എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍തന്നെ സൂക്ഷിക്കണം; ഹൈക്കോടതി നിർദേശം
സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനു വിട്ടുനൽകാതെ മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം. മൃതദേഹം പഠനത്തിനായി ഏറ്റെടുക്കാൻ എറണാകുളം മെഡിക്കൽ കോളജ് പ്രിന്‍സിപ്പൽ തീരുമാനമെടുത്ത ഹിയറിങ്ങിൽ വീഴ്ചയുണ്ടായെന്ന ആരോപണം പരിശോധിക്കാൻ കോടതി നിർദേശം നൽകി. വീണ്ടും ഹിയറിങ് നടത്താൻ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ മേധാവിയെ ചുമതലപ്പെടുത്താൻ കഴിയുമോ എന്ന് സർക്കാർ അറിയിക്കണം. ജസ്റ്റിസ് വി ജി അരുൺ വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും. മൃതദേഹം മെഡിക്കൽ കോളജിന് വിട്ടു നൽകുന്നതിനെതിരെ ലോറൻസിന്റെ മകൾ ആശയാണ് കോടതിയെ സമീപിച്ചത്.
ലോറൻസ് ഇടവക അംഗമാണെന്നും പള്ളിയിൽ സംസ്കരിക്കണമെന്നുമായിരുന്നു മകളായ ആശ ലോറന്‍സിന്റെ ആവശ്യം. മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കുന്നതിനു കൈമാറണമെന്ന് എം എം ലോറൻസ് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു എന്ന് മൂത്തമകൻ അഡ്വ എം എൽ സജീവനും രണ്ടാമത്തെ മകൾ സുജാതയും പറഞ്ഞതിനെതുടർന്നാണ് ആശ കോടതിയെ സമീപിക്കുന്നത്. മരണത്തിനു പിന്നാലേ ആശ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബന്ധുക്കളോട് സംസാരിച്ച് അന്തിമതീരുമാനംഎറണാകുളം മെഡിക്കൽ കോളേജിന് എടുക്കാമെന്ന ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു.
Read Also: മന്ത്രിസ്ഥാനം ഒഴിയാൻ തയ്യാറെന്ന് എ കെ ശശീന്ദ്രൻ
തുടര്‍ന്ന് മൃതദേഹം മതാചാരപ്രകാരം സംസ്‍കരിക്കണമെന്ന മകൾ ആശയുടെ ആവശ്യം കമ്മിറ്റി തള്ളുകയും മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാന്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. തന്റെ മൃതദേഹം വൈദ്യപഠനത്തിനു നൽകണമെന്ന് ലോറൻസ് വാക്കാൽ നിർദേശം നൽകിയിരുന്നതിന് സാക്ഷികളായ രണ്ട് ബന്ധുക്കൾ കമ്മിറ്റി മുൻപാകെ ഹാജരായിരുന്നു. തുടര്‍ന്നാണ് ആശ വീണ്ടും കോടതിയെ സമീപിച്ചത്.
സെപ്റ്റംബർ 21ന് കൊച്ചിയിൽ വച്ചായിരുന്നു എം എം ലോറൻസിന്റെ അന്ത്യം. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ഇടതുമുന്നണി കണ്‍വീനര്‍, ദീര്‍ഘകാലം എറണാകുളം ജില്ലാ സെക്രട്ടറി, രണ്ടുതവണ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 25 വര്‍ഷത്തിലേറെ അഖിലേന്ത്യാ സെക്രട്ടറി തുടങ്ങി ദീര്‍ഘകാലം സിപിഐഎമ്മിന്റെ കരുത്തുറ്റ നേതാവായിരുന്നു എം എം ലോറന്‍സ്.
Story Highlights : MM Lawrence’s body should be kept in the mortuary; High Court order
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here