തിരിച്ചടിയുമായി സിറ്റി- ലെപ്‌സിഗ് മത്സരം; പോർട്ടോക്ക് എതിരെ ഇന്റർ മിലാന് വിജയം
ജര്‍മ്മന്‍ മാഗസിന്‍ ആയ ‘ഡെര്‍ സ്പീഗല്‍’ സിറ്റിയുടെ ഇ-മെയിലുകള്‍ അടക്കമുള്ള രേഖകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ക്ലബ്ബിന്റെ ഇ-മെയിലുകളും രേഖകളും ഹാക്ക് ചെയ്തതിന് ശേഷമാണ് സിറ്റിക്കെതിരെ കുറ്റം ചുമത്തിയത്. വരുമാന സ്രോതസ്സ് മറച്ചുവെക്കാനുള്ള ശ്രമങ്ങള്‍ രേഖകളില്‍ തെളിഞ്ഞതായി ടൂര്‍ണമെന്റ് അധികാരികള്‍ ആരോപിച്ചിരുന്നു. 2008-ല്‍ അബുദാബി യുണൈറ്റഡ് ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം ചാമ്പ്യന്‍സ് ലീഗ് അടക്കം എട്ട് പ്രധാന കിരീടങ്ങള്‍ മാഞ്ചസ്റ്റര്‍ സിറ്റി നേടിയിട്ടുണ്ട്. ലോകത്തിലെ ഒന്നാംനമ്പര്‍ താരങ്ങളെ ക്ലബ്ബിലെത്തിക്കുന്നതിനും സിറ്റി മുന്‍നിരയിലാണ്. അതേ സമയം പ്രീമിയര്‍ ലീഗ് അധികാരികള്‍ ക്ലബ്ബിനെതിരെ ഉന്നയിച്ചിട്ടുള്ള പരാതിയില്‍ കഴമ്പില്ലെന്നും സാമ്പത്തിക ഫെയര്‍ പ്ലേ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നുമാണ് സിറ്റിയുടെ വാദം. കുറ്റം തെളിയിക്കാനായാല്‍ പ്രീമിയര്‍ ലീഗ്, യുവേഫ ചാമ്പ്യന്‍സ് ട്രോഫി തുടങ്ങിയ വന്‍കിട ടൂര്‍ണമെന്റുകളിലേക്കുള്ള പ്രവേശനം വിലക്കാനാണ് സാധ്യത.
Story Highlights : Manchester City financial fair play issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here