സിദ്ദിഖിനെ ഒളിവിൽ കഴിയാൻ സഹായിക്കുന്നവർക്കെതിരെയും കേസെടുക്കാൻ നിർദ്ദേശം
ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഒളിവിൽപോയ നടൻ സിദ്ദിഖിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓൺ ആയി. ഹൈക്കോടതി ജാമ്യഹർജി തള്ളിയതിന് പിന്നാലെ നടന്റെ രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. അല്പസമയത്തിന് മുൻപ് രണ്ട് ഫോണുകളും ഓൺ ആയെങ്കിലും സിദ്ദിഖിന്റെ നമ്പർ രണ്ടും ബിസിയാണ് .
സിദ്ദിഖിനെതിരെ നടപടികൾ കടുപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് അന്വേഷണസംഘം. സഹായിക്കുന്നവർക്കെതിരെയും കേസെടുക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് അന്വേഷണ സംഘത്തലവൻ സ്പർജൻ കുമാർ. സിദ്ദിഖിനെ ഒളിവിൽ താമസിക്കാൻ സഹായിക്കുന്നവർക്കെതിരെയും കേസെടുക്കും. തിരച്ചിൽ നടത്തുന്നത് 6 സംഘങ്ങളാണ്.
സിദ്ദിഖിനെതിരെ സംസ്ഥാന സർക്കാർ തടസ ഹർജി നൽകും. ഇടക്കാല ഉത്തരവിനു മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകുക. അവസാന ശ്രമം എന്ന നിലയിലെ സിദ്ദിഖ് ഡൽഹിയിലെ മുതിർന്ന അഭിഭാഷകൻ വഴി സുപ്രീംകോടതിയിൽ ഹർജി നൽകാനാണ് ഒടുവിലെ തീരുമാനം.
Read Also: ബലാത്സംഗ കേസ്; സിദ്ദിഖിനായി വ്യാപക തിരച്ചിൽ; കാർ ആലപ്പുഴയിൽ കണ്ടതായി വിവരം
സിദ്ദിഖിന്റെ നീക്കത്തിനെതിരെ അതിജീവിത സുപ്രീംകോടതിയിൽ തടസഹർജി നൽകാൻ തീരുമാനിച്ചിരുന്നു. കേരളത്തിലെ അഭിഭാഷകൻ ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ സിദ്ദിഖ് നടത്തിയിട്ടുണ്ട്. ഡൽഹിയിലെ അഭിഭാഷകന് വിധിപ്പകർപ്പ് അയച്ചു നല്കുകയും വർഷങ്ങൾ മുമ്പ് നടന്ന സംഭവത്തിൽ സമീപകാലത്താണ് പരാതി നൽകിയത് എന്നതടക്കമുള്ള വിഷയങ്ങൾ സുപ്രീം കോടതിയിൽ ഉയർത്താനാണ് നടന്റെ നീക്കം.
അതേസമയം, പ്രത്യേക അന്വേഷണ സംഘം സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. ഫോണുകൾ ഓഫ് ആയിരുന്നതിനാൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലുകളും സിദ്ദിഖിന്‍റെ സുഹൃത്തുക്കളുടെ വീടുകളും കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജിതപ്പെടുത്തിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ അടിസ്ഥാനത്തിൽ യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. റിപ്പോർട്ട് പുറത്തുവന്നതോടെ സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ എല്ലാ ആർട്ടിസ്റ്റുകളും പരാതിയുമായി രംഗത്തെത്തിയിരുന്നു.
റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ധൈര്യം കിട്ടിയതെന്ന് സിദ്ദിഖിനെതിരെ പരാതി നൽകിയ യുവനടി പറഞ്ഞു.പരാതിക്കാരിയെ മോശമായി ചിത്രീകരിക്കാനാണ് നടൻ ശ്രമിക്കുന്നതെന്നും തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ഇരുവരും ഉണ്ടായിരുന്നതിന് തെളിവുകൾ ഉണ്ടെന്നും സർക്കാർ വാദിച്ചു.
Story Highlights : Siddique switched on the mobile phone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here