നേപ്പാൾ പ്രളയം: മരണസംഖ്യ ഉയരുന്നു, 170 പേർ മരിച്ചു, 42 പേരെ കാണാനില്ല
നേപ്പാളിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 170 ആയി. മഴയിൽ 42 പേരെ കാണാതായതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച മുതൽ കിഴക്കൻ, മധ്യ നേപ്പാളിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. പ്രകൃതി ദുരന്തത്തിൽ 111 പേർക്ക് പരുക്കേറ്റേട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഋഷിറാം പൊഖാരെൽ അറിയിച്ചു.
വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 4,000 പേരെ നേപ്പാൾ സൈന്യവും നേപ്പാൾ പോലീസും സായുധ പോലീസ് സേനാംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തിയതായി പൊഖാരെൽ പറഞ്ഞു. ദുരിതബാധിതർക്ക് ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ ആവശ്യമായ എല്ലാ സാമഗ്രികളും വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാഠ്മണ്ഡുവിനെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന ലാൻഡ് റൂട്ടായ ത്രിഭുവൻ ഹൈവേയിൽ ഗതാഗതം പുനരാരംഭിച്ചതായി പൊഖാരെൽ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ നേപ്പാളിലുടനീളം 322 വീടുകളും 16 പാലങ്ങളും തകർന്നു. കാഠ്മണ്ഡുവിനോട് അതിർത്തി പങ്കിടുന്ന ധാഡിംഗ് ജില്ലയിൽ ശനിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ബസ് മണ്ണിനടിയിൽപ്പെട്ട് 19 പേർ മരിച്ചിരുന്നു.
ഭക്തപൂർ നഗരത്തിൽ മണ്ണിടിച്ചിലിൽ വീട് തകർന്ന് അഞ്ച് പേർ മരിച്ചു. മക്വാൻപൂരിൽ ഓൾ നേപ്പാൾ ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന പരിശീലന കേന്ദ്രത്തിലുണ്ടായ മണ്ണിടിച്ചിലിൽ ആറ് ഫുട്ബോൾ താരങ്ങളും മരിച്ചു.
Story Highlights : Heavy Rain Flood Continues in Nepal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here