ഇസ്രയേലിന് കനത്ത തിരിച്ചടി; ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലിൽ 8 സൈനികർ കൊല്ലപ്പെട്ടു
ലെബനോനിൽ ഹിസ്ബുല്ലയുമായി നേരിട്ട് ഏറ്റുമുട്ടി ഇസ്രയേൽ. ലെബനോൻ അതിർത്തി കടന്നുള്ള ഏറ്റുമുട്ടലിൽ ഇസ്രായേലിന്റെ എട്ട് സൈനികർ കൊല്ലപ്പെട്ടു. സൈനികർ കൊല്ലപ്പെട്ട വിവരം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ ആസ്ഥാനം, ആയുധ സംഭരണ കേന്ദ്രങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവ തകർത്തെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. വ്യോമസേനയ്ക്ക് ഒപ്പം കരയുദ്ധത്തിൽ നിരവധി ഹിസ്ബുല്ല പോരാളികളെ കൊലപ്പെടുത്തിയെന്നും ഇസ്രായേൽ അറിയിച്ചു.
ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. ലെബനനിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഇന്നലെ ഇറാന്റെ വിപ്ലവസേന ടെൽ അവീവ് ജെറുസലേം നഗരങ്ങളിലെ ലക്ഷ്യമിട്ട് ഇരുന്നൂറോളം മിസൈലുകൾ തൊടുത്തെങ്കിലും ഇതുവരെയും ഇസ്രയേൽ തിരിച്ചടിച്ചിട്ടില്ല. ജനവാസകേന്ദ്രങ്ങളായിരുന്നില്ല, മൊസാദ് ഉൾപ്പെടെ ഇസ്രയേലിന്റെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ മിസൈൽ വർഷം. മറുപടി കരുതലോടെ മതിയെന്നാണ് ഇസ്രയേൽ ക്യാബിനറ്റിന്റെ തീരുമാനം.
എണ്ണശുദ്ധീകരണശാലകളും ആണവനിലയങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് ഇസ്രയേൽ ആലോചന. ഇറാന്റെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയാൽ വീണ്ടും ഒറ്റപ്പെടുമെന്ന ആശങ്ക ഇസ്രയേലിനുണ്ട്. ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇസ്രയേലിന് നേരെ ഇറാന്റെ നേരിട്ടുള്ള ആക്രമണം. ഗസയിലും ലെബനനിലും യുദ്ധമുന്നറിയിപ്പുകൾ നൽകാത്ത അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്രയേലിന്റെ കാര്യത്തിൽ മാത്രം പുലർത്തുന്ന ജാഗ്രതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
Story Highlights : 8 Israeli soldiers killed in Lebanon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here