ഗംഗാവാലി പുഴയില്‍ നിന്ന് കണ്ടെത്തിയ സ്‌കൂട്ടര്‍ പ്രദേശത്ത് കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ഭാര്യയുടേത്: സ്ഥിരീകരിച്ച് ബന്ധുക്കള്‍
ഷിരൂര്‍ ഗംഗാവാലി പുഴയില്‍ നിന്ന് കണ്ടെത്തിയ സ്‌കൂട്ടര്‍ പ്രദേശത്ത് കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ഭാര്യയുടേതെന്ന് ബന്ധുക്കള്‍. ദുരന്ത മേഖലയില്‍ പുഴയില്‍ നിന്നൊരു സ്‌കൂട്ടര്‍ ഉയര്‍ത്തി എന്ന വിവരത്തെ തുടര്‍ന്നാണ് ബന്ധുക്കള്‍ എത്തിയത്. കറുത്ത ആക്ടീവ സ്‌കൂട്ടറാണ് പുഴയില്‍ നിന്ന് ലഭിച്ചത്. വണ്ടി ചതഞ്ഞരഞ്ഞ നിലയിലാണ്. ഈ സ്‌കൂട്ടറിലാണ് കുട്ടികളെ പഠിക്കാന്‍ ഉള്‍പ്പടെ കൊണ്ടുപോയിരുന്നതെന്ന് ബന്ധുക്കള്‍ ഓര്‍ത്തെടുത്തു. നിറകണ്ണുകളോടെയാണ് ഇവരുടെ ബന്ധുക്കള്‍ സ്‌കൂട്ടര്‍ നോക്കി നിന്നത്. സ്‌കൂട്ടര്‍ അടിത്തട്ടില്‍ കണ്ടെത്തിയെന്ന് പറഞ്ഞപ്പോള്‍ തന്നെ പ്രദേശവാസികള്‍ അത് ലക്ഷ്മണിന്റെ ഭാര്യയുടേതാകാം എന്ന സംശയം പറഞ്ഞിരുന്നു.
അതേസമയം, ഇനി ഷിരൂരിലേക്ക് തിരിച്ചുവരുന്നില്ലെന്ന് ഈശ്വര്‍ മാല്‍പേ വ്യക്തമാക്കി. അര്‍ജുന്റെ കുടുംബത്തിന് വാക്ക് നല്‍കിയിരുന്നുവെന്നും പക്ഷേ മടങ്ങുകയാണെന്നും മാല്‍പേ പറഞ്ഞു. അധികൃതരോട് വഴക്ക് കൂടി നില്‍ക്കാന്‍ വയ്യ. അര്‍ജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ഈശ്വര്‍ മാല്‍പെ വ്യക്തമാക്കി. പൊലീസ് താന്‍ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അതിനാല്‍ മടങ്ങുകയാണെന്നും ഈശ്വര്‍ മാല്‍പെ കൂട്ടിച്ചേര്‍ത്തു. അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് തന്നോട് പറഞ്ഞു. വിവരങ്ങള്‍ ആരോടും പറയരുതെന്നാണ് അവര്‍ പറയുന്നത്. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാല്‍ മാത്രമേ വരൂവെന്നും ഈശ്വര്‍ മാല്‍പെ വ്യക്തമാക്കി.
Read Also: ‘മാൽപെ പോയാലും കുഴപ്പമില്ല; അനുനയിപ്പിക്കില്ല’; കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ
ഈശ്വര്‍ മാല്‍പെയ്ക്ക് അനുമതി നല്‍കാത്തത് ഒരേ സമയം ഡ്രഡ്ജിങും ഡൈവിങ്ങും അപകടമായതിനാലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ വിശദീകരിച്ചിട്ടുണ്ട്. ഈശ്വര്‍ മല്‍പെയെ തിരിച്ചു വിളിക്കുമോ എന്ന ചോദ്യത്തിന് ഈ തിരച്ചില്‍ ദൗത്യത്തില്‍ തീരുമാനം എടുക്കുന്നത് എസ്പി ആണെന്നും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് തിരച്ചിലിന്റെ ഭാഗമാകും,ആവശ്യമെങ്കില്‍ നേവിയുടെ സഹായം തേടുമെന്നും കളക്ടര്‍ വ്യക്തമാക്കി.
Story Highlights : scooter from gangavali river
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here