Advertisement

പേജർ പൊട്ടിത്തെറി: ആരാണ് റിൻസൺ ജോസ്? എന്താണ് ഈ മലയാളി യുവാവിന്റെ പങ്ക്?

September 20, 2024
Google News 4 minutes Read

ലോകം അമ്പരന്ന ചരിത്രത്തിലെ തന്നെ ആദ്യത്തെ ഇലക്ട്രോണിക് ആക്രമണ പരമ്പരയുടെ ഞെട്ടൽ വിട്ടുമാറും മുൻപാണ്, കേരളത്തെ ഞെട്ടിച്ച് വിവാദ വിഷയത്തിൽ ഒരു മലയാളിയുടെ പേര് ഉയർന്നു കേട്ടത്. റിൻസൺ ജോസ് എന്ന വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശിയായ യുവാവിന് പേജർ പൊട്ടിത്തെറിയിൽ ബന്ധമുണ്ടോയെന്നാണ് സംശയിക്കപ്പെടുന്നത്. ഒരു പരസ്യ പ്രതികരണത്തിനും തയ്യാറാകാത്ത ഇദ്ദേഹം ഇപ്പോൾ എവിടെയാണെന്ന് ബന്ധുക്കൾക്ക് അറിയില്ല. അമേരിക്കയിലേക്ക് കടന്നതായി സുഹൃത്തുക്കൾ പറയുമ്പോൾ ഹങ്കറിയിൽ ഇദ്ദേഹത്തെ സുരക്ഷിതമായ സ്ഥലത്തേക്ക് ഏജൻസികൾ മാറ്റിയെന്നും പറയപ്പെടുന്നു.

ഉപരി പഠനത്തിനായി വിദേശത്തേക്ക് പോയ ആയിരക്കണക്കിന് മലയാളികളിൽ ഒരാളായിരുന്നു കഴിഞ്ഞ ദിവസം വരെ റിൻസൺ. 10 വർഷം മുൻപ് യുകെയിൽ പോയ അദ്ദേഹം കുറച്ചു കാലം അവിടെ ജോലി ചെയ്ത ശേഷമാണ് നോർവേയിലേക്ക് കുടിയേറിയത്. നോർവേയിലെത്തിയ ഇദ്ദേഹം ഇവിടെ പുതിയ ജോലിയും നേടി. ഡിഎൻ മീഡിയ എന്ന സ്ഥാപനത്തിൽ ഇപ്പോൾ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് നോർവേ പൗരത്വം ഉണ്ട്. നോർട്ട ഗ്ലോബൽ ലിമിറ്റഡ് എന്ന ഷെൽ കമ്പനി ഇതിനിടെ റിൻസൺ ബൾഗേരിയയിലെ സോഫിയ ആസ്ഥാനമായി രജിസ്റ്റ‍ർ ചെയ്തിരുന്നു. ഇതൊരു കടലാസ് കമ്പനിയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read Also: ലെബനനിലെ പേജർ സ്ഫോടനം: മലയാളിയുടെ ബൾഗേറിയൻ കമ്പനിയിലേക്ക് അന്വേഷണം

റിൻസണും സ്ഫോടനവും തമ്മിൽ എന്ത്?

ലെബനോനിൽ ഇറാൻ്റെ പിന്തുണയോടെ പ്രവ‍ർത്തിക്കുന്ന സായുധ സേനാ വിഭാഗമാണ് ഹിസ്ബുല്ല. ഇവർ ഉപയോഗിക്കുന്ന 3000 ത്തോളം പേജറുകളാണ് കഴിഞ്ഞ ദിവസം ഒരേ സമയം പൊട്ടിത്തെറിച്ചത്. ആസൂത്രിത ആക്രമണമാണ് നടന്നതെന്നും സംഭവത്തിന് പിന്നിൽ ഇസ്രയേലാണെന്നും ആരോപിച്ച ഹിസ്ബുല്ല വിശദമായ അന്വേഷണം നടത്തി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹിസ്ബുല്ല തായ്‌വാൻ കമ്പനി ഗോൾഡ് അപ്പോളോയിൽ നിന്ന് 5000 ത്തോളം പേജറുകൾ വാങ്ങിയതെന്ന കാര്യം പുറത്തുവന്നത് ഇതിന് പിന്നാലെ.

എന്നാൽ പേജറുകൾ നിർമ്മിച്ചത് തങ്ങളല്ലെന്ന് ഗോൾഡ് അപ്പോളോ വ്യക്തമാക്കി. ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന ബിഎസി എന്ന കമ്പനിയാണ് പേജറുകൾ നിർമ്മിച്ചതെന്നാണ് ഇവർ വെളിപ്പെടുത്തിയത്. ഇതോടെ അന്വേഷണം ഹങ്കറിയിലേക്ക് നീങ്ങി. ക്രിസ്റ്റിന അർസിഡിയാൻകോനോ ബാർസോണി എന്ന 49 കാരിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടേതായി ആകെ കണ്ടെത്താനായത് ഒരു ഒഴിഞ്ഞ കെട്ടിടവും കമ്പനിയുടെ പേരെഴുതിയ എ4 സൈസ് പേപ്പർ വലിപ്പത്തിലുള്ള ഒരു ബോർഡും മാത്രം. ക്രിസ്റ്റീനയെ സംഭവത്തിന് പിന്നാലെ കാണാതായതോടെ അന്വേഷണം കമ്പനിയുടെ പ്രവർത്തനങ്ങളെ കുറിച്ചായി.

ഈ ഘട്ടത്തിലാണ് റിൻസൻ്റെ ഉടമസ്ഥതയിലുള്ള നോർട്ട ഗ്ലോബൽ ലിമിറ്റഡ് അന്വേഷണത്തിലേക്ക് വരുന്നത്. ബിഎസിയുമായി 15 കോടിയുടെ സാമ്പത്തിക ഇടപാട് നടന്നതാണ് ഇതിന് കാരണം. പേജർ നിർമ്മിച്ച കമ്പനിയെന്ന് പറയപ്പെടുന്ന ബിഎസിക്ക് രണ്ട് കമ്പനികളിൽ നിന്നാണ് പണമെത്തിയത്. ഇതിൽ ഒന്നാണ് റിൻസൻറെ നോർട ഗ്ലോബൽ ലിമിറ്റഡ്. ബൾഗേരിയ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത ഈ കമ്പനി ആരംഭിച്ചത് 2022 ഏപ്രിൽ മാസത്തിലാണ്. പ്രൊജക്ട് മാനേജ്മെൻ്റാണ് തങ്ങൾ പ്രവ‍ർത്തിക്കുന്ന മേഖലയെന്നാണ് കമ്പനി രേഖകൾ വ്യക്തമാക്കുന്നത്. യാതൊരു ഉൽപ്പന്ന നിർമ്മാണവും ഇവർ നടത്തുന്നില്ല. കമ്പനിയുടെ വിലാസം ഇത് വെറുമൊരു കടലാസ് കമ്പനിയാണെന്ന് അടിവരയിട്ട് അടയാളപ്പെടുത്തുന്നു.

Read Also: പേജർ പൊട്ടിത്തെറി: റേഡിയോ സിഗ്നൽ വഴി ബാറ്ററി ചൂടാക്കി പൊട്ടിച്ചതോ അല്ല സ്ഫോടക വസ്തുവോ? ഉത്തരം തേടി ഹിസ്ബുല്ല

അന്വേഷണം നടക്കുന്നു, റിൻസണെ കാണാതാവുന്നു

റിൻസൻ്റെ കമ്പനി പ്രതിക്കൂട്ടിലേക്ക് വന്നതോടെയാണ് ബൾഗേരിയയിലെ നാഷണൽ സെക്യൂരിറ്റി എന്ന അന്വേഷണ ഏജൻസി പരിശോധനകളിലേക്ക് കടന്നത്. നാഷണൽ റവന്യൂ ഏജൻസിയുമായി ചേർന്ന് നടത്തിയ ഈ സംയുക്ത അന്വേഷണത്തിൽ റിൻസണോ കമ്പനിക്കോ പേജർ സ്ഫോടനങ്ങളിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. രാജ്യത്തെ നിയമം പാലിച്ചുള്ള പണമിടപാട് മാത്രമാണ് റിന്‍സന്‍റെ കമ്പനി നടത്തിയിട്ടുള്ളുവെന്നും ഭീകര പട്ടികയിലുള്ള സംഘടനകളുമായോ സ്ഥാപനങ്ങളുമായോ കമ്പനി ഇടപാട് നടത്തിയതായി തെളിവില്ലെന്നും ബള്‍ഗേറിയൻ അന്വേഷണ ഏജന്‍സി അറിയിച്ചു. എന്നാൽ റിൻസൺ എവിടെയെന്ന ചോദ്യത്തിന് ഉത്തരം ഇവർ നൽകിയില്ല.

ഹങ്കറിയിൽ ബിഎസി കമ്പനിയും ഏറെക്കുറെ ഇതേ നിലയിലാണ് പ്രവർത്തിക്കുന്നത്. വെറുമൊരു ആസ്ഥാന കെട്ടിടം ഉണ്ടെന്നല്ലാതെ ഇവർ ഏതെങ്കിലും ഉപകരണം നിർമ്മിക്കുന്നതായി തെളിവില്ല. എന്നാൽ കാര്യങ്ങൾ വിശദീകരിക്കേണ്ട ക്രിസ്റ്റിന അർസിഡിയാൻകോനോ ബാർസോണി എന്ന കമ്പനിയുടമ ഒന്നും പറഞ്ഞില്ല. സെപ്റ്റംബർ 17 മുതൽ ഇവരെ കാണാതായി. ഹങ്കറിയിൽ സുരക്ഷിത താവളത്തിലേക്ക് ക്രിസ്റ്റിനയെ മാറ്റിയെന്നാണ് വിവരം. ഇതേ ദിവസം തന്നെയാണ് റിൻസണെയും കാണാതായത്. നോർവേ പൗരനായ റിൻസണെയും സുരക്ഷിത താവളത്തിലേക്ക് മാറ്റിയതാകാമെന്ന് കരുതുന്നു. എന്നാൽ ബന്ധുക്കൾക്ക് ഇതേപ്പറ്റി യാതൊരു വിവരവുമില്ല.

മാസങ്ങളോളം നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഹിസ്ബുല്ലയുടെ പേജറുകൾ തകർത്ത് മൂവായിരത്തോളം പേരെ ഒരേ സമയം ആക്രമിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന ആരോപണം ബലപ്പെടുന്നുണ്ട്. പക്ഷെ അതിന് പിന്നിൽ റിൻസണും ഉൾപ്പെട്ടിട്ടുണ്ടോ, അല്ല റിൻസൺ കരുവാക്കപ്പെട്ടതാണോ, റിൻസൺ എവിടെയാണ് തുടങ്ങി അനവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല നൽകിയ മുന്നറിയിപ്പ് റിൻസണിൻ്റെ ജീവനും ഭീഷണിയാണ്.

Story Highlights : The investigation has now shifted focus to Norta Global Ltd., a shell company based in Sofia, Bulgaria, owned by Norwegian citizen Rinson Jose, hailed from Wayanad, Kerala.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here