‘ക്യാമറകള്‍ എടുത്ത് ഈ നിമിഷം ഓഫീസ് വിടണം’; വെസ്റ്റ് ബാങ്കിലെ അല്‍ ജസീറ ഓഫീസില്‍ ഇസ്രയേല്‍ റെയ്ഡ്
ഖത്തറിന്റെ അധീനതയിലുള്ള സാറ്റലൈറ്റ് വാര്‍ത്താ ചാനലായ അല്‍ ജസീറയുടെ വെസ്റ്റ്ബാങ്കിലെ ഓഫീസില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ റെയ്ഡ്. ഓഫീസ് അടച്ചുപൂട്ടാനും സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. മാസ്‌ക് ധരിച്ച ആയുധധാരികളായ സൈനികര്‍ ഓഫീസിലേക്ക് പ്രവേശിക്കുകയും ചാനലിന്റെ വെസ്റ്റ്ബാങ്ക് ബ്യൂറോ അടച്ചു പൂട്ടണമെന്ന് ബ്യൂറോ ചീഫ് വാലിദ് അല്‍ ഒമരിയോട് ആവശ്യപ്പെടുകയുമായിരുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓഫീസില്‍ ഇസ്രയേല്‍ സൈന്യം പരിശോധന നടത്തുന്നതിന്റെ ദൃശ്യം ചാനല്‍ തത്സമയം സംപ്രേക്ഷണം ചെയ്തു. 45 ദിവസത്തേക്ക് അല്‍ ജസീറ ഇവിടെ അടച്ചു പൂട്ടണമെന്ന് കോടതി വിധി ഉണ്ടെന്ന് ഒരു ഇസ്രയേല്‍ സൈനികന്‍ പറഞ്ഞതായും ഇവര്‍ പറയുന്നു. എല്ലാ ക്യാമറകളും എടുത്ത് ഈ നിമിഷം തന്നെ ഓഫീസ് വിടാനാണ് സൈനികന്‍ പറഞ്ഞതെന്ന് റിപ്പോര്‍ട്ടുണ്ട്.
Read Also: ലെബനനിലെ പേജർ സ്ഫോടനം: മലയാളിയുടെ ബൾഗേറിയൻ കമ്പനിയിലേക്ക് അന്വേഷണം
നിരോധനത്തെ അല്‍ ജസീറ അപലപിച്ചു. മനുഷ്യാവകാശങ്ങളും വിവരങ്ങള്‍ അറിയുന്നതിനുള്ള അടിസ്ഥാന അവകാശവും ലംഘിക്കുന്ന ക്രിമിനല്‍ നടപടിയെന്നാണ് അല്‍ ജസീറ വ്യക്തമാക്കിയത്. ഗാസ സ്ട്രിപ്പിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മൂടി വെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഇവര്‍ ആരോപിച്ചു. മെയ് മാസത്തില്‍ രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ഇസ്രയേല്‍ അല്‍ ജസീറയെ വിലക്കിയിരുന്നു. ദേശീയ സുരക്ഷയ്ക്ക് ഭീഷണി എന്നായിരുന്നു ആരോപണം. മെയില്‍ തന്നെ ചാനല്‍ ഓഫീസായി ഉപയോഗിക്കുന്ന ജെറുസലേമിലെ ഹോട്ടല്‍ മുറിയും റെയ്ഡ് ചെയ്തിരുന്നു.
Story Highlights : Israel Raids Al Jazeera’s West Bank Office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here