Advertisement

‘രാജ്യത്താകെ മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷഭരണം, അൻവർ കോടാലി കയ്യായി മാറി’; എം വി ജയരാജൻ

September 26, 2024
Google News 1 minute Read

വലതുപക്ഷത്തിന്‍റെ കോടാലി കയ്യായി പി വി അൻവർ മാറിയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഒക്കെത്തിരുന്ന് ചോര കുടിക്കുന്നത് പോലെ ആയിപ്പോയി അൻവറിന്റെ പ്രതികരണമെന്നും കോടിയേരി ബാലകൃഷ്ണനെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് അൻവർ നടത്തിയതെന്നും എംവി ജയരാജൻ ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

രാജ്യത്താകെ മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷഭരണം. അൻവർ ആക്ഷേപങ്ങൾ ഉന്നയിക്കുമ്പോൾ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിലും ക്രമസമാധാന പരിപാലനരംഗത്തും കേരളം ഒന്നാമതാണ്. ഇതൊന്നും അൻവർ കാണുന്നില്ലേ. ദേശീയ അന്തർദ്ദേശീയ പുരസ്‌കാരങ്ങൾ 46 എണ്ണമാണ് ഇതിനകം എൽഡിഎഫ് സർക്കാറിനെ തേടിയെത്തിയത്. അൻവർ ഇപ്പോൾ ഉന്നയിച്ചതുപോലെയുള്ള ആരോപണങ്ങൾ പാർലമെന്ററി പാർട്ടി യോഗത്തിൽ ഉന്നയിച്ചതല്ല.

മാപ്പർഹിക്കാത്ത കുറ്റമാണ് അൻവര്‍ ചെയ്തത്. അൻവറിന്‍റെ ആരോപണങ്ങള്‍ ആരെ സഹായിക്കാൻ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് എംവി ജയരാജൻ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. ഇപ്പോഴുള്ള വെളിപ്പെടുത്തലുകൾ ആർക്കുവേണ്ടിയാണെന്ന് അൻവർ പറയണമെന്നും ജനങ്ങൾ ആ ആരോപണങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യുമെന്നും എംവി ജയരാജൻ കുറിച്ചു.

എംവി ജയരാജന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റ്:

അൻവറിന്റെ ആരോപണങ്ങൾ ആരെ സഹായിക്കാൻ?

വലതുപക്ഷത്തിന്റെ കോടാലിക്കൈയായി പിവി അൻവർ മാറുന്നത് പ്രതിഷേധാർഹമാണ്. സിപിഐ(എം)ന്റെ പാർലമെന്ററി പാർട്ടിയുടെ ഭാഗമായ സ്വതന്ത്ര നിയമസഭാംഗമായ പി.വി. അൻവർ യുഡിഎഫിന്റെയും ബിജെപിയുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കോടാലിക്കൈയായി മാറുകയാണ് എന്ന് പറയാതെ വയ്യ. മാപ്പർഹിക്കാത്ത കുറ്റമാണ് അൻവർ ചെയ്തത്. എസ്പി ഓഫീസിന്റെ മുമ്പിലിരുന്ന ഒറ്റയാൻ സമരവും വാർത്താസമ്മേളനം നടത്തിയതിന് ശേഷം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതും അൻവർ നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടും തുടർച്ചയായി സർക്കാറിനെതിരെ പരസ്യമായി വിമർശനം ഉന്നയിക്കുന്നതും അൻവറിനെ ജയിപ്പിച്ച നിലമ്പൂരിലെ ജനങ്ങളോട് കാട്ടുന്ന മര്യാദയില്ലായ്മയാണ്.

ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയ നിഷ്‌കളങ്കനായിരുന്നു അൻവർ എന്നാണ് ചിലരെങ്കിലും കരുതിയത്. അത് ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രി രാജിവെക്കണമെന്നും മറ്റുമുള്ള അൻവറിന്റെ പ്രതികരണം തെളിയിക്കുന്നത്. തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രിയാണെന്നുവരെ മാധ്യമങ്ങൾക്ക് മുമ്പിൽ വിളമ്പാൻ അൻവറിനായി. ഇങ്ങനെ പറഞ്ഞ അൻവർ തന്നെ ജയിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന് പറയുകയും ചെയ്തു. ഒക്കത്തിരുന്ന് ചോരകുടിക്കുന്നതു പോലെ ആയിപ്പോയില്ലേ അൻവറിന്റെ പ്രതികരണം? യു.ഡി.എഫ്. നേതാക്കളെക്കാൾ ഇടതുവിരുദ്ധനായി അൻവർ മാറുകയാണോ? യശശ്ശരീരനായ കോടിയേരി ബാലകൃഷ്ണനെ പ്രകീർത്തിക്കുന്നതല്ല, അപമാനിക്കുന്നതാണ് അൻവറിന്റെ പ്രതികരണം. മാധ്യമങ്ങൾക്ക് മുമ്പിൽ എന്തും വിളിച്ചുപറയുന്ന അൻവറിന്റെ സ്വഭാവം കാണുമ്പോൾ എന്ത് സംഭവിച്ചു എന്നാണ് ജനങ്ങൾ അത്ഭുതപ്പെടുന്നത്.

രാജ്യത്താകെ മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷഭരണം. അൻവർ ആക്ഷേപങ്ങൾ ഉന്നയിക്കുമ്പോൾ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിലും ക്രമസമാധാന പരിപാലനരംഗത്തും കേരളം ഒന്നാമതാണ്. ഇതൊന്നും അൻവർ കാണുന്നില്ലേ. ദേശീയ അന്തർദ്ദേശീയ പുരസ്‌കാരങ്ങൾ 46 എണ്ണമാണ് ഇതിനകം എൽഡിഎഫ് സർക്കാറിനെ തേടിയെത്തിയത്. അൻവർ ഇപ്പോൾ ഉന്നയിച്ചതുപോലെയുള്ള ആരോപണങ്ങൾ പാർലമെന്ററി പാർട്ടി യോഗത്തിൽ ഉന്നയിച്ചതല്ല. ഇപ്പോഴുള്ള വെളിപ്പെടുത്തലുകൾ ആർക്കുവേണ്ടിയാണെന്ന് അൻവർ പറയണം. ജനങ്ങൾ ആ ആരോപണങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യും.
-എം.വി. ജയരാജൻ

Story Highlights : M V Jayarajan Against P V Anvar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here