പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ മുതൽ മൂന്ന് രൂപ വരെ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾക്ക് സാധിക്കും: ഇക്ര

രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പെട്രോൾ – ഡീസൽ വില രണ്ട് മുതൽ മൂന്ന് വരെ കുറയ്ക്കാൻ സാധിക്കുമെന്നും അതിനുള്ള സാധ്യതയുണ്ടെന്നും റേറ്റിങ് ഏജൻസി ഐസിആർഎ. കഴിഞ്ഞ ആഴ്ചകളിൽ എണ്ണക്കമ്പനികളുടെ മാർക്കറ്റിങ് മാർജിൻ മെച്ചപ്പെട്ടുവെന്നും ക്രൂഡ് ഓയിൽ വില കുറഞ്ഞിരിക്കുന്നത് അതിന് നേട്ടമായെന്നും ഇക്ര വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയെ അടിസ്ഥാനമാക്കി ഇക്ര നടത്തിയ വിലയിരുത്തൽ പ്രകാരം എണ്ണക്കമ്പനികൾക്ക് ഒരു ലിറ്റർ പെട്രോളിൽ നിന്ന് 15 രൂപയും ഡീസലിൽ നിന്ന് 12 രൂപയും അറ്റാദായം ലഭിക്കുന്നുണ്ട്.
ഈ മാസം ക്രൂഡ് ഓയിൽ ബാരലിന് 74 ഡോളർ നിരക്കിലാണ് ഇറക്കുമതി ചെയ്തത്. മാർച്ചിൽ ഇത് 83-84 ഡോളറായിരുന്നു. അന്നാണ് അവസാനമായി പെട്രോൾ – ഡീസൽ വില കുറച്ചത്. ലിറ്ററിന് 2 രൂപയായിരുന്നു അന്നത്തെ കുറവ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഈ നീക്കം നടത്തിയത്.
ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില കഴിഞ്ഞ മാസങ്ങളിൽ താഴേക്ക് പോയിരുന്നു. ഇതാണ് ഇപ്പോൾ പെട്രോൾ – ഡീസൽ വില കുറയുമെന്ന പ്രതീക്ഷക്ക് കാരണം. 2021 ന് ശേഷം പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നിവരൊന്നും വില വർധിപ്പിച്ചിരുന്നില്ല.
Story Highlights : oil companies can slash petrol and diesel prices by ₹2-3 says ICRA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here