Advertisement

കേരളാ ടൂറിസത്തിന് ദേശീയ പുരസ്‌കാരം: രാജ്യത്തെ മികച്ച ടൂറിസം വില്ലേജുകളായി കുമരകവും കടലുണ്ടിയും

September 27, 2024
Google News 2 minutes Read
kumarakom

ലോക ടൂറിസം ദിനത്തില്‍ കേരളാ ടൂറിസത്തിന് ദേശീയ പുരസ്‌കാരം. രണ്ട് പുരസ്‌കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതി നടപ്പിലാക്കിയ കുമരകവും കടലുണ്ടിയും രാജ്യത്തെ മികച്ച ടൂറിസം വില്ലേജുകളായി തിരഞ്ഞെടുക്കപ്പെട്ടു. കടലുണ്ടിക്ക് മികച്ച റെസ്‌പോണ്‍സിബിള്‍ ടൂറിസം വില്ലേജ് അവാര്‍ഡും കുമരകത്തിന് മികച്ച അഗ്രി ടൂറിസം വില്ലേജ് അവാര്‍ഡുമാണ് ലഭിച്ചത്.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന് ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്‌കാരം ലഭിക്കുന്നത്. കഴിഞ്ഞ തവണ ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയതോടെ കാന്തല്ലൂരിന് സുവര്‍ണ്ണ പുരസ്‌കാരം ലഭിച്ചിരുന്നു.ന്യൂഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കറിന്റെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കേരള റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാര്‍, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുഷ വി. വി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

കടലുണ്ടിയെ ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കുന്നതിനുള്ള ആര്‍ ടി മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ വിഭാഗത്തില്‍ കടലുണ്ടിയെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമേല്‍പ്പിക്കാതെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ വിനോദ സഞ്ചാരം വിജയകരമായി നടപ്പാക്കുന്നതിനാണ് കുമരകത്തിന് പുരസ്‌കാരം.

വ്യത്യസ്ത പരിശീലനങ്ങളായ തുണിസഞ്ചി, പേപ്പര്‍ബാഗ്, വിത്ത് പേന, ഗ്രീന്‍ ഡെസ്റ്റിനേഷന്‍ പ്രോട്ടോകോള്‍ എന്നിവയിലൂടെ 300-ലേറെ ആളുകള്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കി. ടൂറിസ്റ്റുകള്‍ക്ക് കുക്കിംഗ് എക്‌സ്പീരിയന്‍സ് നല്‍കിക്കൊണ്ട് ഭക്ഷണം ആസ്വദിക്കാന്‍ അവസരം നല്‍കുന്ന എക്‌സ്പീരിയന്‍സ് എത്‌നിക് ക്യൂസീന്‍ യൂണിറ്റുകളും കടലുണ്ടിയിലുണ്ട്.

Read Also: ‘എന്റെ കേരളം എന്നും സുന്ദരം’; സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിച്ച് പ്രചാരണ വിഡിയോ

ഇന്ത്യയില്‍ ആദ്യം ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സ്ഥലമാണ് കുമരകം. ലോകം ശ്രദ്ധിച്ച കേരള മോഡല്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസത്തിന്റെ എല്ലാ മാതൃകകളും കുമരകത്തിന്റെ സംഭാവനയാണ്. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും ഉപാധിയായി ഉത്തരവാദിത്ത ടൂറിസത്തെ മാറ്റാമെന്ന് തെളിയിച്ച നാടാണ് കുമരകം. കാര്‍ഷിക പ്രവര്‍ത്തനങ്ങളെ ടൂറിസ്റ്റുകള്‍ക്ക് ആസ്വാദ്യകരമാക്കിയ ഫാമിങ്ങ് എക്‌സ്പീരിയന്‍സ്, ഫിഷിങ്ങ് എക്‌സ്പീരിയന്‍സ്, എ ഡേ വിത്ത് ഫാര്‍മര്‍ തുടങ്ങി നിരവധി അനുഭവവേദ്യ ടൂര്‍ പാക്കേജുകള്‍ കുമരകത്ത് നടന്ന് വരുന്നു. ഗ്രാമീണ ടൂറിസം പാക്കേജുകളാണ് മറ്റൊരു പ്രധാന ആകര്‍ഷണം.

കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം റിസോര്‍ട്ടുകളുമായി ബന്ധിപ്പിച്ച് നടപ്പാക്കുന്നതും കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ പ്രത്യേകതയാണ്. പാട ശേഖരത്തിലൂടെ നടത്തം മുതല്‍ എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളും ടൂര്‍ പാക്കേജിന്റെ ഭാഗമാകുന്നതും കുമരകത്തിന്റെ പ്രത്യേകതയാണ്.

ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇതുമായി ബന്ധപ്പെട്ട സന്തോഷം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. കേരള റെസ്‌പോസിബിള്‍ ടൂറിസം മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

Story Highlights : national tourism award for Kerala Tourism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here